Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീര: ഉൽപാദകസംഘങ്ങളുടെ രക്ഷയ്ക്ക് കൃഷിവകുപ്പ്

neera

തിരുവനന്തപുരം ∙ വിപണി കണ്ടെത്താനാകാതെ പ്രതിസന്ധിയിലായ നീര ഉൽപാദകസംഘങ്ങളെ രക്ഷിക്കാൻ കൃഷിവകുപ്പിന്റെ ശ്രമം. നീരയുടെ നിർമാണത്തിനുള്ള സാങ്കേതികവിദ്യകൾ ഏകോപിപ്പിച്ച് ഒരേ നിലവാരത്തിലാക്കി വിപണിയിലെത്തിക്കാനുള്ള മാർഗങ്ങളെക്കുറിച്ചു പഠിക്കാൻ കാർഷികസർവകലാശാലയെ ചുമതലപ്പെടുത്തി.  

മൂന്നുവർഷം മുൻപു സംസ്ഥാന സർക്കാർ ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതി ഏറ്റെടുത്ത നാളികേര ഉൽപാദക സംഘങ്ങളാണ് വിപണിയിൽ തിരിച്ചടി നേരിടുന്നത്. നാളികേര വികസന ബോർഡാണു പദ്ധതിക്കു മുൻകയ്യെടുത്തത്. എന്നാൽ, രുചിവ്യത്യാസവും ഉയർന്ന വിലയും മൂലം വിപണിയിൽ വേണ്ടത്ര ശ്രദ്ധനേടാൻ നീരയ്ക്കു കഴിഞ്ഞില്ല.

വിപണി കണ്ടെത്താനും കർഷകരെ സഹായിക്കാനും സർക്കാരിന്റെ ഭാഗത്തു നിന്നു കാര്യമായി പിന്തുണയില്ലാതായതോടെയാണ് ഉൽപാദകസംഘങ്ങൾ പ്രതിസന്ധിയിലായത്. പ്രതിദിനം 40000 ലീറ്റർ നീര ഉൽപാദിപ്പിച്ച സ്ഥാനത്ത് ഇപ്പോൾ 10000 ലീറ്റർ വരെയായി. 

തുടർന്ന് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ അടുത്തിടെ ഉൽപാദകസംഘങ്ങളുടെ യോഗം വിളിച്ചിരുന്നു. ഒരു ബ്രാൻഡിൽ നീര വിതരണം ചെയ്യാനുള്ള പദ്ധതി യോഗത്തിൽ കൃഷിവകുപ്പ് മുന്നോട്ടുവച്ചിരുന്നു. നീര വിപണിയിലെത്തിക്കാനുള്ള ടെട്രാ പായ്ക്ക് യൂണിറ്റ് കൃഷിവകുപ്പ് തന്നെ സ്ഥാപിക്കാമെന്നും ഉറപ്പു നൽകിയിട്ടുണ്ട്.

നിലവിലെ പ്രതിസന്ധി‌

∙ നീര ഉൽപാദകസംഘങ്ങൾക്ക് വിപണി കണ്ടെത്താൻ സർക്കാർ സഹായം ലഭിക്കുന്നില്ല. 

∙ നീര ഉൽപാദകസംഘങ്ങൾ വൻ സാമ്പത്തികപ്രതിസന്ധിയിൽ. വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യം.

∙ ഏഴു സംഘങ്ങൾ നീര ഉൽപാദിപ്പിക്കുന്നത് വ്യത്യസ്ത രീതിയൽ. ഇതുമൂലം രുചിയിൽ വ്യത്യാസം. 

∙ നീര പായ്ക്കു ചെയ്യാനും സൂക്ഷിക്കാനുമുള്ള സാങ്കേതികവിദ്യ ചെലവേറിയത്. ഇതു നാളികേര സംഘങ്ങൾക്കു വഹിക്കാനാകില്ല. 

∙ നീര ചെത്തുന്നവരുടെ അഭാവം.

∙ നീര ഉൽപാദനത്തിനു നേതൃത്വം നൽകിയ നാളികേര വികസന ബോർഡിന് ഒരു വർഷത്തിലേറെയായി നാഥനില്ല.  കേന്ദ്ര കൃഷി വകുപ്പിലെ ഹോർട്ടികൾച്ചർ കമ്മിഷണർ കർണാടക സ്വദേശി ഡോ. ബി.എസ്.എൻ. മൂർത്തി ഡൽഹിയിലിരുന്നാണ് ബോർഡിന്റെ കാര്യങ്ങൾ നോക്കുന്നത്. ഇടയ്ക്ക് കൊച്ചിയിൽ വരുമെന്നു മാത്രം.  

∙ എക്സൈസ് വകുപ്പ് നീര ഉൽപാദന ലൈസൻസ് ഒരു വർഷത്തേക്കു മാത്രമാണു നൽകുന്നത്. ഓരോ വർഷവും പുതുക്കണം. പുതുക്കി കിട്ടാൻ കാലതാമസവും ഉണ്ടാവുന്നു.   

സർക്കാർ ചെയ്യേണ്ടത്

∙ നീര ഉൽപാദനത്തെ പ്രോൽസാഹിപ്പിക്കാനുള്ള വഴികളെക്കുറിച്ചു കാർഷികസർവകലാശാലയുടെ പഠനറിപ്പോർട്ട് എത്രയും പെട്ടെന്നു ലഭ്യമാക്കുക. 

∙ ഉൽപാദകസംഘങ്ങളെ വിളിച്ചുചേർത്ത് ശുപാർശകളിൽ തീരുമാനമെടുക്കുക. 

∙ നീര സുരക്ഷിതമായി വിപണിയിലെത്തിക്കാനുള്ള ടെട്രാ പായ്ക്ക് യൂണിറ്റുകൾ സർക്കാരിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുക. 

∙ നീര ടെട്രാപായ്ക്കിലാക്കി രാജ്യമാകെ വിൽക്കാൻ പാർലെ കമ്പനി മുന്നോട്ടു വന്നിട്ടുണ്ട്. ടെട്രാ പായ്ക്കുകളിലേക്ക് നേരിട്ട് നീര പകർന്ന് ഒരു വർഷം വരെ ഉപയോഗിക്കാവുന്ന രീതിയിൽ വിപണനം ചെയ്യും. എല്ലാ കമ്പനികളും ഉൽപാദിപ്പിക്കുന്ന നീര ഏറ്റെടുക്കാൻ അവർ തയാറാണെന്നു സർക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ആവശ്യമായ ചർച്ചകൾ നടത്തി ഉചിതമായ തീരുമാനമെടുക്കുക.