പുതുമകളുമായി ഗൂഗിൾ ഫോണുകൾ

സാൻ ഫ്രാൻസിസ്കോ ∙ ഹാർഡ്‌വെയർ രംഗത്തു ചുവടുറപ്പിച്ചുകൊണ്ടുള്ള തന്ത്രപ്രധാനമായ നീക്കത്തിനു കരുത്തേകി ഗൂഗിൾ പിക്സൽ ഫോണുകളുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു. പിക്സൽ 2, പിക്സൽ 2 എക്സ്എൽ എന്നീ ഫോണുകൾക്കു പുറമെ സ്മാർട് ഹോം സ്പീക്കറായ ഹോം മിനി, ഹോം മാക്സ്, പിക്സൽബുക്ക് (ലാപ്ടോപ്) പിക്സൽ ബഡ്സ് (വയർലെസ് ഇയർബഡ്സ്) ഡേ ഡ്രീം വ്യൂ (വിആർ ഹെഡ്സെറ്റ്), ഗൂഗിൾ ക്ലിപ്സ് (എഐ ക്യാമറ) എന്നിവയും അവതരിപ്പിച്ചു. സേർച്ച് എൻജിൻ, സോഫ്റ്റ്‍വെയർ കമ്പനിയായി അറിയപ്പെട്ടിരുന്ന ഗൂഗിൾ‌ ആദ്യമായാണ് ഇത്രയധികം ഹാർഡ്‌‍വെയർ ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നത്.

ആപ്പിൾ ഐഫോൺ ലോഞ്ചിനെ അനുസ്മരിപ്പിക്കും വിധം സംഘടിപ്പിക്കപ്പെട്ട ചടങ്ങ് ലക്ഷക്കണക്കിനാളുകളാണ് യു ട്യൂബിലൂടെ തൽസമയം കണ്ടത്. ഇ–സിം സംവിധാനത്തോടെ എത്തുന്ന ആദ്യ സ്മാർട് ഫോൺ ആണ് പിക്സൽ 2. സ്ക്രീൻ തെളിഞ്ഞു വരാൻ ഏതെങ്കിലും ബട്ടൺ അമർത്തുന്ന നിലവിലുള്ള ശൈലി ഗൂഗിൾ തിരുത്തുന്ന ഓൾവേയ്സ് ഓൾ ഡിസ്പ്ലേയാണ് ഫോണിലെ മറ്റൊരു പുതുമ. സ്ക്രീൻ ലോക്കായാലും ഡിസ്പ്ലേ തെളിഞ്ഞു നിൽക്കും.

ഐഫോണുകളിൽ നിന്നു വ്യത്യസ്തമായി പിക്സൽ 2, പിക്സൽ 2 എക്സ്എൽ എന്നീ രണ്ടു മോഡലുകളിലും ഒരേ മികവുകളാണ് ഗൂഗിൾ ഒരുക്കിയിട്ടുള്ളത്. പിക്സൽ 2ൽ 5 ഇഞ്ച് ഡിസ്പ്ലേയും പിക്സൽ 2 എക്സ്എല്ലിൽ 6 ഇഞ്ച് ഡിസ്പ്ലേയുമാണുള്ളത്. 4 ജിബി റാം ഉള്ള ഫോണുകൾ 64 ജിബി, 128 ജിബി മെമ്മറി ശേഷിയിൽ ലഭിക്കും. രണ്ടു മോഡലുകളിലും 12.2 മെഗാപിക്സൽ സിംഗിൾ ലെൻസ് റിയർ ക്യാമറയാണുള്ളത്. ആൻഡ്രോയ്ഡ് ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ ഗൂഗിളിന്റെ ഓഗ്‍മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യയായ എആർ കോറിന്റെ കരുത്തുമുണ്ട്.

ഇന്ത്യയിൽ ഫ്ലിപ്കാർട്ട് വഴി മാത്രമായിരിക്കും ഗൂഗിൾ പിക്സൽ ഫോണുകൾ വിൽക്കുക. പിക്സൽ 2 (64 ജിബി) – 61,000 രൂപ, 128 ജിബി – 70,000 രൂപ, പിക്സൽ 2 എക്സ്എൽ (64 ജിബി) – 73,000 രൂപ, 128 ജിബി – 82,000 രൂപ എന്നിങ്ങനെയാണു വില. ഒക്ടോബർ 26ന് പ്രീ ഓർഡർ ആരംഭിക്കുന്ന പിക്സൽ 2 നവംബർ ഒന്നു മുതലും പിക്സൽ 2 എക്സ്എൽ നവംബർ 15 മുതലും വാങ്ങാം.