Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിളിന്റെ മേഘത്തേരിന് കേരളത്തിന്റെ തേരാളി

kurian-brothers തോമസ് കുര്യനും (വലത്ത്) ജോർജ് കുര്യനും ഒരു വേദിയിൽ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ രാജ്യാന്തര ഐടി കമ്പനിയായ ഓറക്കിൾ കോർപറേഷന്റെ കലിഫോർണിയ ഓഫിസിൽ നിന്ന് കാറിൽ ഗൂഗിളിന്റെ മൗണ്ടൻ വ്യൂ ക്യാംപസിലെത്താൻ വെറും 17 കിലോമീറ്റർ മതി, പക്ഷേ പാമ്പാടി കോത്തല സ്വദേശിയും ഓറക്കിൾ കമ്പനിയിലെ രണ്ടാമനുമായ തോമസ് കുര്യൻ‌ ഗൂഗിൾ ക്ലൗഡ് മേധാവിയായി ചുമതലയേൽക്കുമ്പോൾ കേരളത്തിന്റെ അഭിമാനം കുതിച്ചുകയറുക ബഹുദൂരമാണ്. തോമസ് കുര്യന്റെ കഥ ഇരട്ട സഹോദരനും 550 കോടി ഡോളർ മൂല്യമുള്ള ക്ലൗഡ് കമ്പനിയായ നെറ്റ്‍ആപ്പിന്റെ സിഇഒ ജോർജ് കുര്യന്റേതു കൂടിയാണ്. കലിഫോർണിയയിൽ ഇരുവരുടെയും ഓഫിസുകൾക്ക് തമ്മിലുള്ള അകലം 30 കിലോമീറ്ററാണെങ്കിലും ഹൃദയങ്ങളുടെ അടുപ്പം സിലിക്കൺ വാലിയിൽ എഴുതി ചേർത്തതു പുതിയ ചരിത്രമാണ്. ഗൂഗിൾ ക്ലൗഡിന്റെ മേധാവിയാകുന്നതോടെ ഇരട്ട സഹോദരങ്ങൾ രണ്ട് പ്രമുഖ ക്ലൗഡ് കമ്പനികളെ നിയന്ത്രിക്കുന്നു എന്ന യാദൃച്ഛികത കൂടിയുണ്ട്.

കോട്ടയം പാമ്പാടി കോത്തല പുള്ളോലിക്കൽ പരേതനായ പി.സി. കുര്യന്റെയും അടൂർ ആരപ്പുരയിൽ കുടുംബാംഗമായ മോളി കുര്യന്റെയും മക്കളാണ് ഇരുവരും. ഇരട്ടകളായ ജോർജിനും തോമസിനും പുറമേ മൂത്തസഹോദരൻമാരായ ജേക്കബ് കുര്യനും മാത്യു കുര്യനും ബെംഗളൂരുവിലെ സെന്റ് ജോസഫ്സിലാണു സ്കൂൾ പഠനം നടത്തിയത്.

മദ്രാസ് ഐഐടിയിൽ എൻജിനീയറിങ്ങിനു ചേർന്ന ഇരുവർക്കും ഒരു മാസത്തിനുള്ളിൽ തന്നെ സ്‌കോളർഷിപ്പോടെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം ലഭിച്ചു. പഠിക്കാനുള്ള പണം കണ്ടെത്താൻ ഇരുവർ പല ജോലികളും ചെയ്തു. കാർ പാർക്ക് ചെയ്തു നൽകുന്ന ജോലിയും കഫേകളിലെ വെയ്റ്റർ പണിയുമൊക്കെ നോക്കി. കോളജ് കഴിഞ്ഞതോടെ ജോർജിന് ഓറക്കിളിൽ ജോലി കിട്ടി, തോമസിന് പ്രമുഖ കൺസൽറ്റിങ് സ്ഥാപനമായ മക്കെൻസിയിലും. കുറച്ചു വർഷം കഴിഞ്ഞതോടെ ഇരുവരും ഒരു കൗതുകത്തിന് അവരുടെ ജോലികൾ വച്ചുമാറാൻ തീരുമാനിച്ചു. അങ്ങനെ തോമസ് ഓറക്കിളിൽ എഞ്ചിനീയറായി എത്തി. സ്റ്റാൻഫഡിൽ നിന്നാണ് ഇരുവരും എംബിഎ പൂർത്തിയാക്കിയത്. ഇരുവരും വിവാഹം കഴിച്ചതും അമേരിക്കൻ സ്വദേശികളെ തന്നെ.‍

ഡേറ്റാബേസ്‌ ബിസിനസിൽ മാത്രം കാര്യമായി ശ്രദ്ധയൂന്നിയിരുന്ന ഓറക്കിളിനെ മിഡിൽവെയർ എന്ന ബിസിനസിലേക്ക് കൈപിടിച്ചുയർത്തിയത് തോമസ് കുര്യനായിരുന്നു. 20 വർഷത്തോളം ഓറക്കിളിന്റെ ഗവേഷണവിഭാഗത്തിന്റെ മേൽനോട്ടം വഹിച്ചു. പ്രമുഖ സോഫ്റ്റ്‍വെയർ കമ്പനിയായ ബിഇഎ സിസ്റ്റംസ് ഉൾപ്പെടെ ഒട്ടേറെ കമ്പനികളെയാണ് തോമസിന്റെ നേതൃത്വത്തിൽ ഓറക്കിൾ ഏറ്റെടുത്തത്. ഓറക്കിളിനെ സമ്പൂർണ ടെക്നോളജി കമ്പനിയാക്കി (എൻഡ് ടു എൻഡ് സൊല്യൂഷൻസ്) മാറ്റിയതിൽ തോമസിന്റെ പങ്ക് നിസ്തുലമാണ്.

എട്ടു വർഷത്തോളം ഓറക്കിൾ നിയമയുദ്ധം നടത്തിയ ഗൂഗിളിലേക്കാണ് തോമസ് കുര്യൻ ജോലിക്കെത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. ഗൂഗിൾ അവരുടെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കാൻ ജാവാ പ്രോഗ്രാമിങ് ഭാഷ ഉപയോഗിച്ചിരുന്നു. ജാവയുടെ ഉടമസ്ഥാവകാശം ഓറക്കിളിനായതിനാൽ ലൈസൻസില്ലാതെ ജാവ ഉപയോഗിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിനെതിരെ ഓറക്കിൾ വാളെടുത്തത്.

ലോകത്തിൽ ഏറ്റവുമധികം അറിയപ്പെടുന്ന ടെക്നോളജി പ്രമുഖരുടെ നിരയിലേക്കുയർന്ന തോമസ് കുര്യന്റെ അപാരമായ ഓർമശക്തിയെപ്പറ്റിയാണു ഓറക്കിളിൽ ഒപ്പം ജോലി ചെയ്തവർക്ക് പറയാനുള്ളത്. ഒരു മണിക്കൂർ പവർപോയിന്റ് പ്രസന്റേഷൻ ശ്രദ്ധിച്ചിരുന്ന ശേഷം 37–ാം സ്ലൈഡിലെ രണ്ടാം വരിയിലൊരു പ്രശ്നമുണ്ടല്ലോ എന്നു പറയും അദ്ദേഹം!

related stories