Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലാനൊരുക്കാം, ധൈര്യമായി, നിയമമറിഞ്ഞ്...

home-2

ആദ്യം ചെറിയ വീടുണ്ടാക്കി ഭാവിയിൽ വികസിപ്പിക്കാൻ കൂടിയുള്ള പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ, തറയുടെ ബലം, സ്റ്റെയർകേസിന് പൊസിഷൻ എന്നിവ ആദ്യമേ കണ്ടെത്തിയിരിക്കണം. ഭൂമിവില കുതിച്ചുയരുന്ന ഇക്കാലത്ത് ഓരോ ഇഞ്ചും ഫലപ്രദമായി ഉപയോഗിക്കാം. പഞ്ചായത്തിലോ കോർപറേഷനിലോ നിങ്ങൾ പ്ലാൻ സമർപ്പിക്കുമ്പോൾ വേണ്ട കാര്യങ്ങളിൽ പ്രധാനം ഡോക്യുമെന്റൽ എവിഡൻസ്, മൂന്നു സെറ്റ് പ്ലാൻ, കൈവശാവകാശ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, ലാൻഡ് സർട്ടിഫിക്കറ്റ് എന്നിവയാണ്.

ഇത്രയുമുണ്ടെങ്കിൽ നേരെ പ‍ഞ്ചായത്തിലേക്കു പോവാം. 30 ദിവസത്തിനുള്ളിൽ നിങ്ങൾക്കു കൃത്യമായ മറുപടി പഞ്ചായത്തിൽനിന്നു കിട്ടണമെന്നാണു നിയമം. 30 ദിവസത്തിനുള്ളിൽ അനുകൂലമായോ പ്രതികൂലമായോ മറുപടി ലഭിച്ചില്ലെങ്കിൽ നിങ്ങൾക്കു നിയമനടപടി എടുക്കാവുന്നതാണ്. ആദ്യഘട്ടമെന്ന നിലയ്ക്ക് 30 ദിവസത്തിനുള്ളിൽ മറുപടി കിട്ടിയില്ലെങ്കിൽ, അതത് ഏരിയ അനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റിനോ മേയർക്കോ മുനിസിപ്പൽ ചെയർമാനോ പരാതി കൊടുക്കാം.

278 സ്ക്വയർ മീറ്ററിൽ കൂടുതൽ ഉള്ള വീടുകൾ ആഡംബരവീടുകളുടെ ഗണത്തിൽ പെടുന്നു. നിലവിലെ നിയമപ്രകാരം ഒരാൾക്ക് ഓരോ നിലയ്ക്കും 10 മീറ്റർ വരെ ഉയരമുള്ള മൂന്നുനില വരെയുള്ള വീടിന്റെ പ്ലാൻ സമർപ്പിക്കാം. വീടു പണിയുമ്പോൾ മുൻവശത്ത് മൂന്നു മീറ്റർ, പിൻഭാഗത്ത് 2 മീറ്റർ, ഒരു വശത്ത് 1.5 മീറ്റർ, മറുവശത്ത് 1.20 മീറ്റർ എന്നിങ്ങനെ അകലം സൂക്ഷിക്കണം. ചെറിയ സ്ഥലമാണെങ്കിൽ രണ്ടു നിലയാണുണ്ടാക്കുന്നതെങ്കിൽ, 7 മീറ്റർ ഉയരം ഉണ്ടായിരിക്കണം. സ്ഥലം മുൻവശത്ത് മൂന്നു മീറ്റർ ദൂരം തന്നെ വിടുമ്പോൾ പിൻഭാഗത്ത് 1.5 മീറ്റർ ദൂരം മതി. വശങ്ങളുടെ കാര്യമെടുക്കുമ്പോൾ ഒരു വശത്ത് 1.20 മീറ്റർ ദൂരം മതിയെങ്കിൽ, മറുവശത്ത് ഒരു മീറ്റർ മതിയാവും.

വെന്റിലേഷൻ വയ്ക്കുന്നില്ലെങ്കിൽ ഈയൊരു വശത്തെ അളവ് തൊട്ടടുത്ത വീട്ടിൽ നിന്ന് 75 സെന്റി മീറ്റർ മാത്രം മതിയാവും. ഇനി ഇത്രയും സ്ഥലവിസ്തൃതി ഇല്ലെങ്കിൽ, അടുത്ത അയൽക്കാരനുമായി നല്ല ബന്ധമാണെങ്കിൽ, അയാൾക്കു സമ്മതമാണെങ്കിൽ ഈ അകലം തന്നെ വേണമെന്നില്ല. അയാളുടെ അതിരിനപ്പുറം വെള്ളമോ മാലിന്യങ്ങളോ കടക്കരുതെന്നു മാത്രം. ഇനി മൂന്നു സെന്റ് വരെയുള്ള സ്ഥലത്ത് പണിയുന്ന വീടുകളാണെങ്കിൽ, സ്ഥലപരിമിതി നല്ലവണ്ണം അനുഭവപ്പെടുന്നുണ്ടെങ്കിൽ മുൻവശത്ത് രണ്ടു മീറ്റർ ദൂരവും, പിൻവശത്ത് ഒരു മീറ്റർ ദൂരവും വിട്ടാൽ മതി. വശങ്ങളിൽ 90 സെന്റിമീറ്റർ, 60 സെന്റിമീറ്റർ എന്നിങ്ങനെ ദൂരം വിട്ടാലും മതിയാവും. അവിടെയും നല്ല അയൽക്കാരനാണെങ്കിൽ അകലം വേണമെന്നില്ല.

വീടുപണിയും 'ഷോ ഓഫും'..

എക്സ്റ്റീരിയർ ഭംഗിക്കുവേണ്ടി ബീമുകൾ, പർഗോളകൾ എന്നിവ ആധുനിക വീടുകളുടെ മുഖമുദ്രയായിക്കഴിഞ്ഞിരിക്കുന്നു. ആരു കണ്ടാലും ഒന്നു ഞെട്ടണം എന്ന വിചാരത്തോടെയാണ് ആളുകൾ വീടുപണിയുന്നതെന്നു തോന്നും. സൗകര്യത്തിലുപരി കൃത്രിമമായ സൗന്ദര്യം സൃഷ്ടിക്കുന്ന ഇത്തരം ‘മേക്അപ്പുകൾ ഒഴിവാക്കിയാൽ തന്നെ വീടിന് ആകർഷകത്വം കൂടും. അതുപോലെ കോണുകളും അനാവശ്യഭിത്തികളും ചെലവു കൂട്ടുക തന്നെ ചെയ്യും.

ലൈറ്റ് ഫിറ്റിങ്ങുകൾ വൈദ്യുതി കളയാനോ?

ഒരു മുറിക്കകത്തുതന്നെ വാം ലൈറ്റ്, കൂൾ ലൈറ്റ്, ഷാൻഡ്ലിയർ... അങ്ങനെ ലൈറ്റ് ഫിറ്റിങ്ങുകളിൽ എന്തെല്ലാം തരമാണുള്ളത്! പക്ഷേ, ഇതെല്ലാം വേണമെന്നു നിർബന്ധം പിടിക്കുമ്പോൾ കറന്റ് ബില്ല് റോക്കറ്റ് പോലെ പോയെന്നിരിക്കും. ആരംഭശൂരത്വത്തിന് പിടിപ്പിക്കുമെങ്കിലും ഇതിൽ പലതും പിന്നീട് മിക്കവരും ഉപയോഗിക്കാറില്ല. ഭംഗിക്കുവേണ്ടി ആവശ്യത്തിൽ കൂടുതൽ ലൈറ്റ് പോയിന്റുകളും ലൈറ്റ് ഫിറ്റിങ്ങുകളും ഉപയോഗിക്കുന്നതിനു മുമ്പ് ഭാവിയിലേക്ക് കണ്ണു തുറന്നു നോക്കണം. വൈദ്യുത ബില്ലിന്റെ കാര്യം മാത്രമല്ല, ഊർജനഷ്ടവും ഭീമമായിരിക്കും എന്നോർക്കണം.

പാനലിങ് അമിതമായാൽ?

ചുവരിന്റെ ഭംഗി കൂട്ടാൻ നിരവധി മാർഗങ്ങളുണ്ട്. പക്ഷേ, അമിതമായാൽ പാനലിങ്ങും അരോചകമാകുമെന്ന് പലരും മനസ്സിലാക്കാറില്ല. പരമ്പരാഗത വീടുകളുടെ ‘ലുക്ക് കിട്ടാൻ വേണ്ടി തടിയോ തടിയുടെ ഫിനിഷിലുള്ള മെറ്റീരിയലോ ഒട്ടിക്കുന്നത് പലപ്പോഴും വീടിന്റെ ഭംഗി കളയുകയാണ് ചെയ്യുന്നത്. പഴയ കാലത്തുണ്ടായിരുന്ന യഥാർഥ തടിഭിത്തികൾക്കു പകരമാവില്ലല്ലോ കട്ടകൊണ്ട് കെട്ടിയ ചുവരിൽ തടി ഒട്ടിച്ചുവയ്ക്കുന്നത്? തൂണുകൾക്കും പൂമുഖത്തിനുമെല്ലാം പാനലിങ്ങിന്റെ രണ്ടാം കുപ്പായം ഇടുവിക്കുന്ന പ്രവണത ഒഴിവാക്കാം.

കർട്ടനുകൾ സിനിമാ തിയറ്റർ പോലെ വേണോ?

കർട്ടനുകൾക്കുവേണ്ടി ആവശ്യത്തിലധികം പൈസ ചെലവഴിക്കുന്നവരാണ് ഭൂരിഭാഗം പേരും. ‘ഇന്നർ കർട്ടനും ‘ഔട്ടർ കർട്ടനും പുറമേ തൊങ്ങലുകളും തോരണങ്ങളുമൊക്കെയായി സിനിമാ തിയറ്ററിലെ കർട്ടനോടു സാമ്യപ്പെടുത്താവുന്നവ ഇപ്പോഴും ഉപയോഗിക്കുന്നവരുണ്ട്. കുടുംബത്തിന്റെ പ്രതാപം കാണിക്കുന്ന ഇത്തരം ഫർണിഷിങ്ങുകൾ ചെലവു കൂട്ടുന്നവ മാത്രമല്ല വൃത്തിയാക്കാനും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. ലളിതമായ കർട്ടനുകളാണ് വീടിനു നല്ലത്. ചെലവു കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ വിലയില്ലാത്ത ഭംഗിയുള്ള റെഡിമെയ്ഡ് കർട്ടൻ പല ഡിസൈനുകളിൽ ലഭിക്കും.

പുൽത്തകിടി പിടിപ്പിക്കാൻ മരം മുഴുവൻ വെട്ടണോ?

ലാൻഡ്സ്കേപ്പ് ചെയ്യുകയെന്നു വച്ചാൽ വീടിന്റെ മുറ്റത്ത് പുൽത്തകിടി പിടിപ്പിക്കുകയെന്നതാണ് പലരുടെയും ധാരണ. ഇതിനുവേണ്ടി എത്രയോ ചെടികളും മരങ്ങളുമാണ് വെട്ടിക്കളയുന്നത്! പുൽത്തകിടി ശരിയായ രീതിയിൽ പരിപാലിക്കണമെങ്കിൽ ആരുടെയെങ്കിലും സഹായം വേണ്ടിവന്നേക്കാം. ഇല്ലെങ്കിലും വളരെ ശ്രദ്ധാപൂർവ്വമായി കൈകാര്യം ചെയ്യേണ്ടിവരും. പുൽത്തകിടിക്കു ധാരാളം വെള്ളം വേണമെന്നുള്ളത് മറ്റൊരു കാര്യം. ജലദൗർലഭ്യം ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പുൽത്തകിടി ചെലവേറിയ കാര്യം തന്നെ. പോരാത്തതിന് ഒരു മരം പോലും ഇല്ലത്തതിനാൽ ചുവരുകളിൽ അടിക്കുന്ന ചൂടും വളരെ കൂടുതലായിരിക്കും. ഭാവിയിൽ ചെലവും അസൗകര്യവും കൂട്ടുന്ന പുൽത്തകിടിക്കു പകരം കൂടുതൽ നാടൻചെടികളും മരങ്ങളും പൂന്തോട്ടത്തിൽ നിറയട്ടെ!

കാറ്റും വെളിച്ചവും കടന്നുവരട്ടെ വീട്ടിലേക്ക്

കെട്ടിടം രൂപകൽപ്പന ചെയ്യുവാൻ ആധാരമാക്കേണ്ടത് വാസ്തുശാസ്ത്രമോ ആധുനിക എൻജിനീയറിങ് കാഴ്ചപ്പാടോ എന്ന തർക്കം നമുക്ക് ചർച്ചയ്ക്കായി ബാക്കിവയ്ക്കാം. എന്നാൽ രണ്ടും ആധാരമാക്കുന്ന പ്രകൃതിയുടെ വരദാനങ്ങളായ കാറ്റും വെളിച്ചവും വേണ്ടത്ര ഉള്ളിലേക്ക് കടത്തിവിടുന്ന രൂപകല്പനാതന്ത്രം ഏതു വീടിനും അത്യാവശ്യം തന്നെയാണ്. കിഴക്കു നിന്നും വെളിച്ചവും കാറ്റും എത്തുന്ന അടുക്കളയും പടിഞ്ഞാറൻ വെയിൽ ഒഴിവാക്കി കാറ്റിനെ ഉള്ളിലേക്കാനയിക്കുന്ന വരാന്തകളും, നഗരത്തിൽ ഒന്നോടൊന്ന് ഒട്ടിനിൽക്കുന്ന വീടുകളിലെ പ്രകാശ കുറവ് ഒഴിവാക്കുകയും വായുസഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യുന്ന നടുമുറ്റങ്ങളും എല്ലാ വാസ്തുശൈലിക്കും ഉത്തമമാണ്. കൃത്യമായ വായുസഞ്ചാരവും വെളിച്ചവും നീർവാർച്ചയുമാണ് ഒരു വീടിനെ പോസിറ്റീവ് എനർജി ഉള്ളതാക്കുക. അതുകൊണ്ടുതന്നെ വീടിന്റെ ഡിസൈൻ സമയത്ത് ഊർജലാഭത്തിനായുള്ള വായു വെളിച്ച സംവിധാനങ്ങൾക്ക് പ്രാമുഖ്യം കൊടുക്കേണ്ടതുണ്ട്.

സോളർപാനലുകളും സോളാർ വാട്ടർഹീറ്ററുകളുമൊക്കെ വേണ്ട ദിശയിലേക്ക് ചരിച്ചുവയ്ക്കാനാകുന്ന തരം മേൽക്കൂരയാകണം വീടിന്. വാട്ടർ ടാങ്കിന് സോളാർ ഹീറ്ററിലേക്ക് വെള്ളം ഒഴുകിയെത്താനുള്ള ഉയരമെങ്കിലും വേണം. ഈ പാനലുകളിലേക്ക് നിഴൽ വീഴാതെയുള്ള രൂപകൽപ്പന മേൽപ്പുരയ്ക്ക് നൽകണം. വാസ്തുവിലെ ഒഴിവുകളും സൂത്രദ്വാരങ്ങളുമൊക്കെ വായുസഞ്ചാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്. പലപ്പോഴും ഫാനുകളും മറ്റ് ഉപകരണങ്ങളും ചൂടുകാറ്റിനെ പുറന്തള്ളാൻ സഹായിക്കാറില്ല. ചൂടുവായു നിർഗമിക്കാനുള്ള എയർ ഹോളുകളും ചിമ്മിനി സദൃശ്യപരമായ വായു ദ്വാരങ്ങളും കൃത്രിമ ഉപകരണങ്ങളുടെ ഉപഭോഗവും കൊണ്ട് ചെലവ് കുറയ്ക്കാം.

വീട് പ്ലാൻ ചെയ്യുമ്പോൾ ആദ്യം ചെയ്യേണ്ടത് നമുക്ക് ആവശ്യമുള്ള ഉപകരണങ്ങൾ എവിടെ വയ്ക്കും എന്ന് തീരുമാനിക്കുകയും അതിനു അനുസൃതമായി വാതിൽ ജനൽ സ്ഥാനങ്ങൾ തീരുമാനിക്കുകയുമാണ്. ഉപകരണങ്ങളുടെ ദിശ തീരുമാനിക്കുമ്പോൾ വാസ്തുവിലെ വിശ്വാസം കണക്കിലെടുക്കാം. ഉദാഹരണമായി കട്ടിലിന്റെ തലഭാഗം കിഴക്കോ തെക്കോ വരണമെന്നും അടുപ്പ് കിഴക്കേ വശത്ത് വടക്കുഭാഗത്തോടു വരണമെന്നും ഒക്കെ. ജനാലയിൽ നിന്നും നേരിട്ട് വെളിച്ചം വരുന്ന ഭാഗം വായനയ്ക്കും തുന്നലിനും ഒക്കെ നീക്കിവച്ചാൽ പകൽ ലൈറ്റിടാതെ കഴിക്കാം.

അതിഥി മുറിക്ക് വേണ്ടത്ര കാറ്റും വെളിച്ചവും വേണമെന്നുണ്ടെങ്കിൽ അവയുടെ സ്ഥാനം തിരഞ്ഞെടുക്കുമ്പോൾ ആ പ്രദേശത്ത് കാറ്റും വെളിച്ചവും കൂടുതൽ കിട്ടുന്ന സ്ഥാനം ഏതാണെന്ന് കണ്ടെത്തണം.

പുറംഭിത്തിക്ക് ഏതു നിറം

സുന്ദരമായ ഒരു നിറംമതി വീടിന്റെ എക്സ്റ്റീരിയറിനെ വാനോളം ഉയർത്താൻ. ഓർക്കേണ്ടത് അധികമായാൽ അമൃതും വിഷമാകുമെന്ന സത്യം മാത്രം.

∙ ലാൻഡ്സ്കേപ്പിങ് ചെയ്യാൻ ഉദ്ദേശ്യമുണ്ടെങ്കിൽ പൂന്തോട്ടത്തോടു യോജിക്കുന്ന നിറം എക്സ്റ്റീരിയറിനു തിരഞ്ഞെടുത്താൽ നന്നായിരിക്കും.

∙ കൊളോണിയൽ ശൈലിയിലുള്ള വീടിന് വെള്ളയോടൊപ്പം ഒലിവ് ഗ്രീൻ നിറം നൽകാം. ഭിത്തിയിലെ ക്ലാഡിങ്ങിനോടും ചേരുന്ന നിറമാണ് പച്ച.

∙ കണ്ടംപററി വീടിന് ഒഴിവാക്കാനാകാത്ത നിറമാണ് മഞ്ഞ. കൂടെ ആഷും വെള്ളയും കറുപ്പും ഉണ്ടെങ്കിൽ സുരക്ഷിതമായ കോംബിനേഷൻ ആയി.

∙ ന്യൂട്രൽ നിറമായ ആഷിന്റെ യഥാസ്ഥാനത്തുള്ള ഉപയോഗത്തിലൂടെ വീടിനെ ലളിതമായ, എന്നാൽ മോഡേണായ വീട് ആക്കാം.

∙ മാമ്പഴമഞ്ഞയുടെ പ്രസരിപ്പ് മുറിക്കുള്ളിൽ നവോന്മേഷം നിറയ്ക്കാൻ ഉപകരിക്കും.

∙ തടിയുടെ നിറത്തോടും മഞ്ഞയോടും വെള്ളയോടുമൊത്തു പോകാൻ കാവി നിറത്തിനു കഴിയും. കുറച്ചു സ്ഥലത്തേ നൽകാവൂ എന്നു മാത്രം.

∙ ഇന്റീരിയറിൽ ട്രെൻഡി ആയ നിറമാണ് പർപ്പിൾ. ഹൈലൈറ്റർ ഭിത്തിയും പർഗോളയും മാത്രം പർപ്പിൾ ഉപയോഗിച്ച് മുറി ആകർഷകമാക്കാവുന്നതാണ്.

∙ ഇളം നിറങ്ങൾ ആകാമെങ്കിലും അകത്തളഭിത്തികൾക്ക് വെള്ള തന്നെ അനുയോജ്യം. ഒരു ഭിത്തി മാത്രം ഇഷ്ടനിറമുപയോഗിച്ച് ഹൈലൈറ്റ് ചെയ്യാം.

∙ ഡ്രസ് വാങ്ങുമ്പോൾ എന്നതുപോലെ വ്യത്യസ്തമായ നിറക്കൂട്ടുകൾ ഭിത്തിയിലും പരീക്ഷിക്കാം.

∙ ഗെസ്റ്റ് റൂം ഇളം മഞ്ഞ ഉപയോഗിച്ച് ആകർഷകമാക്കാം. സ്റ്റെൻസിൽ ഉപയോഗിച്ച് ഭിത്തി ഹൈലൈറ്റ് ചെയ്യാം.

∙ മോഡേൺ ശൈലിയിലുള്ള ഇന്റീരിയറിന്റെ ഹൈലൈറ്റ് കണ്ണിനെ നോവിക്കാത്ത ആഷ്–മെറൂൺ കോംബിനേഷനാണ്.

∙ ഔപചാരികത കലർന്ന ലിവിങ് റൂമിന് ഊഷ്മളത പകരാൻ മഞ്ഞനിറം ടെക്സ്ചർ പെയിന്റ് ഉപയോഗിക്കാവുന്നതാണ്.

∙ മുറിയിലെ അന്തരീക്ഷം മയപ്പെടുത്താൻ മഞ്ഞയോടൊപ്പം കോട്ടഗ്രീൻ ഉപയോഗിക്കാം. മുറിക്കു പ്രസരിപ്പു നൽകാൻ ഇതിനു കഴിയും.

∙ വെള്ളയോടും തടിയുടെ കോഫിബ്രൗണിനോടും യോജിക്കുന്ന വൈൻ റെഡ് ഹൈലൈറ്റർ ഭിത്തിക്ക്നൽകാം. സ്റ്റെൻസിൽ കൊണ്ട് ഡിസൈനും നൽകണം.

∙ ഉറക്കം ഉണരുമ്പോൾ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഹൈലൈറ്റർ നിറങ്ങൾക്കു കഴിയും.

∙ ഒരിക്കലും മടുക്കാത്ത നിറങ്ങളായ മഡ് ബ്രൗൺ, പച്ച, നീല തുടങ്ങിയവ കിടപ്പുമുറിക്കു നൽകാം.

∙ ട്രഡീഷണലോ മോഡേണോ എന്ന വ്യത്യാസമില്ലാതെ മാസ്റ്റർ ബെഡ്റൂമിനു നൽകാവുന്നതാണ് എർത്ലി കളർ.

∙ കബോർഡും ഭിത്തിയും ഫർണിഷിങ്ങും ചേരുന്ന സ്ട്രൈപ്പ് യൂണിറ്റ്. ചുവരിലെ നിറത്തോടു ചേരുന്ന നിറം കബോർഡിനു നൽകാം.

∙ ഇളം മഞ്ഞയും ചാരനിറവും തമ്മിലുള്ള കോംബിനേഷൻ സൂപ്പർ! കിടപ്പുമുറിക്കു പ്രസരിപ്പേകുന്നു ഈ നിറം.

∙  കബോർഡിലും ഫർണിഷിങ്ങിലും ഭിത്തിയിലും ഒരേ തീം പിൻതുടരുന്നത് പുതിയ ട്രെൻഡാണ്. ഏതെങ്കിലും മോട്ടിഫ് ഉപയോഗിച്ചും ഇങ്ങനെ ചെയ്യാവുന്നതാണ്.

∙ പച്ചയുടെ വിവിധ ഷേഡുകൾ കൊണ്ടും കിടപ്പുമുറി ഭംഗിയാക്കാം, മനസമാധാനവും കണ്ണിനു കുളിർമയും നൽകാൻ പച്ചയ്ക്കാവും.