ജിഎസ്ടി നെറ്റ്‌വർക്ക് തകരാർ നീക്കാൻ ഇൻഫോസിസ് ശ്രമം

ന്യൂഡൽഹി ∙ ജിഎസ്ടി നെറ്റ്‌വർക്കിലെ തകരാറുകളുടെ പേരിൽ പഴി കേൾക്കുന്ന ഇൻഫോസിസ്, പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ വിദഗ്ധരെയും എൻജിനീയർമാരെയും നിയോഗിച്ചു. ധാരാളം പേർ ഒരേ സമയം ഉപയോഗിക്കുമ്പോൾ നെറ്റ്‌വർക്ക് സ്തംഭിക്കുന്നെന്ന പരാതി മിക്ക സംസ്ഥാനങ്ങളിലും വ്യാപകമാണ്. റിട്ടേൺ സമർപ്പണത്തിനുള്ള അവസാന തീയതി പലതവണ നീട്ടേണ്ടതായും വന്നു.

നൂറിലേറെപ്പേരെ ഇതിനകം ഒൻപതു സംസ്ഥാനങ്ങളിൽ കൂടുതലായി നിയോഗിച്ച ഇൻഫോസിസ് ബാക്കി സംസ്ഥാനങ്ങളിൽ ഈ മാസംതന്നെ വിദഗ്ധരെ നിയോഗിക്കും. 1380 കോടി രൂപയുടെ കരാറാണ് ജിഎസ്ടി നെറ്റ്‌വർക്ക് രൂപപ്പെടുത്താൻ ഇൻഫോസിസ് നേടിയിട്ടുള്ളത്. അഞ്ചു വർഷത്തെ കരാറാണിത്.