വീടുണ്ടാകുന്നില്ല; വഴക്കുണ്ടാകുന്നു

പാലക്കാട്∙ ജിഎസ്ടി നടപ്പായതോടെ കേരളത്തിലെ ഭവനനിർമാണമേഖലയിൽ നിർമാണക്കരാറുകാരും കരാർ നൽകിയവരും തമ്മിൽ നിയമവ്യവഹാരങ്ങൾ വർധിക്കുകയാണ്. ജിഎസ്ടി നടപ്പാകും മു‍ൻപുണ്ടായിരുന്ന നിരക്കിൽ വീടു നിർമാണം സാധ്യമാകില്ലെന്നു വന്നതോടെയാണിത്. വീടു നിർമാണം ലക്ഷങ്ങൾ ചെലവിടുന്ന പണിയായതിനാൽ ഏറെക്കുറെ എല്ലാ കരാറുകാരും തന്നെ ജിഎസ്ടിയുടെ പരിധിയിൽ വരുമെന്നതിനാൽ 18% നികുതി നിരക്ക് നൽകാൻ ബാധ്യസ്ഥരാണ്. ഇതോടെ ജിഎസ്ടിക്കു മുൻപ് ആരംഭിച്ച പ്രോജക്ടുകളിലോ അതിനു മുൻപ് കരാറിലേർപ്പെട്ടതോ ആയ തുകയ്ക്കു നിർമാണം പൂർത്തിയാക്കാനാകാത്ത സ്ഥിതിയാണ്. 

നിലവിൽ 2500 ചതുരശ്രയടി വിസ്തീർണമുള്ള വീടു നിർമിക്കാൻ 50 ലക്ഷം രൂപയെങ്കിലും ചെലവിടുന്നുണ്ട്. എന്നാൽ, 50 ലക്ഷം രൂപയ്ക്കു വീടു നിർമിക്കുമ്പോൾ ഒൻപതു ലക്ഷം രൂപ ജിഎസ്ടി ഇനത്തിൽ നൽകേണ്ടി വന്നാൽ എന്താകും സ്ഥിതി? പഴയ കരാർ പ്രകാരം പണി നടത്താൻ സാധിക്കില്ല. നോട്ടു നിരോധനത്തിനു ശേഷം ഫണ്ട് ലഭ്യത കുറഞ്ഞതോടെ മേഖലയിലുണ്ടായ മാന്ദ്യം കരാറുകാരെ വെട്ടിലാക്കി. ജിഎസ്ടി നടപ്പായതോടെ കരാർ പ്രകാരം പണി നടത്താനാകാതെയോ കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കാതെ വരികയോ ചെയ്തതോടെ പലരും കരാറുകാർക്കെതിരെ കേസ് കൊടുക്കാൻ തുടങ്ങി. ഒട്ടേറെ കരാറുകാർ ദിനംപ്രതി വക്കീൽ നോട്ടിസുകൾ ഏറ്റുവാങ്ങുന്നുണ്ട്.

വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇതു സംബന്ധിച്ച പരാതികൾ എത്തുന്നുണ്ട്. സിവിൽ കേസായതിനാൽ പൊലീസിന് ഇതിൽ പ്രത്യക്ഷത്തിൽ ഇടപെടാനാകില്ല. കോടതിയിലെ വ്യവഹാര നടപടികൾ നീണ്ടുപോകുമെന്നതിനാൽ രാഷ്ട്രീയക്കാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങൾ ഉപയോഗിച്ച് ഒത്തുതീർപ്പുകളും കരാർപ്രകാരം പണി തീർക്കാനുള്ള ഉടമ്പടി ഒപ്പുവയ്ക്കലുമൊക്കെയാണു പലയിടത്തും നടക്കുന്നത്. നോട്ട് നിരോധനം വരുന്നതിനു മുൻപ് തന്നെ നിർമാണമേഖലയിലെ ബിസിനസിൽ 30% ഇടിവുണ്ടായിരുന്നതായി ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) പറയുന്നു. നോട്ട് നിരോധനത്തോടെ ഇടിവ് 50 ശതമാനവും ജിഎസ്ടി വന്നതോടെ ഇത് 75 ശതമാനവുമായി.

ജിഎസ്ടിക്കു മുൻപ് വീടു നിർമാണത്തിന്റെ നികുതി ഘടന : 

∙ മൂല്യവർധിത നികുതി (വാറ്റ്) 4% (വാറ്റ് റജിസ്ട്രേഷൻ ഉള്ളവർക്ക്) 

∙ സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) 1% 

∙ വീട്/കെട്ടിടം നിർമിക്കുന്ന വ്യക്തി കൊടുക്കേണ്ടിയിരുന്നത് സേവന നികുതിയിനത്തിൽ ഏകദേശം 4%