സൗരോർജം കൂടുതൽ ഉൽപാദിപ്പിക്കാൻ നടപടി

പ്രധാനമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ വർധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ നേരിടുന്നതിനായി 10 മെഗാവാട്ട് അധികം സൗരോർജം ഉൽപാദിപ്പിക്കാനുള്ള പദ്ധതികൾക്കു സിയാൽ നടപടികൾ ആരംഭിച്ചു. സിയാൽ ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് ഇതിനായി ടെൻഡർ ക്ഷണിച്ചു. 51 കോടി രൂപയുടേതാണു പുതിയ പദ്ധതി. 

ഡ്യൂട്ടിഫ്രീ ഗോഡൗണിനു പുറത്തെ സ്ഥലത്ത് 5.3 മെഗാവാട്ടും പുതിയ ടി3 ടെർമിനലിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് ഒരു മെഗാവാട്ടും നിലവിലുള്ള 14.4 മെഗാവാട്ട് സൗരോർജ പ്ലാന്റിരിക്കുന്നതിന്റെ അതിർത്തി പ്രദേശങ്ങളിൽ 0.7 മെഗാവാട്ടും വിമാനത്താവളത്തിന്റെ പടിഞ്ഞാറു ഭാഗത്തു റെയിൽവേ ട്രാക്കിനു സമാന്തരമായി ഒഴുകുന്ന കനാലിനു മുകളിൽ 0.4 മെഗാവാട്ടും പുതിയ ആഭ്യന്തര ടെർമിനലിനു മുകളിലെ മേൽക്കൂരയിൽ 0.1 മെഗാവാട്ടും ഉൾപ്പെടെ 7.5 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ളതാണ് ഒരു പദ്ധതി. ഇതിനായി മാത്രം 33 കോടി രൂപ ചെലവു വരും. അഞ്ചുമാസം കൊണ്ടു പൂർത്തിയാക്കാനാകും. 

പുതിയ ആഭ്യന്തര ടെർമിനലിനു മുന്നിൽ കാർപോർട്ടിലൂടെ 2.4 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ളതാണു രണ്ടാമത്തെ പദ്ധതി. ഇതിനു 18 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ആറു മാസം കൊണ്ടു പദ്ധതി പൂർത്തിയാകും.