പ്രതിദിനം ആയിരം സർവീസുകൾ; റെക്കോർഡ് ലക്ഷ്യമിട്ട് ഇൻഡിഗോ

നെടുമ്പാശേരി ∙ പ്രതിദിനം ആയിരം വിമാന സർവീസുകൾ എന്ന നാഴികക്കല്ലു പിന്നിടാൻ തയാറെടുത്ത് ഇൻഡിഗോ. രാജ്യത്തെമ്പാടുമായി ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകളുടെ എണ്ണം വർധിപ്പിച്ച് ഡിസംബർ 23നു കമ്പനി ഈ ലക്ഷ്യത്തിലെത്തും.  

രാജ്യത്താദ്യമായായിരിക്കും ഒരു വിമാനക്കമ്പനി ഈ ലക്ഷ്യം നേടുന്നതെന്ന് ഇൻഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് പറഞ്ഞു. ഇപ്പോൾ ഏതാണ്ട് പത്തു കോടിയിലേറെയാണ് ഇൻഡിഗോ ഉപഭോക്താക്കൾ.

ആയിരം പ്രതിദിന സർവീസുകൾ എന്ന ലക്ഷ്യം നേടാൻ 47 പുതിയ സർവീസുകൾ കൂടിയാണ് ഇൻഡിഗോ തുടങ്ങുന്നത്. ലക്നൗ–ഷാർജ, ഹൈദരാബാദ്–ഷാർജ, ലക്നൗ–ശ്രീനഗർ, ഹൈദരാബാദ്–റാഞ്ചി, ലക്നൗ–ഡെറാഡൂൺ എന്നീ റൂട്ടുകളിൽ പുതിയ സർവീസുകൾ ആരംഭിക്കും. കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ നഗരങ്ങളെ ഗുവാഹത്തി, ഭുവനേശ്വർ, കൊച്ചി തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന സർവീസുകളും തുടങ്ങുന്നുണ്ട്.