Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടനും നാട്ടാരും ഹോംഗ്രോണും

local-start

സ്വപ്നത്തിലെ സാമ്രാജ്യത്തിൽ നമ്മൾ ചക്രവർത്തി തന്നെ ആയിക്കോട്ടെ എന്നാണു പൊതുവേ ചിന്താഗതിയെങ്കിലും ‘കൊച്ചു’ കേരളത്തിന്റെ കാര്യത്തിലാവുമ്പോൾ സ്വപ്നത്തിനു പോലും പരിമിതിയുണ്ട്. ജി. വിജയരാഘവൻ ടെക്നോ പാർക്ക് സ്ഥാപിക്കുമ്പോൾ 5000 പേർക്കു ജോലി എന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ. ഇന്ന് അമ്പതിനായിരത്തിലേറെ പേർക്കു ജോലിയുണ്ടെങ്കിലും. അയ്യായിരം തന്നെ അന്ന് അതിമോഹമായിരുന്നു. 

തുടക്കക്കാലത്ത് സിനിമാ ഷൂട്ടിംഗുകാരുടെ ഇഷ്ടകേന്ദ്രമായിരുന്നു ടെക്നോപാർക്ക്. വിദേശ രാജ്യം പോലെ തോന്നിപ്പിക്കാൻ കഴിയും. പാർക്ക് സെന്റർ വില്ലൻമാരുടെ ഏതോ ഗൂഢകേന്ദ്രം പോലെ കാണിക്കാം. ആളും പേരുമില്ലാതെ പമ്പ, പെരിയാർ കെട്ടിടങ്ങൾ. തൊണ്ണൂറുകളുടെ തുടക്കമാണ്. പിന്നെ സീവ്യൂ സപ്പോർട് സിസ്റ്റംസ്, ഐവിഎൽ, നെസ്റ്റ്, ഐബിഎസ്, സൺടെക്ക്, യുഎസ് ടെക്നോളജീസ് തുടങ്ങിയ കമ്പനികളെത്തി. എഴുത്തുകാരനും സംരംഭകനുമായ ആർ.പി. ലാലാജി, വടക്കൻ പറവൂർ സ്വദേശി അമേരിക്കൻ വ്യവസായി ജി.എ. മേനോൻ, വി.കെ. മാത്യൂസ്, നന്ദകുമാർ തുടങ്ങിയവരായിരുന്നു ഭാഗ്യ പരീക്ഷണം പോലെ ആദ്യകാലത്തു കേരള ഐടിയുടെ കൊടിപ്പടം കൊണ്ടുനടക്കാൻ വന്നത്. 

കേരളത്തിനു പുറത്തെ വൻകിട ഐടി കമ്പനികൾ പോലും ആദ്യം വരാൻ മടിച്ചു. വിദേശ വമ്പൻമാരെ പ്രതീക്ഷിക്കുകയേ വേണ്ട. നാട്ടുകാർ തുടങ്ങുന്ന നാടൻ ഐടി കമ്പനികളുടെ ഈറ്റില്ലമായി ടെക്നോ പാർക്ക് വർഷങ്ങളോളം തുടർന്നു. ഹോംഗ്രോൺ കമ്പനി എന്നാണു വിളിക്കുക. ക്രമേണ കമ്പനികൾ വളർന്നു. ജി.എ. മേനോന്റെ നീണ്ടുനീണ്ട കറുത്ത ലിമോസിൻ കാർ തിരുവനന്തപുരം നഗരത്തിനു കൗതുകമായിരുന്നു. തിരുവല്ല സ്വദേശി ആർ.പി. ലാലാജി നീലപ്പല്ലൻ എന്ന പേരിലൊക്കെ സാങ്കേതികവിദ്യകളെക്കുറിച്ചു രസകരമായ ലേഖനങ്ങൾ ആനുകാലികങ്ങളിൽ എഴുതിയിരുന്നു. ബ്ളൂടൂത്ത് ആകുന്നു നീലപ്പല്ലൻ. എമിറേറ്റ്സ് എയർലൈനിലെ ഉഗ്രൻ ജോലി ഉപേക്ഷിച്ചു വന്ന കിഴക്കമ്പലംകാരൻ വി.കെ. മാത്യൂസിന് തന്റെ തീരുമാനം ശരിയാകുമോ എന്നു തീർച്ചയില്ലായിരുന്നു. 

ഇന്നോ? യുഎസ് ടെക്നോളജീസ് യുഎസ്ടി ഗ്ലോബലായി ക്യാംപസ് സ്ഥാപിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്കു ജോലി നൽകുന്ന ഐടി കമ്പനിയായി തുടരുന്നു. ഐബിഎസ് ഇരുപതാം വാർഷികം കൊണ്ടാടുകയാണ്. മൂവായിരത്തിലേറെ ജീവനക്കാർ 20 രാജ്യങ്ങളിലായിട്ടുണ്ട്. വിമാന കാർഗോ കൈകാര്യം ചെയ്യാനുള്ള ഐകാർഗോ സോഫ്റ്റ്‌വെയർ ലോകത്തു തന്നെ ഒന്നാമതാണ്. സൺടെക്ക് ടെക്നോസിറ്റിയിൽ ക്യാംപസ് സ്ഥാപിക്കുന്നു. 

കാക്കനാട്ട് ഇൻഫോ പാർക്ക് വരുന്നെന്നു കേട്ടതു രണ്ടായിരത്തിന്റെ തുടക്കത്തിലാണ്. കാക്കനാട്ട് ഭൂമിവിലയ്ക്ക് ഭ്രാന്ത് പിടിച്ചതും അതോടെ. ഇന്ന് രണ്ടിടത്തുമായി നേരിട്ട് ഒരു ലക്ഷത്തോളം പേർക്കു ജോലിയുണ്ട്. സർക്കാർ നടത്തിയ നിക്ഷേപങ്ങളിൽ ഏറ്റവും മുതലായ രണ്ടെണ്ണമാണിത്. മറ്റു മിക്ക പൊതുമേഖലാ സംരംഭങ്ങളും നഷ്ടം കുമിഞ്ഞു സർക്കാരിന്റെ കാശുമുടിക്കാൻ മൽസരിക്കുമ്പോൾ ഈ രണ്ടു പാർക്കുകൾക്കു ചെലവിട്ട ഓരോ രൂപയും വാടകയായും പലതരം നികുതികളായും തൊഴിലവസരങ്ങളായും മുതലായിട്ടുണ്ട്. 

ഇനി കോഴിക്കോട് സൈബർ പാർക്കാണു വളരേണ്ടത്. അവിടെ ഡിമാൻഡുണ്ട്. ബെംഗളൂരു, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ നിന്നു രാവിലെ വന്നു വൈകിട്ടു തിരിച്ചു പോകാൻ തക്കവിധം വിമാനം കൂടി വന്നാൽ സംരംഭങ്ങൾ താനെ വരും. ബെംഗളൂരു മടുത്തവർ വേറൊരു സ്ഥലം നോക്കാൻ തുടങ്ങിയിട്ടു നാളേറെയായി. അവർ വന്ന് ഐടി ബിസിനസ് ചെയ്തു നോക്കിയാൽ കോഴിക്കോടിനെ നോക്കി പറയും– ‘ജ്ജ് പൊളിച്ചു മൊഞ്ചാ...’! ഒറപ്പാ! 

ഒടുവിലാൻ ∙ നമ്മുടെ നാട്ടിൽ എല്ലാം കൊച്ച്, കുഞ്ഞ്, കുട്ടി എന്നൊക്ക ചേർത്തേ പറയൂ. കൊച്ചു കേരളം എന്നല്ലേ ? കുഞ്ഞുണ്ണിയും കൊച്ചു ത്രേസ്യയും കുഞ്ഞിരാമനും ഇബ്രാഹിം കു‍ഞ്ഞും, കുഞ്ഞുവറീതും കൃഷ്ണൻ കുട്ടിയും കുഞ്ഞിപോക്കരും...

pkishore@mm.co.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.