Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെക്കിനും ‘ചെക്ക്’; ചെക്ക് ബുക്കും നിരോധിക്കാൻ സർക്കാർ ആലോചന

cheque-book

ന്യൂഡൽഹി ∙ കറൻസി അസാധുവാക്കലിന്റെ തുടർച്ചയായി ചെക്ക് ബുക്കും നിരോധിക്കാൻ സർക്കാർ ആലോചിക്കുന്നു. ഡിജിറ്റൽ പണമിടപാടുകൾ പ്രോൽസാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. സമീപ ഭാവിയിൽ തന്നെ ചെക്ക് ബുക്ക് നിരോധനമുണ്ടാകാൻ സാധ്യതയുണ്ടെന്നു കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു.

ബാങ്കുകൾ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ഒരു ശതമാനവും ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് രണ്ടു ശതമാനവും സർവീസ് ചാർജായി ഈടാക്കുന്നുണ്ട്. കാർഡ് ഇടപാടുകൾക്കുള്ള സർവീസ് ചാർജ് ഒഴിവാക്കാൻ ബാങ്കുകൾക്കു സർക്കാർ സബ്സിഡി നൽകും. ഇതിലൂടെ ഡിജിറ്റൽ ഇടപാടുകൾ പരമാവധി പ്രോൽസാഹിപ്പിക്കാമെന്നാണു കണക്കുകൂട്ടൽ.

നിലവിൽ 95% പണമിടപാടുകളും കറൻസി, ചെക്ക് മാർഗത്തിലാണ്. കറൻസി ഇടപാടുകൾ കുറഞ്ഞതിനാൽ ചെക്ക് ഇടപാടുകൾ കൂടിയിട്ടുണ്ട്. കറൻസി അസാധുവാക്കൽ നടപടിക്കു ശേഷം ഡിജിറ്റൽ ഇടപാടുകളിൽ 31% വർധനയുണ്ടായിട്ടുണ്ട്.