ഓഹരിവിപണിയിൽ ഗുജറാത്ത്; ആശങ്കയിൽ വീണു, പിന്നെ കുതിച്ചുയർന്നു

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനു മുന്നിലെ കൂറ്റൻ സ്ക്രീനിൽ തിരഞ്ഞെടുപ്പു ഫലവും ഓഹരി നിലയും തെളിഞ്ഞപ്പോൾ.

കൊച്ചി∙ ആശങ്കയിൽ അടിതെറ്റിയും ആവേശത്തിൽ കുതിച്ചുയർന്നും ഓഹരി, വിപണി. തിരഞ്ഞെടുപ്പു ഫലം സെൻസെക്സിൽ 1200 പോയിന്റിന്റെ ചാഞ്ചാട്ടത്തിനാണ് ഇടയാക്കിയതെങ്കിൽ കറൻസി വിപണിയിലും കനത്ത തോതിലായിരുന്നു നിരക്കുകളുടെ കയറ്റിറക്കങ്ങൾ.

ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പിലല്ല ഗുജറാത്ത് ഫലങ്ങളിലായിരുന്നു വിപണിക്കു കൂടുതൽ താൽപര്യം. അവിടെ ബിജെപിക്കു വൻ വിജയം പ്രതീക്ഷിച്ച വിപണിക്കു വോട്ടെണ്ണലിന്റെ ആദ്യനിമിഷങ്ങളിൽത്തന്നെ വൻ തിരിച്ചടിയാണു നേരിട്ടത്. സെൻസെക്സിൽ ഒറ്റയടിക്കു നഷ്ടപ്പെട്ടത് 867 പോയിന്റ്. സൂചിക 2.59% ഇടിഞ്ഞ് 32,595.63 പോയിന്റ് വരെ താഴ്ന്നു. നിഫ്റ്റി 258.45 പോയിന്റ് നഷ്ടപ്പെട്ടു 10,074 .80 പോയിന്റിലെത്തി.

ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന സൂചന ലഭിച്ചതോടെ ആശങ്ക ആവേശത്തിനു വഴിമാറി. വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 138.71 പോയിന്റ് ഉയർന്നു 33,601.68 പോയിന്റിൽ എത്തുകയുണ്ടായി. നിഫ്റ്റി 55.50 പോയിന്റ് ഉയർന്നു 10,388.75 പോയിന്റിൽ ക്ളോസ് ചെയ്തു.

ഒരു ഘട്ടത്തിൽ ഇരു സൂചികകളും നിലവിലെ റെക്കോർഡ് നിലവാരത്തിനു വളരെ അടുത്ത് എത്തുകയുണ്ടായി. എന്നാൽ അമിതാവേശത്തിനു പ്രസക്തിയില്ലെന്നു വ്യാപാരാവസാനത്തോടെ വിപണിക്കു ബോധ്യപ്പെട്ടിരുന്നു. റിയൽറ്റി മേഖലയിൽനിന്നു​ള്ളവ ഒഴികെ വിവിധ വ്യവസായ മേഖലകളെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വില സൂചികകളും നില മെച്ചപ്പെടുത്തി.

യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ വില ഒറ്റയടിക്ക് 68 പൈസ കുറയുന്നതു കണ്ടുകൊണ്ടാണു കറൻസി വിപണിയിൽ ഇടപാടുകൾ ആരംഭിച്ചത്. 

വെള്ളിയാഴ്ച 64.04 എന്ന നിരക്കിൽ മൂന്നു മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലായിരുന്നു രൂപ. ഇന്നലെ 64.72 നിലവാരം വരെ താഴ്ന്ന വില പിന്നീട് 64.09 വരെ ഉയർന്നെങ്കിലും അവസാനം 64.23 ആയി. മുൻ ദിവസത്തെക്കാൾ 19 പൈസയുടെ ഇടിവ്.