വില കുറഞ്ഞ 4ജി ഫോൺ: എയർടെലും ഗൂഗിളും കൈകോർക്കുന്നു

കൊച്ചി∙ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ എയർടെൽ, ഇന്റർനെറ്റ് വമ്പൻ ഗൂഗിളുമായി ചേർന്ന് ആൻഡ്രോയിഡ് ഓറിയോ എഡിഷൻ സോഫ്റ്റ്‌വെയറുള്ള സ്മാർട്ഫോണുകൾ കുറഞ്ഞ നിരക്കിൽ പുറത്തിറക്കുന്നു. ആൻഡ്രോയിഡ് ഓറിയോയിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണുകൾ  ആദ്യം വിപണിയിൽ ഇറക്കുന്ന രാജ്യങ്ങളിൽ ഒന്നാകും ഇന്ത്യ.

1ജിബിയോ അതിൽ കുറവോ റാം ഉള്ള ഉപകരണങ്ങൾക്കായി പ്രത്യേകം രൂപപ്പെടുത്തിയതാണ് ആൻഡ്രോയിഡ് ഓറിയോ  (ഗോ എഡിഷൻ). കുറഞ്ഞ ഡേറ്റയിൽ  വേഗത്തിൽ പ്രവർത്തിക്കുന്ന പുതിയ ശ്രേണി ആപ്ലിക്കേഷനുകളുമായാകും ഇതു പുറത്തിറക്കുക.

എയർടെല്ലിന്റെ 'മേരാ പെഹ്‌ലാ സ്മാർട്ഫോൺ' പദ്ധതിയിലെ സ്മാർട്ഫോണുകളിൽ സ്റ്റാൻഡേർഡ് ഒഎസ് ആയി ആൻഡ്രോയിഡ് ഓറിയോ ലഭ്യമാകും. ലാവയും മൈക്രോമാക്സുമാണ് ആദ്യ സെറ്റ് ഉപകരണങ്ങൾ  നിർമ്മിക്കുക.