Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടുത്തുരുത്തിയിലെ കൊടുംവനം* എൻ.കെ.കുര്യൻ നിർമിച്ചത്

forest-created-by-nk-kurian

കോട്ടയം ∙ കടുത്തുരുത്തിക്കു സമീപം ആയാംകുടിയിൽ നട്ടുവളർത്തിയ ഇൗ അത്‌ഭുത വനം കണ്ട് സാക്ഷാൽ വനങ്ങൾ തലകുനിച്ചു പോകും. പായലും പുല്ലും മരങ്ങളും ഉൾപ്പെടെ നാലു ലക്ഷം സസ്യങ്ങളും മീനും കുളവും മൃഗങ്ങളുമായി ഫാം ടൂറിസത്തിൽ കേരളത്തിൽ പുതുമ രചിച്ച മാംഗോ മെഡോസ് ലോകത്തിലെ തന്നെ ആദ്യത്തെ അഗ്രിക്കൾച്ചറൽ തീംപാർക്കെന്ന സ്ഥാനത്തിലേക്കും നടന്നുകയറുകയാണ്.

വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 4800 ഇനം വൈവിധ്യമുള്ള സസ്യവർഗങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്നതുൾപ്പെടെ 146 ഇനം ഫലവൃക്ഷങ്ങൾ, 85 ഇനം പച്ചക്കറിവിളകൾ, 101 ഇനം മാവുകൾ, 40 ഇനം വാഴകൾ, മൃഗങ്ങൾ എന്നിങ്ങനെ ജൈവവൈവിധ്യത്തിന്റെ കലവറയാണ് ഈ 35 ഏക്കർ. മരവും മനുഷ്യരും മൃഗങ്ങളും ഫലസസ്യങ്ങളും ഇൗ ചേർന്ന ഒത്തുചേരലിന്റെ പേരാണ് മാംഗോ മെഡോസ് എന്ന കാർഷിക പാർക്ക്.

മരം വളരില്ലെന്നു വിധിയെഴുതിയ ഇൗ മണ്ണിൽ ഒരു കാടിനെ െമരുക്കിയെടുത്ത് വളർത്തിയതിനും ഫാം ടൂറിസത്തിന് വേണ്ട ചേരുവകളിൽ ലോകത്ത് കിട്ടാവുന്നതെല്ലാം എത്തിച്ചതിനും പിന്നിൽ കല്ലറ കളപ്പുരയ്ക്കൽ എൻ.കെ. കുര്യന്റെ പണം മാത്രമല്ല, ജീവിതാർപ്പണമാണ്. കഴിഞ്ഞ 15 കൊല്ലത്തെ നിരന്തരമായ കഠിനാധ്വാനമാണ്. തേയില മുതൽ നെല്ലുവരെ, ആഞ്ഞിലിക്കവിള മുതൽ കിവി ഫ്രൂട്ട് വരെ, കുന്തിരിക്കം മുതൽ രുദ്രാക്ഷം വരെ വിളവെടുപ്പിനൊരുങ്ങി നിൽക്കുന്നു. അശോകവനത്തിൽ സീതയിരുന്ന ശിംശിപാ വൃക്ഷച്ചുവടും

ശ്രീബുദ്ധന് ബോധോദയമുണ്ടായ ബോധി വൃക്ഷച്ചുവടും അങ്ങനെ കഥയിലും കവിതയിലും കേട്ടുകേൾവിയുള്ളതുമായി വൃക്ഷങ്ങളും തപ്പിപ്പിടിച്ച് കൊണ്ടുവന്ന് നട്ടുവളർത്താൻ കുര്യൻ 15 രാജ്യങ്ങളിൽ കറങ്ങി നടന്നു. കേരളത്തിലെ കാലാവസ്ഥയിൽ കിളിർക്കില്ലെന്നു കരുതിയ വിദേശി മരങ്ങൾ പോലും നടത്തിപ്പുകാരുടെ നിർബന്ധത്തിനു വഴങ്ങി വളർന്നുല്ലസിച്ചു നിൽപുണ്ട് മാംഗോ മഡോസിൽ. ദക്ഷിണേന്ത്യയിൽ ജനിച്ച് ദേശീയ ഫലമായി മാറിയ മാങ്ങയോട് ചേർന്നുള്ള പേരിനെ അന്വർഥമാക്കാൻ 101 ഇനം മാവുകൾ നിറഞ്ഞുനിൽക്കുന്നു.

അഞ്ചേക്കറും അതിൽ കുറവും വലുപ്പമുള്ള വലിയ കുളങ്ങളും നൽകുന്ന ജലസമൃദ്ധിയാണ് ഇൗ ജൈവവൈവിധ്യ പാർക്കിന്റെ നട്ടെല്ല്. കാരിയും കൂരിയും വരാലും കാർപ്പും കരിമീനുമടക്കം 66 ഇനം മൽസ്യങ്ങളാണ് ഇൗ കുളങ്ങളുടെ താളം. ദിവസവും മാംഗോ മെഡോസിലെത്തുന്ന നൂറു കണക്കിന് സന്ദർശകർക്ക് ഉച്ചയൂണിന് ഇവിടെ നിന്നും പിടിച്ച് കറിവച്ചു നൽകും മീനുകളുടെ വൈവിധ്യത്തെ. ഇൗ മീനുകളെ കാണാനെത്തുന്നവർക്ക് മീനൂട്ടിനും അവസരമുണ്ട്. മീനിന് ആഹാരം നൽകാൻ അവസരം. നിൽക്കുന്നിടത്തേക്ക് ഉൗളിയിട്ടെത്തുന്നത് നൂറുകണക്കിന് മീനുകളാണ്.

മഴുവെറിഞ്ഞ് കേരളം വീണ്ടെടുത്ത പരശുരാമന്റെ കൂറ്റൻ പ്രതിമ, പ്രണയിച്ചിരിക്കാൻ വാലന്റൈൻ ഗാർഡൻ, നെൽപ്പാടവും അവിടേക്ക് വെള്ളം തേവാനുള്ള ചക്രപ്പുര, ചൂണ്ടയിടാൻ പ്രത്യേക സ്ഥലം, കാണാനും ഇടപഴകുന്നതിനും യമു മുതൽ നാടനും വിദേശിയിനത്തിൽ വരെയുള്ള കോഴികൾ, വളർത്തുനായ്ക്കൾ, അൻപതോളം പശുക്കൾ അങ്ങനെ വിശാലമായ മറ്റൊരു മേഖലയുമുണ്ട്. ചെറുകടിയും നല്ല നാടൻ പശുവിൻ പാലിലുള്ള ചായയും നൽകുന്ന നാടൻ ചായക്കട, കള്ളുഷാപ്പ്, ആർക്കും സ്വയം ഉപയോഗിച്ച് നിർമിക്കാനുള്ള മൺപാത്ര നിർമാണസ്ഥലം വൈവിധ്യക്കാഴ്ചകളും അനുഭവങ്ങളും പലതാണ്.

ഏദൻതോട്ടം എന്ന പേരിട്ട പഴവർഗങ്ങളുടെ മേഖലയിൽ നാട്ടിൻപുറത്തെ മുട്ടിപ്പഴം മുതൽ ലോകത്തുള്ള രുചികരമായ 146 ഇനം പഴങ്ങളും കായ്ച്ചുനിൽക്കുന്നു. സമീപത്തെ ക്ഷേത്രങ്ങളിൽ പൂജാ ആവശ്യങ്ങൾക്കുള്ള തളിരും തടിയും പൂക്കളും കൊണ്ടുപോകുന്നതും മാംഗോമഡോസിലെ തൊടികളിൽ നിന്നാണ്. ഓരോ മരത്തിനും ഒരു കഥ പറയാനുണ്ട്, പുരാണവും ചരിത്രവും സാഹിത്യത്തിലെ താരവുമൊക്കെയാണ് ഇവിടെ ഓരോ മരങ്ങളും.

ഫാം ചുറ്റിക്കാണുന്നതിന് ബാറ്ററി കൊണ്ടുപ്രവർത്തിക്കുന്ന റിക്ഷയും മൂന്നും നാലും പേർക്ക് സ്വയം ചവിട്ടിപോകാനുള്ള കാറുകളുമൊക്കെയുണ്ട്. ആകാശ വീക്ഷണത്തിന് നിരീക്ഷണ ഗോപുരവുമുണ്ട്. ജലാശയങ്ങൾക്ക് മുകളിലൂടെ നടക്കാൻ പിരിയൻ പാലമുണ്ട്. ഒരു രൂപ നാണയതുട്ടിനായി മുറിച്ചതിന്റെ ലോഹത്തകിടിന്റെ ബാക്കികൊണ്ട് നിർമിച്ച പാലമാണിത്. ഇതിന്റെ തുളകളിലൂടെ താഴെ ഉൗളിയിട്ടെത്തുന്ന മീനുകളെ കാണാം. കൊതുമ്പുവള്ളവും സ്പീഡ്ബോട്ടുമൊക്കെ ചുറ്റിക്കറങ്ങാൻ റെഡിയായുണ്ട്.

ഇരുപതോളം കോട്ടേജുകളും ഇൗ കാർഷികോല്ലാസ പാർക്കിലുണ്ട് കൂട്ടുകുടുംബമായി താമസിക്കാനുള്ള നാലു കെട്ട് മുതൽ ഹണിമൂൺ കോട്ടേജ് വരെയുണ്ട്. ഗുഹാ കോട്ടേജും അപൂർവതയാണ്. വിശാലമായ കുളത്തിന് മുകളിൽ നിർമിച്ചിരിക്കുന്ന കോട്ടേജിന്റെ തറയിലെ പരവതാനി മാറ്റിയാൽ കളിക്കുന്ന മീനുകളെ കാണാം. താമസിക്കാനെത്തുന്നവർക്ക് ഫാമിലെ പഴവും പച്ചക്കറിയും വിളവെടുക്കുന്നതിനും പാചകം ചെയ്തു കഴിക്കുന്നതിനും അവസരമുണ്ട്. മീറ്റിങ്ങുകൾക്ക് കോൺഫറൻസ് ഹാളും ഒരുങ്ങുന്നുണ്ട്. കാറ്റിൽ നിന്നും സോളറിൽ നിന്നും വൈദ്യുതിയുൽപാദനവുമുണ്ട്.

ഡേ ടൂർ, റിസോർട്ട് ടൂർ, ആയൂർവേദ ചികിൽസ, നിന്തൽക്കുളം, മറൈൻ അക്വേറിയം, ചീനവല, ടെലിസ്കോപ് ടവർ, സർപ്പക്കാവ്, ഒൗഷധത്തോട്ടം, ആർച്ചറി, റോപ് കാർ, ട്രാംപോ ലൈൻ, സ്നൂക്കർ, റോപ് വേ, ബംപർ കാർ അങ്ങനെ ഫാം ടൂറിസത്തിനപ്പുറം പൂർണതയ്ക്കും മാംഗോ മെഡോസിൽ ഉടമ കുര്യൻ ഒരുക്കിയിട്ടുണ്ട്. 350 രൂപയാണ് പ്രവേശന ഫീസ്. വിദ്യാർഥികൾക്ക് ഇൗ ഫീസിൽ ഉച്ചഭക്ഷണം കൂടി നൽകും.

സൗദിയിൽ ജോലിചെയ്യുമ്പോൾ ഖത്തറിന്റെ അതിർത്തിയിൽ വിശാലമായ മരുഭൂമിയിൽ പച്ചപ്പുകളുമായി തിളങ്ങുന്ന മസ്ര എന്ന അറബികളുടെ ഉല്ലാസ കേന്ദ്രം കണ്ടപ്പോഴാണ് മനസ്സിൽ ഇത്തരമൊരു ആശയമുണ്ടായതെന്ന് സിവിൽ എൻജിനീയറായ എൻ.കെ. കുര്യൻ പറയുന്നു. 107 കോടിയോളം ഇതുവരെ പാർക്കിൽ മുടക്കിക്കഴിഞ്ഞു. ഇനിയും കുറച്ച് നിർമാണ പ്രവർത്തനങ്ങൾ തീരാനുണ്ട്, ഓണത്തിന് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ ക്ഷണിക്കാനൊരുങ്ങുകയാണ് അദ്ദേഹം.

ഉദ്ഘാടനം നടന്നില്ലെങ്കിലും അറിഞ്ഞും കേട്ടും ദിവസവും ഹൗസ്ഫുളാണ് മാംഗോ മെഡോസ്. ഒരു പരിധിക്കപ്പുറം ആളിനെ ഒരേ സമയം കയറ്റുകയുമില്ല. സ്കൂളുകളിൽ കുട്ടികളും വിദേശടൂറിസ്റ്റുകളും ഒരു ദിവസം ടൂറിനായി മാംഗോ മെഡോസിലെത്തുന്നു. സസ്യ ഗവേഷകരും പഠിക്കാനെത്തുന്നവരുടെയും തിരക്ക് വേറെ. നടന്നു കണ്ടാൽ മതിവരില്ല, സൂര്യൻ എത്ര ചൂടുള്ള വെയിലുമായി വന്നാലും ഹരിത മേലാപ്പ് തുളച്ച് വെളിച്ചമേ വരും ചൂട് വരില്ല. വനഭംഗിക്കിടയിൽ ചാലിട്ടൊഴുകുന്ന ജലപാതകളുടെയും ചെറു റോഡുകളുടെയും വശങ്ങളിൽ അപൂർവ കാഴ്ചകളുടെ അന്വേഷകർക്ക് അത്യപൂർവത ഒരുക്കുന്നുണ്ട് മാംഗോ മെഡോസ് എന്ന സ്നേഹ വനം. www.mangomeadows.in