മാറ്റങ്ങളുടെ ഇര ആവാൻ കാത്തു നിൽക്കരുത് : രഘുറാം രാജൻ

#ഫ്യൂച്ചർ സമ്മേളനത്തിൽ രഘുറാം രാജൻ

കൊച്ചി ∙ നിർമിത ബുദ്ധിയും യന്ത്രവൽക്കരണവും പോലുള്ള നൂതന സാങ്കേതികവിദ്യകൾ ഇന്നത്തെ തൊഴിലുകൾ വൻ തോതിൽ ഇല്ലാതാക്കുമെന്ന പ്രചാരണം യാഥാർഥ്യമാകണമെന്നില്ലെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ.  

ഇത്തരം പ്രവചനങ്ങളും ഭീതിയും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. അതിന്റെ പേരിൽ നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ കുറവു വരുത്തേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മൾ മാറ്റങ്ങളുടെ ഇര ആവാൻ കാത്തു നിൽക്കുന്നതിനു പകരം മാറ്റങ്ങളുടെ മുൻനിരയിൽ നിൽക്കണമെന്ന് രഘുറാം രാജൻ ഓർമ്മിപ്പിച്ചു. ഡിജിറ്റൽ ഉച്ചകോടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു  അദ്ദേഹം. 

ലോകത്തെ ഏറ്റവും സങ്കീർണമായ  യന്ത്രം മനുഷ്യൻ തന്നെയാണ്. മനുഷ്യനു സാഹചര്യങ്ങൾക്കനുസരിച്ചു സ്വയം മാറാനും നവീകരിക്കാനും നൈപുണ്യങ്ങൾ നേടാനും കഴിയുംപോലെ യന്ത്രങ്ങൾക്കു കഴിയില്ല. ഇന്ത്യയിൽ കൃഷിയിടങ്ങളിൽ നിന്നു മനുഷ്യർ കെട്ടിട നിർമാണത്തിലേക്കും മറ്റു തൊഴിലുകളിലേക്കും മാറുകയാണു വേണ്ടത്. ചൈനയിൽ അതാണു സംഭവിച്ചത്. നൂതന സാങ്കേതികവിദ്യകൾ  പാവപ്പെട്ടവർക്കും പ്രയോജനപ്പെടുന്നതാണ്.

ബാറ്ററി കാറുകളും ഡ്രൈവറില്ലാത്ത കാറുകളും ഉടനിങ്ങെത്തുമെന്ന പ്രചാരണവും അടിസ്ഥാന രഹിതമാണ്. ഇന്ത്യയിൽ ദരിയഗഞ്ച് പോലുള്ള തിരക്കേറിയ സ്ഥലത്ത് ഡ്രൈവറില്ലാത്ത വാഹനം പരീക്ഷിച്ചു വിജയിച്ചാൽ അവ മറ്റേതു റോഡിലും ഓടിക്കാൻ കഴിയുമെന്ന സ്ഥിതിയാകുമെന്ന് രഘുറാം രാജൻ ചൂണ്ടിക്കാട്ടി.

എന്നാൽ നിർമിത ബുദ്ധികൊണ്ട് അനേകം പ്രയോജനങ്ങളുണ്ട്.  ക്ലിനിക്കൽ പരിശോധനകൾ കഴിഞ്ഞു ഡോക്ടറെ കാത്തിരിക്കുന്നതിനു പകരം യന്ത്രത്തിന് രോഗനിർണയം നടത്താൻ കഴിയും. ഇതൊന്നും ഡോക്ടർമാരെ ഇല്ലാതാക്കുകയല്ല മറിച്ച് അവരുടെ ജോലി എളുപ്പമാക്കി തീർക്കുകയും ജനങ്ങൾക്കു ചികിൽസാ സൗകര്യം വർധിപ്പിക്കുകയുമാണ്.

ഇന്ത്യയിലെ പ്രശ്നം ആവശ്യത്തിനു നൈപുണ്യമുള്ളവരുടെ അഭാവമാണ്. അതിനു പരിഹാരം കണ്ടാൽ തൊഴിലവസരങ്ങൾ കൂടും. ആഗോള വാണിജ്യത്തിൽ കൂടുതലായി പങ്കെടുക്കണം. യുഎസ്  ഇറക്കുമതിച്ചുങ്കം കൂട്ടുന്നത് അവർക്കു തന്നെ വിനയായിത്തീരുമെന്നും രഘുറാം രാജൻ പറഞ്ഞു. നിലവിലുള്ള തൊഴിലവസരങ്ങൾ കുറയ്ക്കാനും ആഗോള സാമ്പത്തിക വളർച്ചയെ പിന്നോട്ടടിക്കാനും മാത്രമേ അത്തരം സ്വയം സംരക്ഷണ നയങ്ങൾക്കു കഴിയൂ.