ഫെയ്സ്ബുക് ചോർച്ച മറ്റു ടെക്ക്കമ്പനികൾക്കുള്ള മുന്നറിയിപ്പ്: നാമി സറിംഗാലം

നാമി സറിംഗാലം

തിരുവനന്തപുരം∙ ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്ന സംഭവം മറ്റു ടെക് കമ്പനികൾക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്നു ട്രൂകോളർ ആപ്ലിക്കേഷൻ സ്ഥാപകൻ നാമി സറിംഗാലം. ഫോൺ നമ്പരുകൾ തിരിച്ചറിയാനുള്ള സംവിധാനമാണു ട്രൂകോളർ. ഹഡിൽ സ്റ്റാർട്ടപ് സമ്മേളനത്തോടനുബന്ധിച്ചാണു നാമി തലസ്ഥാനത്തെത്തിയത്. 25 കോടി ഉപയോക്താക്കളുള്ള സ്റ്റോക്കോം ആസ്ഥാനമായ കമ്പനിക്കുള്ളതു 95 ജീവനക്കാർ മാത്രം. ട്രൂകോളർ ആപ്ലിക്കേഷൻ സ്ഥാപകൻ മനസ്സു തുറന്നപ്പോൾ:

ട്രൂകോളറിന് ഇന്ത്യ എത്രത്തോളം പ്രധാനമാണ്?
ഞങ്ങളുടെ 25 കോടി ഉപയോക്താക്കളിൽ 15 കോടിയും ഇന്ത്യയിൽനിന്നാണ്. സ്റ്റോക്കോമിനു പുറത്ത് ആദ്യമായി ഒരു ഓഫിസ് തുറന്നതും ഇന്ത്യയിൽ തന്നെ. ഇന്ത്യ വളരെ പ്രധാനമാണ്, ഇവിടെ പിഴച്ചാൽ അതിന്റെ അർഥം ഞങ്ങളുടെ തന്ത്രങ്ങൾ പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു എന്നാണ്.

ഫെയ്സ്ബുക് ഡേറ്റ ചോർച്ചയെക്കുറിച്ച്?
എന്തു വിലകൊടുത്തും വളരുക എന്നതാണു ഫെയ്സ്ബുക്കിന്റെ നയം. ഉപയോക്താവിനെ പണയം വച്ചു വരുമാനമുണ്ടാക്കുന്നതിൽ ഞങ്ങൾക്കു താൽപര്യമില്ല. സ്വകാര്യതയ്ക്കു ഞങ്ങൾ വലിയ പ്രാധാന്യം നൽകുന്നു. ഉപയോക്താവിന്റെ അനുവാദമില്ലാതെ ഒന്നും ഞങ്ങൾ ചെയ്യുന്നില്ല.

യൂറോപ്പിൽ ജനറൽ ഡേറ്റ പ്രൊട്ടക്‌ഷൻ റെഗുലേഷൻ (ജിഡിപിആർ അഥവാ ഡേറ്റ സംരക്ഷണ നിയമം) നടപ്പിൽ വരികയാണ്. മുന്നോട്ടുള്ള യാത്ര ദുഷ്കരമാകില്ലേ?
ഒരിക്കലുമില്ല. ഞങ്ങളുടെ സ്വകാര്യതാ നയം വീണ്ടും പരിശോധിക്കും. കമ്പനികൾ സ്വയം നിയന്ത്രിക്കുകയാണു പ്രധാനം. ഉപയോക്താക്കളുടെ ഡേറ്റ വിൽപനയ്ക്കു വയ്ക്കേണ്ടതാണെന്ന തോന്നൽ കമ്പനികൾ ഉപേക്ഷിച്ചേ പറ്റൂ. ജിഡിപിആർ നിയമം വരുന്നതിന്റെ ഭാഗമായി ഒരു വർഷത്തിലധികമായി ഞങ്ങൾ പ്രത്യേക ടീമിനെ നിയോഗിച്ചു നിയമപരമായ കാര്യങ്ങൾ പരിശോധിക്കുകയാണ്.

ട്രൂകോളറിന്റെ ബിസിനസ് മോഡൽ എന്താണ്? ഡേറ്റ പുറത്തുള്ളവരുമായി പങ്കുവയ്ക്കപ്പെടുന്നുണ്ടോ?
പരസ്യമാണു പ്രധാന വരുമാനം. ഡിജിറ്റൽ പബ്ലിഷർ എന്ന നിലയിലും ബിസിനസ് സാധ്യതകളുണ്ട്. ഡേറ്റ തേഡ് പാർട്ടി കമ്പനികളുമായി ഒരിക്കലും പങ്കുവയ്ക്കില്ലെന്നു ഞങ്ങൾ ഉറപ്പിച്ചുപറയാം. ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികളുമായുള്ള പങ്കാളിത്തം ഡേറ്റ പങ്കുവയ്ക്കലല്ലെന്ന് ആവർത്തിച്ചു പറയട്ടെ.

സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ടു ട്രൂകോളർ ശ്രദ്ധ പുലർത്തുന്നതായി കേട്ടിട്ടുണ്ട്.
ഇന്ത്യയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന 70% സ്ത്രീകൾക്കും ആഴ്ചയിൽ ഒരിക്കലെങ്കിലും മോശമായ ഒരു കോളെങ്കിലും എത്തുന്നുണ്ടെന്നാണു കണക്ക്. അനാവശ്യ കോളുകൾ എത്തുന്ന നമ്പറുകൾ പുരുഷന്മാരെക്കാൾ 17 ശതമാനം അധികം സ്ത്രീകൾ ബ്ലോക്ക് ചെയ്യുന്നതായും കണ്ടെത്തി.

ട്രൂകോളറിന്റെ അടുത്ത ഘട്ടം എങ്ങനെയായിരിക്കും
അടുത്തത് പേയ്മെന്റ് സർവീസാണ്. യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) ട്രൂകോളറിൽ അടുത്ത ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ട്രൂകോളർ ആപ്പ് വഴി ഇനി പണമിടപാടും നടത്താം.