Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിലാളികളെ ലക്ഷ്യമിട്ട് ബംഗാളിലേക്കു വിമാനങ്ങൾ

INDIA-ECONOMY-AVIATION

നെടുമ്പാശേരി ∙ കേരളത്തിൽ തൊഴിൽ തേടിയെത്തുന്ന ബംഗാളികൾക്കു നാട്ടിൽ പോയി മടങ്ങിവരാൻ നേരിട്ടുള്ള വിമാന സർവീസുകളുമായി ചെലവു കുറഞ്ഞ സർവീസുകൾ നടത്തുന്ന വിമാനക്കമ്പനികൾ. കൊച്ചിയിൽ നിന്നു കൊൽക്കത്തയിലേക്കു നേരിട്ടു രണ്ടു പ്രതിദിന സർവീസുകൾ വൈകാതെ  ആരംഭിക്കും. ഗോ എയറും ഇൻഡിഗോയുമാണു കേരളത്തിലെ പുതിയ സാധ്യതകൾ നേട്ടമാക്കാനുദ്ദേശിക്കുന്നത്. 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നായി ഏതാണ്ടു 30 ലക്ഷത്തോളം ജോലിക്കാരാണു കേരളത്തിൽ വിവിധയിടങ്ങളിലായി ജോലി ചെയ്യുന്നതെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരി‍ൽ പത്തു ശതമാനത്തോളം പേർ ഇപ്പോൾത്തന്നെ നാട്ടിൽ പോയി മടങ്ങിവരാനായി വിമാനങ്ങളെ ആശ്രയിക്കുന്നുണ്ടത്രെ. കേരളത്തിലേക്കുള്ള ഇവരുടെ ഒഴുക്ക് പ്രതിവർഷം മൂന്നു ലക്ഷത്തോളം വർധിക്കുന്നുമുണ്ട്. 

പ്രതിദിനം ആയിരം രൂപയിൽ കൂടുതൽ വരുമാനമുള്ളവരാണ് ഇത്തരത്തിൽ യാത്രയ്ക്കു വിമാനങ്ങളെ ആശ്രയിക്കുന്നത്. ഇവർക്കു ട്രെയിനിൽ നാട്ടിൽ പോയി മടങ്ങിവരാൻ അഞ്ചോ ആറോ ദിവസം വേണ്ടിവരും. ഇത്രയും ദിവസത്തെ പണിക്കൂലി ത്യജിക്കാൻ തയാറുള്ളവർക്ക് ഒന്നോ രണ്ടോ ദിവസം കൊണ്ടു നാട്ടിൽ പോയി മടങ്ങിവരാം. ബാക്കിയുള്ള ദിവസം ജോലി ചെയ്യുകയുമാവാം.

കേരളത്തിൽ ജോലിക്കെത്തുന്ന ഇത്തരം ജോലിക്കാരിൽ 90 ശതമാനവും വർഷത്തിലൊരിക്കൽ മാത്രം നാട്ടിൽ പോയി മടങ്ങുന്നവരാണ്. ഇവർ നാട്ടിലേക്കു പോയാൽ ഗൾഫ് മലയാളിയുടെ മാതിരി ഒന്നോ രണ്ടോ മാസം കഴിഞ്ഞു മാത്രം മടങ്ങിവരുന്നവരുമാണ്. തീവണ്ടി യാത്രയുടെ ദുരിതവും സമയവും മറ്റും കണക്കിലെടുത്ത് കൂടുതൽ പേർ വിമാനയാത്രയ്ക്കു തയാറാകുന്നുണ്ടെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. 

എറണാകുളം ജില്ലയിൽ വടക്കുകിഴക്കൻ തൊഴിലാളികളുടെ പ്രധാന തൊഴിൽകേന്ദ്രമായ പെരുമ്പാവൂരിൽ മാത്രം ഇവർ ഏതാണ്ട് ഒന്നര ലക്ഷം പേരുണ്ടത്രെ. 3500 മുതൽ 5000 രൂപ വരെ നിരക്കിൽ നാട്ടിലേക്കു വിമാനടിക്കറ്റു ലഭിച്ചാൽ വാങ്ങാൻ തയാറുള്ളവരാണിവരിൽ പലരും. ഇതിനുപുറമെ കേരളത്തിൽ നിന്ന് ആ മേഖലയിൽ വിവരസാങ്കേതികവിദ്യാ രംഗത്തു ജോലി ചെയ്യുന്നവരെ കൂടി കൂട്ടിയാൽ രണ്ടു പ്രതിദിന വിമാനങ്ങളിലും നിറച്ചു യാത്രക്കാരെ കിട്ടുമെന്നാണു വിമാനക്കമ്പനികളുടെ പ്രതീക്ഷ.

നിലവിൽ ധാരാളം മലയാളികളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തൊഴിലാളികളും കൊച്ചിയിൽ നിന്നു വിമാനമാർഗം കൊൽക്കത്തയിലേക്കു പോകുന്നുണ്ട്. നേരിട്ടു വിമാനമില്ലാത്തതിനാൽ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ വഴിയൊക്കെയാണിവരുടെ യാത്ര. നേരിട്ടു വിമാനമില്ലാത്തതിനാൽ പലപ്പോഴും യാത്ര അടുത്ത വിമാനത്തിനായുള്ള കാത്തിരിപ്പുൾപ്പെടെ ഒരു ദിവസം വരെ നീണ്ടേക്കാം.  നേരിട്ടുള്ള വിമാനങ്ങൾ വരുന്നതോടെ ഈ പ്രതിബന്ധവും ഒഴിവാകുമെന്നതിനാൽ കൂടുതൽ യാത്രക്കാരെ ലഭിച്ചേക്കും.

related stories