കായംകുളത്തുനിന്ന് മൂന്നു രൂപയ്ക്ക് സൗരോർജ വൈദ്യുതി

തിരുവനന്തപുരം∙ സൗരോർജ വൈദ്യുതി ഉൽപാദനം വിപുലമാക്കുന്നതിന്റെ ഭാഗമായി നാഷനൽ തെർമൽ പവർ കോർപറേഷനും(എൻടിപിസി) വൈദ്യുതി ബോർഡും തമ്മിൽ  ധാരണാപത്രം ഒപ്പുവച്ചു. കായംകുളം താപനിലയ വളപ്പിൽ 15 മെഗാവാട്ട് സൗരോർജ പ്ലാന്റ് സ്ഥാപിക്കാൻ ധാരണാപത്രത്തിൽ വ്യവസ്ഥയുണ്ട്. അവിടെനിന്നുള്ള വൈദ്യുതി മൂന്നുരൂപയിൽ കൂടാത്ത നിരക്കിൽ റഗുലേറ്ററി കമ്മിഷന്റെ അംഗീകാരത്തിനു വിധേയമായി ബോർഡിനു നൽകും.

സംസ്ഥാനത്തു സ്ഥലം ലഭ്യമാകുന്ന മുറയ്ക്കു ജലസംഭരണികളിലും കനാലുകളിലും തരിശുഭൂമികളിലും ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ മേൽക്കൂരകളിലും റഗുലേറ്ററി കമ്മിഷൻ അംഗീകരിക്കുന്ന നിരക്കിൽ സൗരോർജ പ്ലാന്റ് സ്ഥാപിച്ചു ബോർഡിനു വൈദ്യുതി നൽകുന്നതിനും ധാരണാപത്രത്തിൽ വ്യവസ്ഥയുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എം.എം.മണിയുടെയും സാന്നിധ്യത്തിൽ എൻടിപിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഗുർദീപ് സിങ്ങും ബോർഡ് ചെയർമാൻ എൻ.എസ്.പിള്ളയുമാണു ധാരണാപത്രത്തിൽ ഒപ്പുവച്ചത്. എൻടിപിസി ഡയറക്ടർ എ.കെ.ഗുപ്ത, ചീഫ് സെക്രട്ടറി പോൾ ആന്റണി എന്നിവരും സന്നിഹിതരായി.