വിമാന യാത്ര: ലഗേജ് നഷ്ടപ്പെട്ടാൽ നഷ്ട പരിഹാരത്തിന് ശുപാർശ

ന്യൂഡൽഹി ∙ യാത്രയ്ക്കിടെ ലഗേജ് നഷ്ടപ്പെട്ടാൽ യാത്രക്കാർക്കു വിമാന കമ്പനി 3000 രൂപ നഷ്ടപരിഹാരം നൽകണമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ശുപാർശ. ലഗേജിനു കേടുപാട് പറ്റിയാൽ 1000 രൂപ നൽകണം.

യാത്രയ്ക്കിടെ ലഗേജ് നഷ്ടമാകുന്നതു സംബന്ധിച്ച് യാത്രക്കാരുടെ പരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണു നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള ശുപാർശ വിമാനയാത്രാ ചട്ടത്തിന്റെ കരടിൽ ഉൾപ്പെടുത്തിയത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ആദ്യ അര മണിക്കൂറിൽ സൗജന്യ വൈ ഫൈ ലഭ്യമാക്കണം. വിമാനത്താവളത്തിൽ 24 മണിക്കൂർ ഡോക്ടറിന്റെ സേവനവും ആംബുലൻസും ഉറപ്പാക്കണമെന്നും ചട്ടം ശുപാർശ ചെയ്തു.