എവിടെ ആ പതിനാറായിരം കോടി? കണക്കു ‘പറയാതെ’ ആർബിഐ

ന്യൂഡൽഹി ∙  ‘ഇന്ത്യയുടെ അസാധു’ നോട്ടുകളെക്കുറിച്ചു ധാരണയില്ലാതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. തിരികെയെത്താനുള്ള നോട്ടുകളെക്കുറിച്ചു നിരോധനം വന്ന് ഇരുപതു മാസങ്ങൾക്കു ശേഷവും മറുപടി നൽകാൻ ആർബിഐയ്ക്കു കഴിഞ്ഞിട്ടില്ല. നേപ്പാളിലും ഭൂട്ടാനിലുമുള്ള അസാധു നോട്ടുകളെക്കുറിച്ചുള്ള വിവരം ലഭ്യമല്ലെന്നാണ് ഇതുസംബന്ധിച്ച വിവരവകാശ ചോദ്യങ്ങൾക്കുള്ള ആർബിഐയുടെ മറുപടി. 

അസാധുവാക്കിയ പഴയ 500,1000 രൂപ നോട്ടുകളിൽ 99 ശതമാനവും തിരികെയെത്തിയെന്ന് ഒരുവർഷം മുമ്പു പ്രഖ്യാപിച്ചവർക്കാണു ശേഷിക്കുന്ന ഒരു ശതമാനത്തെക്കുറിച്ച് അവ്യക്തത. 2016 നവംബർ എട്ടിനാണ് ഇന്ത്യയിൽ നോട്ടുനിരോധനം വന്നത്. 15.44 ലക്ഷം കോടിയുടെ നിരോധിത നോട്ടിൽ 15.28 ലക്ഷം കോടിയും തിരികെയെത്തിയെന്നു 2017ൽ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൽ ആർബിഐ വ്യക്തമാക്കിയിരുന്നു. കുറവുള്ള 16,000 കോടി രൂപയെക്കുറിച്ചു പിന്നീടു വിശദീകരണമുണ്ടായില്ല. 

ഇന്ത്യൻ കറൻസിയുടെ വലിയ തോതിലുള്ള കരുതലും ഉപയോഗവും നേപ്പാളിലും ഭൂട്ടാനിലും നടക്കുന്നുണ്ട്. നിരോധിച്ച നോട്ടടക്കം ഇപ്പോഴും വിനിമയം ചെയ്യപ്പെടുന്നത് ഇന്ത്യയിൽ നിന്നുള്ള അസാധു നോട്ടു കടത്തിനും വഴിവയ്ക്കുന്നു. 950 കോടി രൂപയുടെ അസാധു നോട്ടുകൾ കൈവശമുണ്ടെന്നും മാറി നൽകാൻ നടപടി വേണമെന്നും നേരത്തേ നേപ്പാൾ ആവശ്യപ്പെട്ടിരുന്നെങ്കിലും തീരുമാനമുണ്ടായിരുന്നില്ല.