റെക്കോർഡിന് തൊട്ടടുത്ത് സൂചിക

മുംബൈ ∙ തുടർച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി കുതിച്ചതോടെ സെൻസെക്സ് വീണ്ടും 36,000 നിലവാരം കടന്നു. നിഫ്റ്റി 10,900ന് മുകളിലെത്തി. കമ്പനികൾ മികച്ച ഫലം പ്രഖ്യാപിക്കുമെന്ന വിശ്വാസത്തിലാണ് വിപണി. സെൻസെക്സ് 304.90 പോയിന്റ് കയറി 36,239.62ൽ എത്തി. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ നേരിട്ട വർധന 665.07 പോയിന്റ്. ജനുവരി 29ന് കൈവരിച്ച റെക്കോർഡ് നിലവാരമായ 36,283ന് തൊട്ടടുത്താണ് സെൻസെക്സ് ഇപ്പോൾ. നിഫ്റ്റി 94.35 പോയിന്റ് ഉയർന്ന് 10,947.25ൽ എത്തി.മികച്ച പ്രകടനം നൽകിയത് ഓട്ടമൊബീൽ ഓഹരികളാണ്. വാഹന വിൽപനയിലെ വർധനയാണു കാരണം.