സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ആശയങ്ങൾ: ഇന്ത്യയുടെ സ്ഥാനം 57

ന്യൂയോർക്ക് ∙ സാമ്പത്തിക വളർച്ചയ്ക്ക് നൂതന ആശയങ്ങൾ നടപ്പാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 57. ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിൽ ചൈന ഈ വർഷം ഇടം കണ്ടെത്തി. ഒന്നാം സ്ഥാനം സ്വിറ്റ്സർലൻഡിനാണ്. ലോക ബൗദ്ധികാവകാശ സംഘടനയാണ് (ഡബ്ല്യുഐപിഒ) പട്ടിക തയാറാക്കിയത്. ദക്ഷിണ ഏഷ്യൻ റീജനിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷം 60–ാം സ്ഥാനത്തായിരുന്നു. ആദ്യ അഞ്ച് രാജ്യങ്ങളിൽ കഴിഞ്ഞ വർഷം നാലാം സ്ഥാനത്തു നിന്ന യുഎസ് ആറാമതായി. 22–ാം സ്ഥാനത്തു നിന്നു ചൈന 17ൽ എത്തി. 

126 രാജ്യങ്ങളുടെ പട്ടികയാണ് ഡബ്ല്യുഐപിഒ തയാറാക്കിയത്.  ബൗദ്ധികാവകാശം, മൊബൈൽ ആപ്ലിക്കേഷൻ, വിദ്യാഭ്യാസ രംഗത്ത് ചെലവഴിക്കുന്ന രീതികൾ, ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ തുടങ്ങി 80 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ തിരഞ്ഞെടുത്തത്. ചൈന നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളാണ് ആദ്യ 20–ൽ ഇടം നേടാൻ വഴിയൊരുക്കിയതെന്ന് ഡബ്ല്യുഐപിഒ ഡയറക്ടർ ജനറൽ ഫ്രാൻസിസ് ഗറി പറഞ്ഞു. സാമ്പത്തിക വളർച്ചയിൽ പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളാണ് ഇക്കുറി പുതിയ ആശയങ്ങൾ നടപ്പാക്കുന്നതിൽ മുന്നിട്ടു നിന്നത്. ശക്തമായ മുന്നേറ്റം നടത്തിയ രാജ്യങ്ങളിൽ മലേഷ്യ, ഇന്തോനീഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവയുണ്ട്. 

ഇന്ത്യയ്ക്കു പല കാര്യങ്ങളിലും നേട്ടം കൊയ്യാൻ കഴിഞ്ഞതായി ഡബ്ല്യുഐപിഒ പറയുന്നു. ഉൽപാദന രംഗത്തെ വളർച്ച, സേവനം, വിവര സാങ്കേതിക വിദ്യ കയറ്റുമതി എന്നീ രംഗങ്ങളിൽ ഇനിയും വളർച്ച കൈവരിക്കാനാവുമെന്നും റിപ്പോർട്ടിൽ പറയുന്നു.