Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട് അസാധുവാക്കലിന്റെ ‘ക്ഷീണം’ തീരുന്നു; ഇന്ത്യ വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ

narendra-modi നരേന്ദ്ര മോദി (ഫയൽ ചിത്രം)

വാഷിങ്ടൻ∙ 2018ൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നു രാജ്യാന്തര നാണയനിധി (ഐഎംഎഫ്). നിലവിൽ ഇന്ത്യയുടെ വളർച്ചാനിരക്ക് 7.4% ആണ്. ഇത് 2019ൽ 7.8% ആയി ഉയരുമെന്നും ഐഎംഎഫിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. സംഘടനയുടെ ഏഷ്യ, പസഫിക് റീജ്യനൽ ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടിലാണ് ഈ പരാമർശം.

നോട്ട് അസാധുവാക്കലിന്റെയും ജിഎസ്ടി നടപ്പാക്കിയതിന്റെയും പരിണിതഫലങ്ങളിൽനിന്ന് ഇന്ത്യ കരകയറുകയാണെന്നു റിപ്പോർട്ടിൽ പറയുന്നു. ലോകത്ത് ഏറ്റവും വേഗം വളർച്ച പ്രാപിക്കുന്ന മേഖല ഏഷ്യയാണെന്നും ലോക സമ്പദ്‌വ്യവസ്ഥയുടെ പ്രധാനപ്പെട്ട ‘എൻജിനാ’ണ് ഏഷ്യയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആഗോള വളർച്ചയുടെ 60 ശതമാനവും ഈ മേഖലയിൽനിന്നാണു വരുന്നത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമാണ്.

ഇന്ത്യയ്ക്കു പിന്നാലെ ദക്ഷിണേഷ്യയിൽനിന്നു ബംഗ്ലദേശിനെയാണു വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി റിപ്പോർട്ടിൽ ചേർത്തിരിക്കുന്നത്. ഈ വർഷവും അടുത്ത വർഷവും ബംഗ്ലദേശ് 7% വളർച്ച നേടുമെന്നാണ് റിപ്പോർട്ട്. ശ്രീലങ്ക ഈ വർഷം നാലു ശതമാനവും 2019ൽ 4.5 ശതമാനവും വളർച്ച നേടും. നേപ്പാളിന് ഈ വർഷം അഞ്ചു ശതമാനമാണു വളർച്ച. അടുത്ത വർഷം നാലു ശതമാനം വളർച്ചയേ നേപ്പാൾ കരസ്ഥമാക്കൂ. അതേസമയം, പാക്കിസ്ഥാനെ മധ്യപൂർവേഷ്യയുടെ ഭാഗമായാണ് ഐഎംഎഫ് കണക്കാക്കുന്നത്. അതിനാൽ റിപ്പോർട്ടിൽ രാജ്യത്തെ ഉൾപ്പെടുത്തിയിട്ടില്ല.