Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ 2018ല്‍ 7.3% വളർച്ച നേടുമെന്ന് ഐഎംഎഫ്; ചൈനയെ മറികടക്കും

economy

വാഷിങ്ടൻ∙ നടപ്പു സാമ്പത്തിക വർഷം ഇന്ത്യ 7.3% വളർച്ചാ നിരക്ക് കൈവരിക്കുമെന്ന് ഐഎംഎഫ്. 2019ൽ ഇത് 7.4% ആകുമെന്നു പ്രതീക്ഷിക്കുന്നതായും ഐഎംഎഫിന്‍റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടിൽ പറയുന്നു. 6.7% വളർച്ചാ നിരക്കാണ് 2017ൽ ഇന്ത്യ കൈവരിച്ചിരുന്നത്. നോട്ട് നിരോധനവും ചരക്കു സേവന നികുതി നടപ്പിലാക്കലും സൃഷ്ടിച്ച ആഘാതത്തിൽനിന്ന് ഇന്ത്യ കരയേറിയതിന്റെ സൂചനയാണ് ഈ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് നൽകുന്നതെന്നും ഐഎംഎഫ് വിലയിരുത്തി.

നിലവിലെ കണക്കുകൂട്ടലുകൾ ശരിയാകുകയാണെങ്കിൽ അതിവേഗം സാമ്പത്തിക വളർച്ച കൈവരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈനയെ പിന്തള്ളാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2018ൽ 0.7% പോയിന്‍റിന്‍റെ വ്യത്യാസവും 2019ൽ 1.2% പോയിന്‍റിന്‍റെ വ്യത്യാസവുമാകും ചൈനയ്ക്കു മേൽ ഇന്ത്യക്ക് കൈവരിക്കാനാകുക. അതിവേഗം സാമ്പത്തിക വളർച്ച കൈവരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ 2017ൽ ചൈനയായിരുന്നു ഒന്നാം സ്ഥാനത്ത്. ഇന്ത്യയെ അപേക്ഷിച്ച് 0.2% പോയിന്‍റിന്‍റെ വ്യത്യാസമാണ് ചൈനയ്ക്കുണ്ടായിരുന്നത്.

2017ൽ 6.9% വളര്‍ച്ചാനിരക്ക് കൈവരിച്ച ചൈനയിൽ 2018ൽ 6.6%വും 2019ൽ 6.2%വും വളർച്ചാ നിരക്ക് രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫിന്‍റെ ഇപ്പോഴത്തെ കണക്കുകൂട്ടൽ‌.