Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗീത ഗോപിനാഥിന് പുതുനിയോഗം; രാജ്യാന്തര നാണ്യനിധി മുഖ്യ സാമ്പത്തിക വിദഗ്ധ

021111_Gita_019.jpg ഗീത ഗോപിനാഥ്.

കൊച്ചി∙ ഹാർവഡ് സർവകലാശാല ഇക്കണോമിക്സ് പ്രഫസറും മലയാളിയുമായ ഗീത ഗോപിനാഥ് രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിതയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവാണ്. ലോകത്തെ എണ്ണപ്പെട്ട സാമ്പത്തിക വിദഗ്ധരിൽ ഒരാളായ ഗീതയ്ക്ക് മികച്ച വിദ്യാഭ്യാസ യോഗ്യതകളുണ്ടെന്നും ബൗദ്ധികമികവും നേതൃത്വഗുണവും വിപുലമായ രാജ്യാന്തര പരിചയവുമുണ്ടെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റിൻ ലഗാർദെ അഭിപ്രായപ്പെട്ടു.

രാജ്യാന്തര സാമ്പത്തിക രംഗത്ത് ഏറെ നേട്ടങ്ങൾ കൈവരിച്ച ഗീത ഗോപിനാഥിന് അടുത്തിടെ അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസസ് അംഗത്വം ലഭിച്ചിരുന്നു. പ്രായം അറുപതുകളിലെത്തിയ പ്രമുഖർ നേടുന്ന അമേരിക്കൻ അക്കാദമി അംഗത്വം 46–ാം വയസ്സിലാണു ഗീതയെ തേടിയെത്തിയത്. ആഗോള തലത്തിൽ 5000 അംഗങ്ങൾ മാത്രമാണ് അക്കാദമിക്ക് ഉള്ളത്. ഈ മാസം ആറിനു മാസച്യുസിറ്റ്സിലെ കേംബ്രിജിൽ അക്കാദമി ആസ്ഥാനത്ത് അംഗത്വം ഔപചാരികമായി നൽകാനിരിക്കെയാണ് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം ഗീതയ്ക്കു ലഭിക്കുന്നത്.

കണ്ണൂർ സ്വദേശിയും കാർഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണു പഠിച്ചുവളർന്നത്. ഡൽഹി ലേ‍‍ഡി ശ്രീറാം കോളജിൽ നിന്ന് ഇക്കണോമിക്സിൽ ഓണേഴ്സും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും വാഷിങ്ടൻ സർവകലാശാലയിൽ നിന്നും എംഎയും പ്രിൻസ്റ്റൻ സർവകലാശാലയിൽ നിന്നു ഡോക്ടറേറ്റും നേടി.

പ്രിൻസ്റ്റൻ സർവകലാശാലയിൽ ഗവേഷണത്തിനു വുഡ്രോ വിൽസൻ ഫെലോഷിപ് ലഭിച്ചു. യുവ ലോകനേതാക്കളിൽ ഒരാളായി വേൾഡ് ഇക്കണോമിക് ഫോറം തിരഞ്ഞെടുത്തിരുന്നു. മുൻ ഐഎഎസ് ഓഫിസറും മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) പോവർട്ടി ആക്‌ഷൻ ലാബ് ഡയറക്ടറുമായ ഇക്ബാൽ ധലിവാൾ ആണു ഭർത്താവ്. മകൻ ഒൻപതാം ക്ളാസ് വിദ്യാർഥി രോഹിൽ.

related stories