കരകയറാതെ കേരള കമ്പനികൾ

കൊച്ചി ∙ ഓഹരി വില സൂചികയായ സെൻസെക്സ് റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നെങ്കിലും വിപണി മൂല്യത്തിൽ അടുത്തകാലത്തുണ്ടായ ഭീമമായ നഷ്ടം നികത്താൻ കേരളം ആസ്ഥാനമായുള്ളതും സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ളതുമായ കമ്പനികൾക്കു കഴിഞ്ഞില്ല.

കേരളത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾ അര ലക്ഷത്തോളമുണ്ടെങ്കിലും 30ൽ താഴെ മാത്രമാണു സ്റ്റോക്ക് എ​ക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇവയുടെ വിപണി മൂല്യം ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ 91,569 കോടി രൂപ മാത്രമായിരുന്നു. ഏതാനും മാസം മുമ്പ് 1,00,000 കോടി രൂപയ്ക്കു മുകളിലെത്തിയ സ്ഥാനത്താണിത്. വിപണിയിലെ റെക്കോർഡ് മുന്നേറ്റം ഈ കമ്പനികളുടെ നിക്ഷേപകർക്ക് അനുകൂലമായില്ലെന്നർഥം.

കേരള കമ്പനികളുടെ സംയുക്ത വിപണി മൂല്യം രാജ്യത്തെ പല വൻകിട കമ്പനികളുടെയും വിപണി മൂല്യത്തിന്റെ അടുത്തുപോലും എത്തുന്നില്ല. ആറായിരത്തോളം കമ്പനികൾ ലിസ്റ്റ് ചെയ്തിട്ടുള്ള ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചി(ബിഎസ്ഇ)ൽ അവയുടെ മൂല്യം ഇന്നലെ 1,48,63,765 രൂപയിലേക്കാണ് ഉയർന്നത്.

വിപണി മൂല്യത്തിൽ നേരത്തെയുണ്ടായിരുന്ന നിലവാരം നഷ്ടമായ കമ്പനികളിൽ ഫെഡറൽ ബാങ്ക്, മുത്തൂറ്റ് ഫിനാൻസ്, കൊച്ചിൻ ഷിപ്‌യാർഡ്, സൗത്ത് ഇന്ത്യൻ ബാങ്ക്, ജിയോജിത്, കിറ്റെക്സ്  തുടങ്ങിയവ ഉൾപ്പെടുന്നു. അതേസമയം, അപ്പോളോ ടയേഴ്സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, കെഎസ്ഇ ലിമിറ്റഡ് തുടങ്ങിയവയുടെ വിപണി മൂല്യത്തിൽ ഗണ്യമായ വർധനയാണുണ്ടായത്.

വിപണി മൂല്യം

ഏതു കമ്പനിയുടെയും ഓഹരികളുടെ എണ്ണത്തെ ഓഹരിയുടെ വിപണി വിലകൊണ്ടു ഗുണിച്ചാൽ ആ കമ്പനിയുടെ വിപണി മൂല്യം (മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ) കണ്ടെത്താം. ഒരു കമ്പനി 10,00,000 ഓഹരികൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും  ഒരു ഓഹരിക്കു വിപണിയിൽ 90 രൂപയാണു വിലയെന്നും കരുതുക. അപ്പോൾ കമ്പനിയുടെ വിപണി മൂല്യം 10,00,000 x 90.00 = 9,00,00,000 രൂപ.

‘മാർക്കറ്റ് ക്യാപ്’ എന്നു ചുരുക്കി പറയാറുണ്ട്. വീണ്ടും ചുരുക്കി ‘ക്യാപ്’ എന്നു മാത്രവും പറയും. വിപണി മൂല്യത്തിന്റെ വലുപ്പച്ചെറുപ്പം കണക്കിലെടുത്തു കമ്പനികളെ സ്മോൾ ക്യാപ്, മിഡ് ക്യാപ്, ലാർജ് ക്യാപ് എന്നിങ്ങനെ വേർതിരിക്കാറുമുണ്ട്. ചെറുകിട കമ്പനികളാണു സ്മോൾ ക്യാപ് എന്ന വിഭാഗത്തിൽ വരുന്നത്. മിഡ് ക്യാപ് എന്നത് ഇടത്തരം കമ്പനികൾക്കുള്ള വിശേഷണം. ലാർജ് ക്യാപ് എന്ന വിശേഷണം വൻകിട കമ്പനികൾക്കുള്ളതാണ്. ഈ വിഭാഗത്തിൽപ്പെട്ട കമ്പനികൾ കേരളത്തിൽ ഇല്ല.

വിപണി മൂല്യത്തിൽ ഏറ്റവും മുന്നിലുള്ള 100 കമ്പനികളെ മാത്രമേ മ്യൂച്വൽ ഫണ്ടുകൾ ‘ലാർജ് ക്യാപ്’ ആയി പരിഗണിക്കാവൂ എന്നു സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ നിർദേശമുണ്ട്. 101 മുതൽ 250 വരെ സ്ഥാനമുള്ളവയെയാണു ‘മിഡ് ക്യാപ്’ ആയി പരിഗണിക്കേണ്ടത്. 250 കഴിഞ്ഞുള്ളവയെ ‘സ്മോൾ ക്യാപ്’ വിഭാഗമായി കണക്കാക്കണം.