മോഹിപ്പിക്കുന്ന ഇന്ത്യയെ പരിചയപ്പെടുത്താൻ ഗൂഗിൾ സഹകരിക്കും

ന്യൂഡൽഹി∙ ഇന്ത്യൻ ടൂറിസത്തെ ലോകത്തിനു മിഴിവോടെ പരിചയപ്പെടുത്താൻ ഗൂഗിളുമായി കൂടുതൽ സഹകരണത്തിനു വിനോദ സഞ്ചാര മന്ത്രാലയം. ‘ഇൻക്രെഡിബിൾ ഇന്ത്യ’ പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ത്യയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ ത്രിമാന കാഴ്ച ടൂറിസം മന്ത്രാലയത്തിനു വേണ്ടി ഗൂഗിൾ തയ്യാറാക്കിയിരുന്നു.

കുത്തബ് മിനാർ, സുവർണ ക്ഷേത്രം, ഹംപി, ഗോവ തുടങ്ങിയ സ്ഥലങ്ങളുടെ ത്രിമാനകാഴ്ച നിലവിൽ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഔദ്യോഗിക വെബ്സൈറ്റിലെ കൂടുതൽ മാറ്റങ്ങൾക്കും ഗൂഗിളിന്റെ സേവനം ഉപയോഗപ്പെടുത്തും. യോഗ ഉൾപ്പെടെയുള്ള ഇന്ത്യയുടെ ടൂറിസം വിഭവങ്ങളെക്കുറിച്ചു തയ്യാറാക്കിയ വീഡിയോ കൂടുതൽ പ്രചരിപ്പിക്കാനും ആസ്വാദകരെ കണ്ടെത്താനും ഗൂഗിളുമായി ധാരണയായി കഴിഞ്ഞു.