ഓഹരി വിപണിയും കൂപ്പുകുത്തി; സെൻസെക്സ് 224 പോയിന്റ് താഴ്ന്നു

മുംബൈ ∙ തുർക്കിപ്പേടിയിൽ ഓഹരി വിപണിയിലും വൻ തകർച്ച. തുർക്കിയിലെ സാമ്പത്തിക അസ്ഥിരതയും വിദേശനാണ്യ വിപണിയിലെ രൂപയുടെ മൂല്യശോഷണവും ചേർന്നപ്പോൾ ബോംബെ ഓഹരി സൂചിക സെൻസെക്സ് 224.33 പോയിന്റും ദേശീയ ഓഹരിസൂചിക നിഫ്റ്റി 73.75 പോയിന്റും കൂപ്പുകുത്തി. ഫിനാൻഷ്യൽ, പിഎസ്‌യു വിഭാഗം ഓഹരികളുടെ വിറ്റൊഴിക്കൽ സമ്മർദമാണു വിപണിയുടെ അടിതെറ്റിച്ചത്. സെൻസെക്സ് 37,644.90 പോയിന്റിലും നിഫ്റ്റി 11,355.75 പോയിന്റിലും ക്ലോസ് ചെയ്തു.

ബാങ്കിങ് ഓഹരികളിൽ കാര്യമായ ഇടിവുണ്ടായി. എസ്ബിഐയുടെ ഓഹരിവില 3.17% താഴ്ന്നു. പഞ്ചാബ് നാഷനൽ ബാങ്ക്, യെസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരിവിലയിലും ഇടിവുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ (പിഎസ്‌യു) ഓഹരി വിലയിലും വലിയ ഇടിവ് ദൃശ്യമായിരുന്നു.