പേയ്ടിഎം മണി: നിക്ഷേപകരുടെ റജിസ്ട്രേഷൻ 9.5 ലക്ഷം

കൊച്ചി ∙ പേയ്ടിഎമ്മിന്റെ നിക്ഷേപക കമ്പനിയായ പേയ്ടിഎം മണിയിലേക്ക് നിക്ഷേപക പ്രവാഹം. 9.5 ലക്ഷം പേർ ഇതിനകം റജിസ്റ്റർ ചെയ്തു. ദിവസം 2500 പേർക്കു വീതം മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താനും അവസരം ഒരുങ്ങി.

 മെട്രോ നഗരങ്ങൾ വിട്ട് ചെറിയ നഗരങ്ങളിലുള്ളവരെ ലക്ഷ്യമിട്ടാണ് ഈ നിക്ഷേപ പോർട്ടലിന്റെ പ്രവർത്തനം. പേയ്ടിഎം മണിയിൽ പാൻ കാർഡ് നൽകുക, ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുക എന്നിവ നടത്തിയാല്‍ നിക്ഷേപം ആരംഭിക്കാം. 

100 രൂപ പോലും നിക്ഷേപിക്കാം. സഹകരണ ബാങ്കുകൾ ഉൾപ്പെടെ 190 ബാങ്കുകളുമായി ഇടപാടുള്ളതിനാൽ ഏതു ബാങ്കുമായും ലിങ്ക് ചെയ്യാം. 

കമ്മിഷനോ, ഫീസോ നിക്ഷേപകരിൽ നിന്ന് ഈടാക്കുന്നില്ലെന്നു പേയ്ടിഎം മണി ഡയറക്ടർ പ്രവീൺ ജാദവ് പറഞ്ഞു. ഇന്ത്യയിൽ നിലവിൽ രണ്ടു കോടി ആളുകളാണ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. അഞ്ചു വർഷത്തിനകം എണ്ണം അഞ്ചു കോടിയാക്കുകയാണ് പേയ്ടിഎം മണിയുടെ ലക്ഷ്യം.