‌‌സ്റ്റാർട്ടപ്പുകളിൽനിന്ന് ഗവ. സ്ഥാപനങ്ങൾക്ക് 20 ലക്ഷത്തിന്റെ സോഫ്റ്റ്‌വെയർ വാങ്ങാം

തിരുവനന്തപുരം∙ സ്റ്റാർട്ടപ്പുകളിൽനിന്നു സർക്കാർ സ്ഥാപനങ്ങൾ 20 ലക്ഷം രൂപ വരെ വിലയുള്ള സോഫ്റ്റ്‌വെയർ ഉൽപന്നങ്ങളും മൊബൈൽ ആപ്ലിക്കേഷനുകളും നേരിട്ടുവാങ്ങാൻ തീരുമാനമായി. ഇതുവരെ അഞ്ചുലക്ഷമായിരുന്നു പരിധി. സ്റ്റാർട്ടപ്പുകളുടെ ബാധ്യത കുറയ്ക്കാനും വിപണിസാധ്യത വർധിപ്പിക്കാനുമാണു പുതിയ തീരുമാനം. 20 ലക്ഷം രൂപയ്ക്കു പുറമെയായിരിക്കും ജിഎസ്ടി എന്നതിനാൽ സ്റ്റാർട്ടപ്പുകൾക്കു തീരുമാനം സഹായകരമാകും. 

നിലവിൽ, സർക്കാർ സ്ഥാപനങ്ങൾക്ക് ഒരു വർഷം രണ്ട് ആപ്ലിക്കേഷനുകളിലധികം വാങ്ങാനാവില്ല. ജിഎസ്ടി വന്നതോടെ അഞ്ചുലക്ഷമെന്ന പരിധി സ്റ്റാർട്ടപ്പുകളെ ബാധിച്ചിരുന്നു. ഇതുസംബന്ധിച്ചു സ്റ്റാർട്ടപ് മിഷൻ സിഇഒ: സജി ഗോപിനാഥ് സർക്കാരിനു കത്ത് നൽകിയിരുന്നു. തുടർന്നാണ് ഉത്തരവിറക്കിയത്. കേന്ദ്രസർക്കാരിന്റെ ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രമോഷൻ വകുപ്പിൽ (ഡിഐപിപി) റജിസ്റ്റർ ചെയ്തിട്ടുള്ളതും സ്റ്റാർട്ടപ് മിഷന്റെ പട്ടികയിലുള്ളതുമായ സ്റ്റാർട്ടപ്പുകളെയാണു പരിഗണിക്കുക.