ഗീതാ ഗോപിനാഥ് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ്

ഗീതാ ഗോപിനാഥ്

ന്യൂഡൽഹി ∙ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായ ഗീത ഗോപിനാഥിനെ രാജ്യാന്തര നാണ്യനിധിയുടെ (ഐ എംഎഫ്) ചീഫ് ഇക്കണോമിസ്റ്റായി നിയമിച്ചു. നിലവിലെ ചീഫ് ഇക്കണോമിസ്റ്റ് മൗറീസ് ഒബ്ഫീൽഡ് ഈ വർഷം സ്ഥാനമൊഴിയും. 

ആർബിഐ മുൻ ഗവർണർ രഘുറാം രാജന് ശേഷം ഇന്ത്യയിൽ നിന്ന് ഈസ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ഗീത. ഹാർവഡ് സർവകലാശാലയിലെ ഇക്കണോമിക്സ് പ്രഫസറാണ്ഗീത. അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസസ് അംഗത്വവും ലഭിച്ചിട്ടുണ്ട്.  കണ്ണൂർ സ്വദേശിയും കാർഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണു പഠിച്ചുവളർന്നത്.

ഡൽഹി ലേ‍‍ഡി ശ്രീറാം കോളജിൽ നിന്ന് ഇക്കണോമിക്സിൽ ഓണേഴ്സും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും വാഷിങ്ടൻ സർവകലാശാലയിൽ നിന്നും എംഎയും പ്രിൻസ്റ്റൻ സർവകലാശാലയിൽ നിന്നു ഡോക്ടറേറ്റും നേടി. യുവ ലോകനേതാക്കളിൽ ഒരാളായി വേൾഡ് ഇക്കണോമിക് ഫോറം തിരഞ്ഞെടുത്തിരുന്നു.