മൊബൈൽ ആപ് ഇൻക്യുബേറ്ററിൽ 3 മാസംകൊണ്ട് 17 സ്റ്റാർട്ടപ്പുകൾ

കോഴിക്കോട് സൈബര്‍ പാര്‍ക്ക് ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന മൊബൈൽ 10എക്സ് മൊബൈൽ ആപ് ഇൻക്യുബേറ്റർ

കോഴിക്കോട് ∙ സംസ്ഥാനത്തെ ആദ്യ മൊബൈൽ ആപ് ഇൻക്യുബേറ്ററായ മൊബൈൽ 10എക്സിൽ 3 മാസത്തിനുള്ളിൽ എത്തിയത് 17 സ്റ്റാർട്ടപ്പുകൾ. മൊത്തം 150 സീറ്റുള്ള ഹബിൽ 70 പേരാണ് പ്രവർത്തിക്കുന്നത്. ഇ ഗവേണൻസ്, ഹെൽത്ത്കെയർ, എജ്യുക്കേഷൻ, ഹൈപ്പർ ലോക്കൽ സേർച്, അഗ്രികൾച്ചർ, ട്രാവൽ തുടങ്ങി വിവിധ മേഖലകളിലായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെല്ലാം മലബാറിൽനിന്നുള്ളവയാണ്. 

സൈബർ പാർക്കിൽ കേരള സ്റ്റാർട്ടപ് മിഷന്റെ സഹകരണത്തോടെ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐമായ്) ആരംഭിച്ച ഹബ് ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തനം തുടങ്ങിയത് ജൂലൈയിലാണ്. ഗൂഗിൾ, ഫെയ്സ്ബുക്, പേയ്ടിഎം എന്നീ കമ്പനികൾക്കും പങ്കാളിത്തമുള്ള കേന്ദ്രത്തിലെ സ്റ്റാർട്ടപ്പുകളിൽ ചിലതിന് ഇതിനകം വിദേശ കമ്പനികളുടെ നിക്ഷേപവും ലഭിച്ചിട്ടുണ്ട്.  

മൊബൈൽ ആപ്ലിക്കേഷനുകൾ ടെസ്റ്റ് ചെയ്യാൻ സൗകര്യമൊരുക്കുന്ന ഹെഡ്സ്പിൻ ലാബാണ് കേന്ദ്രത്തിന്റെ ആകർഷണങ്ങളിലൊന്ന്. ആപ്ലിക്കേഷൻ ഡിസൈനിങ്, ഡവലപ്മെന്റ് എന്നിവയ്ക്കു പ്രത്യേകം സൗകര്യങ്ങളുണ്ട്. ഉൽപന്നത്തിലൂടെ എങ്ങനെ വരുമാനമുണ്ടാക്കാമെന്നതിന് മാർഗനിർദേശങ്ങളും പരിശീലനവും ലഭിക്കും. ഓരോ മേഖലയിലുമുള്ള വിദഗ്ധരുടെ മെന്ററിങ്ങും പ്രമുഖരുമായി സംവദിക്കാനുള്ള സൗകര്യവുമുണ്ട്. ഗൂഗിൾ, എഡബ്ല്യുഎസ്, ഡിജിറ്റൽ ഓഷ്യൻ എന്നിവരുടെ സെർവർ ക്രെഡിറ്റ്സും സ്റ്റാർട്ടപ്പുകൾക്കു നേട്ടമാകും. 

3 മാസത്തിനുള്ളിൽ 17 സ്റ്റാർട്ടപ്പുകളും 10 കോ–വർക്കിങ് കമ്പനികളും ഹബിലെത്തിയത് വലിയ വിജയമാണെന്ന് ഐമായ് സ്റ്റാർട്ടപ് ഫൗണ്ടേഷൻ സിഇഒ കേണൽ ജിതേന്ദർ സിങ് മിനാസ് പറഞ്ഞു. ബ്ലോക്ചെയിൻ, നിർമിത ബുദ്ധി, മെഷീൻ ലേണിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ മേഖലകൾക്കും കേന്ദ്രം പ്രാധാന്യം നൽകും. വിദഗ്ധസമിതിയുടെ നേതൃത്വത്തിൽ ആശയങ്ങൾ വിലയിരുത്തിയാണ് സംരംഭകർക്കു പ്രവേശനം. 31 വരെ പുതിയ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും പറ‍ഞ്ഞു. www.mobile10x.in/hub/mobile-10x-hub-kozhikode