തകർന്നടിഞ്ഞ് ഓഹരിവിപണി

കൊച്ചി ∙ തുടർച്ചയായ തകർച്ചയിൽ ഓഹരി വിലസൂചികകൾ താഴ്‌ന്നിരിക്കുന്നത് ഏഴു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക്. വിലത്തകർച്ചയിൽ നിക്ഷേപകരുടെ ആസ്‌തി മൂല്യത്തിലുണ്ടായിട്ടുള്ള നഷ്‌ടം 26 ലക്ഷം കോടി രൂപയിലേറെ. ഓഹരി അധിഷ്‌ഠിത മ്യൂച്വൽ ഫണ്ടുകളെ ആശ്രയിച്ചവർക്കും നേരിട്ടിരിക്കുന്നതു കനത്ത നഷ്‌ടം.

അസംസ്‌കൃത എണ്ണ വില കത്തിക്കയറിയതും യുഎസ് – ചൈന വ്യാപാര യുദ്ധം മൂർച്‌ഛിക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമായതും യുഎസ് പലിശ നിരക്കുകൾ മെച്ചപ്പെട്ടതുമൊക്കെയാണ് ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര വിപണികളിലെല്ലാം വിൽപന സമ്മർദം വർധിപ്പിച്ചത്.

ആഭ്യന്തര സാഹചര്യങ്ങളും ഓഹരി വിപണിയെ അനാകർഷകമാക്കുന്നതായി. കോർപറേറ്റ് മേഖലയുടെ പ്രവർത്തനം പ്രതീക്ഷകൾക്കു വക നൽകുന്നില്ല. ബാങ്കിങ് മേഖല കിട്ടാക്കടത്തിലേക്കു കൂടുതലായി മുങ്ങിത്താഴുന്നു. നാണ്യപ്പെരുപ്പ നിരക്കുകൾ കടിഞ്ഞാണുകളിൽ ഒതുങ്ങുന്നില്ല. സാമ്പത്തിക പരിഷ്‌കാരങ്ങളിൽ ഊന്നിയ പ്രതീക്ഷകൾക്കു മങ്ങലേറ്റിരിക്കുന്നു. പറയത്തക്ക തോതിൽ നിക്ഷേപം ആകർഷിക്കാൻ ‘മേക്ക് ഇൻ ഇന്ത്യ’ പോലുള്ള മുദ്രാവാക്യങ്ങൾ പര്യാപ്‌തമായില്ലെന്നതും ശ്രദ്ധേയം.

തകർച്ച ഇനിയും എത്ര നാൾ എന്ന ആശങ്കയിലാണു നിക്ഷേപകർ. പ്രതീക്ഷ പകരുന്ന സാഹചര്യങ്ങൾക്കൊന്നും തൽക്കാലം പഴുതില്ലെന്നാണു വിപണിയെ അടുത്തറിയുന്നവർ നൽകുന്ന മുന്നറിയിപ്പ്. രാജ്യാന്തര സാഹചര്യങ്ങളിൽ മാറ്റം വന്നിട്ടില്ലെന്ന കാര്യം അവർ ഓർമിപ്പിക്കുന്നു. 

ആഭ്യന്തര സാഹചര്യങ്ങളിലും മാറ്റത്തിന്റെ ലക്ഷണങ്ങൾ കാണുന്നില്ല. ഏതാനും നിയമ സഭകളിലേക്കു നടക്കാൻപോകുന്ന തിരഞ്ഞെടുപ്പുകളുടെ ഫലം, പണലഭ്യതയിലെ വൻ ഇടിവു മൂലം ബാങ്ക് ഇതര ധനസ്‌ഥാപനങ്ങൾ(എൻബിഎഫ്‌സി) നേരിടുന്ന  പ്രതിസന്ധി തുടങ്ങിയവ സംബന്ധിച്ച ആശങ്കകൾ അധികമായി പൊന്തിവന്നിട്ടുമുണ്ട്.

ഓഹരി വിലകൾ വളരെ താഴുമ്പോൾ നിക്ഷേപാവസരം കണ്ടെത്തുന്നവർ അപൂർവമല്ല. ‘വാല്യു ഹണ്ടിങ്’ എന്നും ‘ബോട്ടം ഫിഷിങ്’ എന്നുമൊക്കെ വിളിക്കാവുന്ന ഈ തന്ത്രം പ്രയോഗിക്കുന്നവർ പോലും കൈ നനയ്‌ക്കാൻ തയാറായിട്ടില്ലെന്നതും അനിശ്‌ചിതത്വത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. 

സൂചികകളുടെ അവസാന നില

സെൻസെക്‌സ്: 33349.31

നിഫ്‌റ്റി: 10,030.00