ബിസിനസ് അനുകൂല അന്തരീക്ഷം : ഇന്ത്യയ്ക്കു റാങ്ക് 77; അഭിമാനിക്കാവുന്ന നേട്ടമെന്ന് ലോക ബാങ്ക്

വാഷിങ്ടൻ ∙ ബിസിനസ് അനുകൂല സാഹചര്യങ്ങളുടെ കാര്യത്തിൽ ഇന്ത്യയ്ക്കു വൻ കുതിപ്പ്. ലോക ബാങ്കിന്റെ പട്ടികയിൽ കഴിഞ്ഞ വർഷം നൂറാം സ്ഥാനത്തായിരുന്ന രാജ്യത്തിന് ഇക്കുറി റാങ്ക് 77. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

സംരംഭം തുടങ്ങുന്നതും നടത്തുന്നതും സംബന്ധിച്ച 10 മാനദണ്ഡങ്ങളിൽ ആറിലും ഇന്ത്യ പുരോഗതി നേടിയെന്നു റിപ്പോർട്ടിൽ പറയുന്നു. സംരംഭകത്തുടക്കം, നിർമാണ അനുമതി, വൈദ്യുതി ലഭ്യത. വായ്പാ ലഭ്യത, അതിർത്തി കടന്നുള്ള വ്യാപാരം, കരാർ വ്യവസ്ഥകൾ തുടങ്ങിയ കാര്യങ്ങളിലാണു നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്.

2014ൽ രാജ്യം 142–ാം സ്ഥാനത്തായിരുന്നു. അടുത്ത വർഷം 131, പിന്നെ 100 എന്നിങ്ങനെ മികവു നേടി. ഇക്കുറി 23 സ്ഥാനങ്ങൾ ഉയർന്നാണ് 77ൽ എത്തിയത്. ന്യൂസീലൻഡ് ഒന്നാമതുള്ള പട്ടികയിൽ സിംഗപ്പൂർ, ഡെൻമാർക്ക്, ഹോങ്കോങ് എന്നിവ തൊട്ടു പിന്നിൽ. യുഎസ് എട്ടാമത്. ചൈന 46, പാക്കിസ്ഥാൻ 136 എന്നീ നിലകളിലാണ്. റിപ്പോർട്ട് പ്രകാരം, ഏറ്റവും പുരോഗതി നേടിയ 10 പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ.

ആദ്യ 50ൽ സ്ഥാനം കിട്ടാക്കനിയല്ല

2 വർഷംകൊണ്ട് 53 സ്ഥാനം കയറിയെന്നത് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് ലോക ബാങ്ക്. ബിസിനസ് അനുകൂല അന്തരീക്ഷത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ള 50 രാജ്യങ്ങളിൽ ഒന്നാകണമെന്നു പ്രധാനമന്ത്രി 2014ൽ പ്രഖ്യാപിച്ച ലക്ഷ്യം കടുപ്പമാണെങ്കിലും അപ്രാപ്യമല്ലെന്നും ലോക ബാങ്ക് വക്താക്കാൾ പറഞ്ഞു. ഏറ്റവും മികച്ച പുരോഗതി നേടിയ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ കഴിഞ്ഞ വർഷവും ഇക്കൊല്ലവുമെത്തിയിട്ടുണ്ട്.

ബിസിനസ് തുടങ്ങുന്ന കാര്യത്തിലും വ്യവസായ വാണിജ്യ തർക്കങ്ങൾ പരിഹരിക്കുന്ന കാര്യത്തിലും വസ്തുവകകളുടെ റജിസ്ട്രേഷനിലും ഇന്ത്യ ഇപ്പോഴും പിന്നിലാണെന്നു റിപ്പോർട്ട് പറയുന്നു. ജിഎസ്ടിയുടെ പൂർണ നേട്ടം അടുത്ത വർഷമാകും പ്രതിഫലിക്കുകയെന്നു ലോക ബാങ്ക് സീനിയർ ഡയറക്ടറും ഇക്കോണമിസ്റ്റുമായ ശാന്ത ദേവരാജൻ പറഞ്ഞു. ഇന്ത്യ ‘നികുതികളുടെ രാജാവാ’ണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതു വസ്തുതാപരമല്ലെന്ന് അവർ പറഞ്ഞു. ഇപ്പോൾ ഇന്ത്യയുടെ നികുതിനയം വളരെ ഉദാരമാണ്. രാജ്യം ഇറക്കുമതിത്തീരുവ ചുമത്തുന്നുണ്ടെങ്കിലും അത് വളരെ ഉയരത്തിലല്ല. ദക്ഷിണേഷ്യയിൽപ്പോലും ഇന്ത്യയുടെ നികുതിയല്ല കൂടുതൽ.