ക്ഷേമ പദ്ധതികൾ വിശപ്പുമാറ്റി; ദരിദ്ര രാജ്യമെന്ന ചീത്തപ്പേര് മാറ്റാൻ ഇന്ത്യ

representative
SHARE

ന്യൂഡൽഹി ∙ എട്ടു വർഷത്തിനിടെ ഇന്ത്യയിലെ പാവങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. 2011ൽ 1.90 ഡോളർ പ്രതിദിന വരുമാനം (ഇന്നത്തെ 135 രൂപ) ഇല്ലാത്തവരെയാണു ലോക ബാങ്ക് ദരിദ്രരായി കണക്കാക്കിയിരുന്നത്. ജൂണിൽ പുതിയ റിപ്പോർട്ട് പുറത്തുവരും. ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് 2030ഓടെ രാജ്യം മോചിതമാകുമെന്ന് ഇന്ത്യന്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ് വകുപ്പ് തലവന്‍ പ്രവീണ്‍ ശ്രീവാസ്‌തവയെ ഉദ്ദരിച്ച്‌ ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

കുടുംബ വരുമാനം കൂടിയതാണു രാജ്യത്തെ പട്ടിണി കുറയാൻ കാരണം. ലോക ബാങ്കിന്റെ മാനദണ്ഡമനുസരിച്ച് 26.8 ദശലക്ഷം പേരാണു ഇന്ത്യയിലെ ദരിദ്രർ. വേൾഡ് ഡേറ്റാ ലാബിന്റെ കണക്കുപ്രകാരം 50 ദശലക്ഷം ഇന്ത്യക്കാർ ദാരിദ്യത്തിലാണെന്നും പറയുന്നു. ഇന്ത്യയുടെ മറ്റു നേട്ടങ്ങളുടെയെല്ലാം ശോഭ കെടുത്തുന്ന കാര്യമാണിത്. 2017–18ൽ നടത്തിയ സർവേപ്രകാരം തയാറാക്കിയ റിപ്പോർട്ടിലാണു പാവങ്ങളുടെ എണ്ണത്തിൽ കുറവ് പ്രകടമായത്. കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച് 2012ൽ ഗ്രാമീണ മേഖലയിൽ 25.7 ദശലക്ഷം, നഗരങ്ങളിൽ 13.7 ദശലക്ഷം എന്നതായിരുന്നു ദരിദ്രരുടെ എണ്ണം.

വേൾഡ് ഡേറ്റാ ലാബിന്റെ റിപ്പോർട്ടിൽ 2012ൽ ഗ്രാമങ്ങളിൽ 14.4 ദശലക്ഷം, നഗരങ്ങളിൽ 9.5 ദശലക്ഷം എന്നിങ്ങനെയായിരുന്നു കണക്ക്. 2018ൽ ഇത് യഥാക്രമം 4.3 ദശലക്ഷം, 3.8 ദശലക്ഷം എന്നിങ്ങനെ കുറഞ്ഞു. 2030ഓടെ ഇന്ത്യയിലെ ആകെ ദരിദ്രരുടെ എണ്ണം 3 ദശലക്ഷത്തിൽ എത്തുമെന്നും വേൾഡ് ഡേറ്റാ ലാബ് ചൂണ്ടിക്കാട്ടുന്നു. ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച, സാമൂഹ്യ മേഖലയിൽ നടപ്പാക്കിയ സാങ്കേതികവിദ്യ പദ്ധതികൾ തുടങ്ങിയവയാണു നേട്ടത്തിനു സഹായിച്ചതെന്നു വിദഗ്ധർ അഭിപ്രായപ്പെട്ടു.

വിവിധ സർക്കാരുകൾ നടപ്പാക്കിയ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി), തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ഗ്രാം സഡക് യോജന തുടങ്ങിയവ ദാരിദ്യ നിർമാർജനത്തിൽ പ്രധാന പങ്കുവഹിച്ചതായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാ‍ൻസ് ആൻഡ് പോളിസിയിലെ പ്രഫസർ എൻ‌.ആർ.ഭാനുമതി പറഞ്ഞു. എന്നാൽ ഡേറ്റ ശേഖരിക്കുന്നതിലും ഉപയോഗപ്പെടുത്തുന്നതിലും കൂടുതൽ വേഗം ആവശ്യമാണ്. പലപ്പോഴും സർക്കാരുകൾ ഇക്കാര്യത്തിൽ ശ്രദ്ധ കാണിക്കുന്നില്ലെന്നും ഭാനുമതി ആരോപിച്ചു.

അതേസമയം, രാജ്യത്തെ അതിസമ്പന്നരുടെ സ്വത്ത‌് കഴിഞ്ഞവർഷം വൻതോതിൽ വർധിച്ചതായി കഴിഞ്ഞദിവസം രാജ്യാന്തര സന്നദ്ധ സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ശതകോടീശ്വരന്മാരുടെ സ്വത്ത‌് രാജ്യത്തിന്റെ വാർഷികബജറ്റ‌് അടങ്കലിനേക്കാൾ കൂടുതലാണ‌്. ജനസംഖ്യയുടെ പകുതിയോളം വരുന്ന ദരിദ്രവിഭാഗങ്ങളുടെ വരുമാനത്തിൽ മൂന്ന‌ു ശതമാനം മാത്രം വർധനയേ ഉണ്ടായുള്ളൂ. ദേശീയ സമ്പത്തിന്റെ 77.4 ശതമാനവും ജനസംഖ്യയുടെ 10 ശതമാനം വരുന്നവരുടെ കയ്യിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA