ദീപാവലിക്കാലത്തു വായ്പ: ശ്രദ്ധിക്കാൻ 6 കാര്യങ്ങൾ

ദീപാവലിയോടനുബന്ധിച്ച് എണ്ണമറ്റ ആനുകൂല്യങ്ങളും ഇളവുകളുമാണ് വിവിധ ഓൺലൈൻ സ്ഥാപനങ്ങൾ ലഭ്യമാക്കുന്നത്. ആരെയും ആകർഷിക്കുന്ന ഈ വാഗ്ദാനങ്ങൾ മുന്നിലെത്തുമ്പോൾ അവ വാങ്ങാനായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതു സ്വാഭാവികം മാത്രം. ചില കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ വലിയ ബുദ്ധിമുട്ടുകൾ വന്നേക്കാം. ക്രെഡിറ്റ് കാർഡുകളുടെ കാര്യത്തിൽ അശ്രദ്ധയുണ്ടായാൽ അത് ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകയും ചെയ്യും.

സിബിൽ സ്‌കോർ എന്നത് നിങ്ങളുടെ വായ്പാ രീതികളെക്കുറിച്ചുള്ള ചിത്രമാണു നൽകുന്നതെന്നും അതു 'ഭാവിയിൽ നിങ്ങൾക്കു വായ്പ നൽകുന്ന സ്ഥാപനങ്ങൾ പരിഗണിക്കുമെന്നതും കൂടി മനസിലാക്കിയാലേ ഇതിന്റെ ഗൗരവം പൂർണമായി മനസിലാകൂ.  അതുകൊണ്ടുതന്നെ ഇത്തവണത്തെ ദീപാവലി ഷോപ്പിങിനായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ആറു കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി, ഷോപ്പിങ് നിങ്ങളുടെ സിബിൽ സ്‌കോറിനെ ബാധിക്കാതെ ശ്രദ്ധിക്കാം.

വായ്പാ ശേഷി  പരിശോധിക്കുക

നിങ്ങളുടെ വരുമാനവും പ്രതിമാസ വായ്പാതിരിച്ചടവുകളും തമ്മിലുള്ള അനുപാതമാണ് ആദ്യമായി ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ 30 ശതമാനത്തിലേറെ എല്ലാ ഇഎംഐകളും കൂടി എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ഇതിലേറെ വായ്പകൾ എടുക്കാൻ ആഗ്രഹിക്കുന്നു എന്നാൽ നിങ്ങളുടെ വായ്പാശേഷിയേക്കാൾ വായ്പ എടുക്കാൻ ശ്രമിക്കുന്നു എന്നു തന്നെയാണ് അർത്ഥം.

പണം തിരിച്ചടക്കേണ്ട ദിനങ്ങൾ ഓർത്തു വെക്കുക

ഒരൊറ്റത്തവണ പണം തിരിച്ചടക്കുന്നതു മുടങ്ങിയാൽ പോലും വിവിധ പ്രത്യാഘാതങ്ങളാവും ഉണ്ടാകുക. പിഴ, പലിശ, ചാർജുകൾ, ക്രെഡിറ്റ് റിപ്പോർട്ടിലെ പ്രശ്‌നങ്ങൾ, ക്രെഡിറ്റ് സ്‌കോറിലെ പ്രതികൂല സ്ഥിതി എന്നിവയെല്ലാം ഇതേ തുടർന്നുണ്ടാകും. നിങ്ങളുടെ തിരിച്ചടവുകൾ കൃത്യമായി നടത്തുക. വായ്പയെക്കുറിച്ചു ബോധവാൻമാരായിരിക്കുകയും പ്രശ്‌നങ്ങളില്ലാതെ മുന്നേറുകയും ചെയ്യുക എന്നതായിരിക്കണം സമീപനം.

വായ്പാ പരിധി  മറി കടക്കാതിരിക്കുക

ഓരോ തവണയും പരിധി മറി കടന്നു ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് വായ്പ നൽകുന്നവരിൽ പ്രതികൂലമായ കാഴ്ചപ്പാടാവും സൃഷ്ടിക്കുക. വായ്പാ വിനിയോഗ പരിധിയുടെ 30 ശതമാനത്തിൽ കാർഡ് ഉപയോഗം നിയന്ത്രിക്കുക എന്നതാണ് അനുകരണീയം.

ക്രെഡിറ്റ് കാർഡുകളുടെ  എണ്ണം നിയന്ത്രിക്കുക

ആകർഷകമായ കാഷ് ബാക്ക് ആനുകൂല്യങ്ങൾ നേടാനായോ വാങ്ങൽ ശേഷി വർധിപ്പിക്കാനായോ പുതിയൊരു ക്രെഡിറ്റ് കാർഡിനു കൂടി അപേക്ഷിക്കാൻ ആലോചിക്കുന്നവരുണ്ടാകും. അങ്ങനെ ചെയ്യും മുൻപ് ഒരിക്കൽക്കൂടി ആലോചിക്കുക. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള കാർഡുകൾക്കായി അപേക്ഷ നൽകുന്നത് സാമ്പത്തിക അച്ചടക്കമില്ലായ്മയുടെ സൂചനയായാവും വീക്ഷിക്കപ്പെടുക. ഇതിനു പകരം നിലവിലുള്ള ക്രെഡിറ്റ് കാർഡിലെ ഉപയോഗം ശാസ്ത്രീയമായ രീതിയിലാക്കുകയും മെച്ചപ്പെട്ട വായ്പാ രീതികളുമായി മുന്നോട്ടു പോകുകയും ചെയ്യുക.

വിവിധ രീതികളിലെ വായ്പകൾ കൃത്യമായി യോജിപ്പിച്ച് പ്രയോജനപ്പെടുത്തുക

ഈടുകളുടെ അടിസ്ഥാനത്തിൽ നൽകുന്ന സുരക്ഷിത വായ്പകളും ഈടുകളില്ലാത്ത സുരക്ഷിതമല്ലാത്ത വായ്പകളും ലഭ്യമാണല്ലോ. ഇവയുടെ രണ്ടിന്റേയും കൃത്യമായ മിശ്രിതമായിരിക്കണം നിങ്ങൾ പ്രയോജനപ്പെടുത്തേണ്ടത്.

ജാഗ്രതയോടെ മാത്രം  വായ്പയ്ക്ക് ജാമ്യം നിൽക്കുക

മറ്റുള്ളവരുടെ വായ്പകൾക്കു ജാമ്യം നിൽക്കുമ്പോൾ നിങ്ങളും വായ്പ എടുക്കുന്ന വ്യക്തിക്കുള്ള അതേ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. ആ വായ്പകളുടെ തിരിച്ചടവിൽ വരുന്ന വീഴ്ചകൾ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ വരികയും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ തികഞ്ഞ ജാഗ്രതയോടെ മാത്രമായിരിക്കണം വായ്പകൾക്കു ജാമ്യം നിൽക്കേണ്ടത്. എത്രത്തോളം വായ്പകൾക്കു ജാമ്യം നിൽക്കുന്നുണ്ടെന്നതു കൃത്യമായി വിലയിരുത്തുകയും വേണം.

ഇവയെല്ലാം പാലിച്ച്, മികച്ചതും അച്ചടക്കത്തോടു കൂടിയതുമായ വായ്പാ സ്വഭാവങ്ങൾക്ക് ഈ ഉൽസവ കാലത്തു തുടക്കം കുറിക്കാം. വായ്പകൾ അച്ചടക്കത്തോടെ കൈകാര്യം ചെയ്യുകയും സ്വന്തം സിബിൽ സ്‌കോർ നിരീക്ഷിക്കുകയും നിങ്ങൾക്ക് ആവശ്യമുള്ള വേളകളിൽ വായ്പകൾ ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യണം.