വിപണിയിൽ ഇന്ന് പ്രതീക്ഷയുടെ മുഹൂർത്തം

മുംബൈ ∙ സംവത് 2074 സമ്മാനിച്ചതു നേട്ടങ്ങളായിരുന്നു. അതുകൊണ്ടുതന്നെ പുതുവർഷത്തെ  വരവേൽക്കുന്നതും പ്രതീക്ഷയോടെ. എന്നാൽ ആശങ്ക പരത്തുന്ന ഘടകങ്ങളും ഒട്ടേറെയുണ്ട്.

സെൻസെക്സ് 2407.56 പോയിന്റിന്റെ നേട്ടമാണ് (7%) സംവത് 2074 ൽ കൈവരിച്ചത്. നിഫ്റ്റി 319.15 പോയിന്റും (3%). ഇന്നലെ മാത്രം സെൻസെക്സ് 41 പോയിന്റ് കയറി 34,991.91 ൽ എത്തി. നിഫ്റ്റി 10,530 ൽ. വർധന 6 പോയിന്റ്. ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂർത്ത വ്യാപാരം ഇന്നു വൈകിട്ട് 5 മുതൽ 6.30 വരെ നടക്കും.

വൻകിട കമ്പനികളുടെ ഓഹരികളിൽ 40% മികച്ച വരുമാനമാണ് നിക്ഷേപകർക്കു നൽകിയത്. സോഫ്റ്റ്‌വെയർ, ബാങ്ക് ഓഹരികൾ ഇതിൽ ഉൾപ്പെടും. 10 ഓഹരി വിലകളിൽ 20–50% വരെ വർധനയും ഉണ്ടായി. റിയൽറ്റി, ചെറുകിട ഓഹരികളാണ് നഷ്ടം വരുത്തിവച്ചത്. ധന സ്ഥാപനങ്ങളും സജീവമായിരുന്നു. 

ആഭ്യന്തര ധന സ്ഥാപനങ്ങൾ 1.25 ലക്ഷം കോടിയുടെ നിക്ഷേപം നടത്തിയപ്പോൾ, വിദേശ സ്ഥാപനങ്ങൾ 20,000 കോടിയുടെ വിൽപന നടത്തി. സംവത് 2075 നെ കാത്തിരിക്കുന്നത് അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പാണ്. കൂടാതെ സാമ്പത്തിക രംഗത്തെ മാറ്റങ്ങളും സ്വാധീനം ചെലുത്തും.