മുഹൂർത്ത വ്യാപാരം സുവർണ ദശകം

കൊച്ചി ∙ ഓഹരി വിപണിയിൽ 10 വർഷത്തിനിടയിലെ ഏറ്റവും മികച്ച മുഹൂർത്ത വ്യാപാരം. സ്വർണത്തിനും വെള്ളിക്കും ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ വിലയിടിവ്. വെളിച്ചെണ്ണ വിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. ഹൈന്ദവ കലണ്ടർ വർഷമായ സംവത് 2075നു തുടക്കമിട്ടുകൊണ്ടു നടത്തിയ ഒരു മണിക്കൂർ മാത്രം നീണ്ട ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വില സൂചികയായ സെൻസെക്സിലുണ്ടായ നേട്ടം 245.77 പോയിന്റ്. സെൻസെക്സിന്റെ അവസാന നിരക്ക് 35,237.68 പോയിന്റ്. വ്യാപാരത്തിന്റെ തുടക്കത്തിൽ െസൻസെക്സ് 300 പോയിന്റിലേറെ മുന്നേറുകയുണ്ടായി. 

നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വില സൂചികയായ നിഫ്റ്റിയിൽ രേഖപ്പെടുത്തിയ നേട്ടം 68.40 പോയിന്റ്. നിഫ്റ്റി അവസാനിച്ചതു 10,598.40 പോയിന്റിൽ. നിഫ്റ്റിക്കു വീണ്ടും 10,500 പോയിന്റിനു മുകളിലെത്താൻ കഴിഞ്ഞതു നിക്ഷേപകരിൽ ആവേശം പകർന്നു.

മുഹൂർത്ത വ്യാപാരത്തിൽ ബാങ്ക് ഓഹരികൾ നില മെച്ചപ്പെടുത്തി. വാഹന നിർമാണം, ഐടി, എഫ്എംസിജി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഓഹരികളിലും നിക്ഷേപകർ വലിയ താൽപര്യം കാട്ടി. ഐടിസി, എം ആൻഡ് എം, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയവ മുന്നേറ്റത്തിനു നേതൃത്വം നൽകി. ബാങ്കുകൾ ഉൾപ്പെടെ കേരളം ആസ്ഥാനമായുള്ള കമ്പനികളുടെ ഓഹരികൾക്കും പ്രിയം അനുഭവപ്പെട്ടു.

സംവത് 2074ൽ സെൻസെക്സ് 2407.56 പോയിന്റും നിഫ്റ്റി 319.15 പോയിന്റും വളർച്ച നേടുകയുണ്ടായി. സംവത് 2075 കൂടുതൽ മെച്ചപ്പെട്ടതായിരിക്കുമെന്ന വിശ്വാസത്തിനു കരുത്തേകാൻ മുഹൂർത്ത വ്യാപാരത്തിനു കഴിഞ്ഞതായാണു വിപണിയുമായി ബന്ധപ്പെട്ടവരുടെ വിലയിരുത്തൽ. ദീപാവലി ബലിപ്രതിപദം പ്രമാണിച്ച് ഇന്നു വിപണിക്ക് അവധിയാണ്. 

സ്വർണ വിപണിയിലെ മുഹൂർത്ത വ്യാപാരത്തിനു തിളക്കം നഷ്ടപ്പെടുത്തുന്നതായി വിലയിടിവ്. 10 ഗ്രാമിന്റെ വില 210 രൂപ കുറഞ്ഞു 32,400ൽ എത്തിയതായാണു മുംബൈയിൽ നിന്നുള്ള റിപ്പോർട്ട്. വെള്ളി വില കിലോഗ്രാമിന് 300 രൂപ താഴ്ന്നു 39,000 ആയി. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർന്ന ദിവസമായിരുന്നു ഇന്നലെ. കേരളത്തിൽ വില പവന് (എട്ടു ഗ്രാം) 23,640 രൂപയിലേക്കു താഴ്ന്നു. മുൻ ദിവസം വില 23,720 ആയിരുന്നു.  

കൊച്ചി ഓയിൽ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന മുഹൂർത്ത വ്യാപാരത്തിൽ 120 ക്വിന്റലിന്റെ ഇടപാടുകൾ നടന്നതായി പ്രസിഡന്റ് താലത്ത് മുഹമൂദ് പറഞ്ഞു. ക്വിന്റൽ വിലയിൽ 01.25 രൂപയുടെ മാത്രം ഉയർച്ചയാണുണ്ടായത്. തയാർ വില 13,701.25 രൂപ; മില്ലിങ് 14,701.25 രൂപ. 

മുൻപ് കുരുമുളകിനു കൊച്ചിയിൽ ഇന്ത്യ പെപ്പർ ആൻഡ് സ്പൈസസ് ട്രേഡ് അസോസിയേഷ (ഇപ്സ്റ്റ)ന്റെ നേതൃത്വത്തിൽ മുഹൂർത്ത വ്യാപാരമുണ്ടായിരുന്നു. 2 വർഷമായി മുഹൂർത്ത വ്യാപാരമില്ല.