സ്ക്രീൻ രണ്ടായി മടക്കി സാംസങ്

സാൻഫ്രാൻസിസ്കോ ∙ സ്ക്രീൻ അഥവാ ഡിസ്പ്ലേ മടക്കാവുന്ന സ്മാർട്ഫോൺ മാതൃക സാംസങ് അവതരിപ്പിച്ചു. സാംസങ് വികസിപ്പിച്ചെടുത്ത ഇൻഫിനിറ്റി ഫ്ലെക്സ് ‍ഡിസ്പ്ലേ ആദ്യമായി പൊതുവേദിയിൽ അവതരിപ്പിച്ചുകൊണ്ടാണ് പുതിയ സ്മാർട്ഫോൺ സങ്കേതത്തിലേക്കുള്ള കിളിവാതിൽ കമ്പനി തുറന്നിട്ടത്. ടാബ്‍ലെറ്റ് കംപ്യൂട്ടറിന്റെ വലിപ്പമുള്ള സ്മാർട്ഫോണാണ് സാംസങ് അവതരിപ്പിച്ചത്. 

നടുവിൽ നിന്നു രണ്ടായി മടക്കിയാൽ ഫോണിന്റെ വലിപ്പം മാത്രം. മടക്കുന്നതോടെ പുറംഭാഗത്ത് ഫോണിലേതുപോലെ മറ്റൊരു ഡിസ്പ്ലേ തെളിയും. മടക്കാവുന്ന പ്രധാന ഡിസ്പ്ലേയ്ക്ക് 7.3 ഇഞ്ച് വലിപ്പമാണുള്ളത്. 

മടക്കാവുന്ന ഡിസ്പ്ലേ സാങ്കേതികവിദ്യയ്ക്ക് പിന്തുണ നൽകുമെന്ന് ആൻഡ്രോയ്ഡ് നിർമാതാക്കളായ ഗൂഗിൾ പ്രഖ്യാപിച്ചതോടെ ഈ രംഗത്ത് ഏറെ പുതുമകളും പരീക്ഷണങ്ങളും ഇനി പ്രതീക്ഷിക്കാം. എൽജി, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളും തങ്ങളുടെ ഫോൾഡബിൾ ഡിസ്പ്ലേ ഉൽപന്നങ്ങളുടെ പണിപ്പുരയിലാണ്. വിവിധ ചൈനീസ് സ്മാർട്ഫോൺ കമ്പനികളും ഈ സാങ്കേതികവിദ്യ സ്വന്തമാക്കിക്കഴിഞ്ഞു.