പരസ്യ ദമ്പതികൾ; ആശയക്കുഴപ്പത്തിൽ പരസ്യലോകം

രൺവീർ സിങ്, ദീപിക പദുക്കോണ്‍

ദീപിക പദുക്കോണും രൺവീർ സിങ്ങും വിവാഹിതരാവുമ്പോൾ ആശയക്കുഴപ്പത്തിലാവുക പരസ്യലോകമാണ്. ഇവർ ബ്രാൻഡ് അംബാസഡർമാരായി പിന്തുണയ്ക്കുന്ന ചില ബ്രാ‍ൻഡുകൾ വിപണിയിൽ കടുത്ത മത്സരം കാഴ്‌ചവയ്‌ക്കുന്നവയാണ്. ദാമ്പത്യത്തിലൂടെ ഒന്നാവുന്ന രൺവീറും ദീപികയും ‘ശത്രു’പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുമോ ഇല്ലയോ... രണ്ടുപേർക്കുംകൂടി ഏതാണ്ട് 154 കോടി രൂപ മൂല്യമുള്ള പരസ്യക്കരാറുകളാണുള്ളത്. മെയ്‌ക് മൈ ട്രിപ് – ഗോ ഐബിബൊ, കോട്ടക് മഹീന്ദ്ര ബാങ്ക് – ആക്‌സിസ് ബാങ്ക്, ഒപ്പോ – വിവോ തുടങ്ങി ഒരേ മേഖലയിൽ സജീവ സാന്നിധ്യമായ കമ്പനികളെയാണു രൺവീറും ദീപികയും പ്രചരിപ്പിക്കുന്നത്.

യാത്രാ പോർട്ടലായ മെയ്‌ക് മൈ ട്രിപ്പിന്റെ പ്രധാന പ്രചാരകനാണു രൺവീർ സിങ്; മുഖ്യ എതിരാളികളായ ഗോ ഐബിബൊയ്‌ക്കായി രംഗത്തുള്ളതാവട്ടെ ദീപിക പദുക്കോണും.
സ്‌മാർട്‌ഫോൺ വിപണിയിൽ ഓപ്പോയ്ക്ക് ഒപ്പം ദീപികയാണെങ്കിൽ രൺവീർ ചേർന്നിരിക്കുന്നത് വിവോയുടെ കൂടെയാണ്. എന്നാൽ ഈയിടെ വിവോ രൺവീർ സിങ്ങുമായുള്ള കരാർ അവസാനിപ്പിച്ച് ആമിർ ഖാനെ കൂട്ടുപിടിച്ചിരുന്നു.

സ്വകാര്യ മേഖലാ ബാങ്കുകളായ കോട്ടക് മഹീന്ദ്ര ബാങ്കിനെയും ആക്‌സിസ് ബാങ്കിനെയും സംബന്ധിച്ചിടത്തോളവും ദീപികയും രൺവീറും വിവാഹിതരാവുന്നത് ആശയക്കുഴപ്പമാണു സൃഷ്‌ടിക്കുക. ഈ വർഷം ആദ്യമാണു രൺവീർ സിങ് കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ബ്രാൻഡ് അംബാസഡർ പദത്തിലെത്തുന്നത്. എന്നാൽ ദീപികയാകട്ടെ 2014 മുതൽ തന്നെ ആക്‌സിസ് ബാങ്കിന്റെ ബ്രാൻഡ് അംബാസഡറെന്ന നിലയിൽ സജീവമാണ്.

പെയിന്റ് വ്യാപാരമാണ് ദീപികയും രൺവീറും നേർക്കുനേർ പോരാടുന്ന മറ്റൊരു വേദി. ദീപിക ഏഷ്യൻ പെയിന്റ്‌സിനൊപ്പമെങ്കിൽ രൺവീർ സിങ് നിൽക്കുന്നത് നെരോലാക്കിന്റെ കൂടെ. കഴിഞ്ഞ സെപ്‌റ്റംബറിലാണ് കൻസായ് നെരോലാക് രൺവീർ സിങ്ങിനെ ബ്രാൻഡ് അംബാസഡറായി നിയോഗിച്ചത്. ദീർഘകാലമായി ഏഷ്യൻ പെയിന്റ്‌സിന്റെ പരസ്യങ്ങളിലെ സ്‌ഥിരം സാന്നിധ്യമാണു ദീപിക പദുക്കോൺ. ദമ്പതികൾ ശത്രു ബ്രാൻഡുകൾക്ക് അംബാസഡർമാരായിത്തുടരുന്നത് വിപണിയിൽ ഗുണം ചെയ്യുമോ എന്ന ആലോചനയിലാണ് കമ്പനികളും ബ്രാൻഡിങ് ഏജൻസികളും.