Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകളുടെ തീരത്തെ കോവളം കാണാൻ ബോളിവുഡ് നടൻ ബിശ്വജിത്ത്

biswajit-chatterjee ബിശ്വജിത്ത് ചാറ്റർജി അന്നും ഇന്നും.

കൊല്ലം∙ സിനിമാ ചിത്രീകരണത്തിനെത്തിയതിന്റെ ഓർമകൾ പുതുക്കാൻ അര നൂറ്റാണ്ടിനു ശേഷം ബോളിവുഡ് നടൻ കേരളത്തിലെത്തി. അറുപതുകളിലെയും എഴുപതുകളിലെയും ഹിന്ദി സിനിമകളിലെ റൊമാന്റിക് നായകൻ ബിശ്വജിത്ത് ചാറ്റർജിയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരവും കോവളവും സന്ദർശിച്ചത്. 1960കളുടെ ആദ്യം ഇദ്ദേഹവും നടി വഹീദ റഹ്മാനും നായകനും നായികയുമായി അഭിനയിച്ച ‘കൊഹ്റ’ ചിത്രത്തിന്റെ ഒരാഴ്ചത്തെ ഷൂട്ടിങ് തിരുവനന്തപുരത്തും കോവളത്തുമായിരുന്നു. സിനിമയിലെ ഒരു ഗാനം ഉൾപ്പെടെയുള്ള രംഗങ്ങളും ചിത്രീകരിച്ചതു കോവളത്തായിരുന്നു. 

പ്രേതകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ബീരെൻ നാഗ് സംവിധാനം ചെയ്ത് സംഗീതസംവിധായകനും ഗായകനുമായ ഹേമന്ദ്കുമാർ നിർമിച്ച കൊഹ്റ. അമിത്കുമാർ സിങ്, ഭാര്യ രാജേശ്വരി എന്നീ കഥാപാത്രങ്ങളെയാണ് യഥാക്രമം ബിശ്വജിത്തും വഹീദയും അവതരിപ്പിച്ചത്. 1964ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഹേമന്ദ്കുമാർ തന്നെ ഈണമിട്ട് പാടിയ യേ നയൻ ‍ഡരേ ഡരേ, രഹ് ബനി ഖുദ് മൻസിൽ എന്നീ ഗാനങ്ങളും കൂടാതെ ലത മങ്കേഷ്കർ ആലപിച്ച ഓ ബേകരാർ ദിൽ, ജൂം ജൂം ധൽതി രാത് എന്നീ പാട്ടുകളുമുണ്ട്.

biswajit-chatterjee2 കൊല്ലത്തെ ചടങ്ങിൽ പാടുന്ന നടൻ ബിശ്വജിത്ത് ചാറ്റർജി.

അന്നു ചിത്രീകരണത്തിനു ശേഷം പിന്നീടൊരിക്കലും കേരളത്തിൽ വന്നിട്ടില്ലെന്നും അതിനാലാണ് കോവളവും തിരുവനന്തപുരവും കാണാൻ തീരുമാനിച്ചതെന്നും ബിശ്വജിത്ത് ‘മനോരമ’യോടു പറഞ്ഞു. തെങ്ങിൻതോപ്പുകളും മനോഹരമായ  കടൽത്തീരവുമുള്ള കോവളം തീരം മനസിൽ മായാതെ ഉണ്ടായിരുന്നു. ചിത്രാഞ്ജലി സ്റ്റുഡിയോ വീണ്ടും  കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും മുംബൈയിലേക്കു മടങ്ങേണ്ടിയിരുന്നതിനാൽ സാധിച്ചില്ലെന്നും ബിശ്വജിത്ത് പറഞ്ഞു. കൊല്ലത്തു ട്രാവൻകൂർ മെഡിസിറ്റി കിഡ്നി ഫൗണ്ടേഷൻ വാർഷികത്തോടനുബന്ധിച്ചു ഗായകൻ മുഹമ്മദ് റഫിയെ അനുസ്മരിക്കാൻ സംഘടിപ്പിച്ച ‘സുഹാനി രാത്’ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു.

‘മേരേ സനം’ എന്ന ചിത്രത്തിലെ മുഹമ്മദ് റഫി ഗാനമായ ‘പുകാർതാ ചലാ ഹും മേ’ അദ്ദേഹം വേദിയിൽ ആലപിക്കുകയും ചെയ്തു. ബംഗാളി സിനിമാവേദിയിൽനിന്നു ബോളിവുഡിലെത്തിയ ബിശ്വജിത്ത്, ബംഗാളിയിൽ ഒട്ടേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഹിന്ദിയിൽ ബീസ് സാൽ ബാദ്, ഏപ്രിൽ ഫൂൾ, മേരെ സനം, നൈറ്റ് ഇൻ ലണ്ടൻ, കിസ്മത്ത്, ഷെഹനായ്, വാസന, ദോ കാലിയാം തുടങ്ങിയ ചിത്രങ്ങളിൽ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

biswajit-chatterjee1 കൊല്ലത്തെ ചടങ്ങിൽ പാടുന്ന നടൻ ബിശ്വജിത്ത് ചാറ്റർജി.

ബംഗാളി, ഒറിയ, ഭോജ്പുരി, സിന്ധി, മൈഥിലി ഭാഷകളിലെ സിനിമകളിൽ വേഷമിട്ടു. ഇരുനൂറിൽപരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന് കലാകാർ ഉത്തംകുമാർ അവാർഡ്, മുഹമ്മദ് റഫി പുരസ്കാരം, രാജ്കുമാർ അവാർഡ്, ബംഗാളിൽ നിന്നുള്ള ലിവിങ് ലെജൻഡ് അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മക്കളായ പല്ലവി, പ്രൈമ, പ്രസേൻജിത്ത് എന്നിവർ ബംഗാളി സിനിമയിലെ പ്രമുഖ അഭിനേതാക്കളാണ്.