ആംറെസ്റ്റ് ‘ആൺറെസ്റ്റ് ’; സ്ത്രീകൾക്ക് വിമാനത്തിൽ സീറ്റ് റിസർവേഷൻ വേണമെന്ന് ആവശ്യം

നെടുമ്പാശേരി ∙ വിമാനങ്ങളിൽ സീറ്റുകൾക്കിടയിലെ ആംറെസ്റ്റിൽ പുരുഷ മേധാവിത്തം ശക്തമാകുന്നുവെന്നാരോപിച്ച് ആഗോളതലത്തിൽ വിവാദം നുരയുന്നു. ചിലരെങ്കിലും ലൈംഗിക ത്വരയോടെയും ഇതു ചെയ്യുന്നുവെന്നാണ്  ആരോപണം. ബസിലും ട്രെയിനിലുമൊക്കെയുള്ളതു പോലെ വിമാനത്തിലും സ്ത്രീകൾക്കായി സീറ്റുകൾ റിസർവ് ചെയ്യണമെന്നാണ് ഇവരുടെ ഇപ്പോഴത്തെ ആവശ്യം. 

ഹോങ്കോങിലെ മാധ്യമപ്രവർത്തക കെയ്റ്റ് വൈറ്റ്ഹെഡ് സൗത്ത് ചൈന മോണിങ് പോസ്റ്റിലെ പ്രത്യേക കോളത്തിൽ ഇക്കാര്യം എഴുതിയതോടെയാണ് നീക്കത്തിനു വലിയ വനിതാപിന്തുണ ലഭിച്ചത്. പത്തിൽ ഒൻപതു തവണയും വിമാനയാത്രകൾക്കിടയിൽ ഇത്തരം പുരുഷ അധീശത്വം അനുഭവിക്കേണ്ടിവന്നുവെന്ന് കെയ്റ്റ് പറയുന്നു. 

പുരുഷന്റെ തോൾ പലപ്പോഴും ആംറെസ്റ്റിന്റെ അതിർത്തി ലംഘിച്ച് യാത്രക്കാരിയിൽ അലോസരം സൃഷ്ടിക്കുകയും പതിവാണത്രെ. പലപ്പോഴും  സീറ്റിന്റെ രണ്ടിഞ്ചു വരെ സ്ഥലം ഇതു മൂലം വനിതാ യാത്രക്കാരിക്കു നഷ്ടമാവുകയും ചെയ്യുന്നുവെന്നാണ് പരാതി. 

ലോകത്ത് ഈ വിവാദം നുരയുമ്പോഴും ഇക്കാര്യത്തിൽ ഇന്ത്യ നേരത്തെ തന്നെ  മാതൃകയായി എന്നു നമുക്കാശ്വസിക്കാം. ഇന്ത്യയിൽ രണ്ടു വിമാനകമ്പനികൾ വനിതാസൗഹൃദ നയം വിമാനങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. എയർഇന്ത്യ ചില വിമാനങ്ങളിൽ ഒരു നിര സീറ്റുകൾ പൂ‍‍ർണമായി ഒറ്റയ്ക്കു യാത്ര ചെയ്യുന്ന വനിതകൾക്കായി മാറ്റിയിട്ടുണ്ട്. ലോകത്തുതന്നെ എയർ ഇന്ത്യയാണ് ഇത് ആദ്യമായി നടപ്പാക്കിയത്.

വിസ്താരയും ഇത്തരത്തിൽ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന വനിതകൾക്ക് ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. 

യാത്രക്കാരി ഇത്തരത്തിലൊരു സീറ്റ് തിരഞ്ഞെടുത്തിട്ടില്ലെങ്കിൽത്തന്നെ വിമാനജീവനക്കാർ ഇത്തരം യാത്രക്കാരെ കണ്ടെത്തി സുരക്ഷിതമായ സീറ്റ് നിർദേശിക്കുന്നു. 

ഇന്ത്യയിലെ മറ്റു വിമാനക്കമ്പനികളും ഈ വഴിയിലേക്കു വരണമെന്നാണ് വനിതാസുരക്ഷാ വാദികളുടെ ആവശ്യം.