പദ്ധതി വിഹിതം: കാലതാമസം ഒഴിവാക്കും; ആസൂത്രണ സമിതിയുടെ രൂപം മാറുമെന്നും മന്ത്രി

തിരുവനന്തപുരം ∙ തദ്ദേശഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിർവഹണത്തിന്റെ കാലതാമസം ഒഴിവാക്കാൻ കർശന നടപടി സ്വീകരിച്ചതായി മന്ത്രി കെ.ടി.ജലീൽ. നിയമസഭാ തിരഞ്ഞെടുപ്പു കാലയളവിലെ പെരുമാറ്റച്ച‌ട്ടം ആസൂത്രണ നടപടികൾ വൈകുന്നതിനും നോട്ട് നിരോധനം നിർമ്മാണ പ്രവർത്തികൾ തടസ്സപ്പെടുന്നതിനും ഇടയാക്കിയതാണ് തിരിച്ചടിയായതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.

ഏപ്രിൽ,മേയ്,ജൂൺ മാസങ്ങളിൽ ഒരു രൂപ പോലും പദ്ധതി നിർവഹണത്തിൽ ചെലവഴിക്കാനായില്ല. മൂന്നു മാസം പദ്ധതി രൂപീകരണത്തിനും ഒൻപതു മാസം നിർവഹണത്തിനുമായി ഇനി മുതൽ മാറ്റിവയ്ക്കും. നേരത്തെ പദ്ധതി നിർവഹണത്തിന് മൂന്നുമാസം മാത്രമാണ് ലഭിച്ചിരുന്നത്.

പദ്ധതികളുടെ ഭേദഗതിക്കു സമയം അനുവദിച്ചും നിർവഹണ പുരോഗതി നിരന്തരം പരിശോധിച്ചും നടത്തിപ്പു വേഗത്തിലാക്കും.അതേസമയം ജനകീയാസൂത്രണപദ്ധതി അനുസരിച്ച് ആസൂത്രണസമിതികൾ പഞ്ചായത്തുകളെ നിയന്ത്രിക്കുന്ന രീതിക്കു മാറ്റം വരുത്തുമെന്നു മന്ത്രി കെ.‌‌ടി.ജലീൽ പറഞ്ഞു.

വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകന്നതിനു ഭരണസമിതിയെ സഹായിക്കുന്നതിനു വേണ്ട ഉപദേശങ്ങൾ നൽകുക, പ്രാദേശികാസൂത്രണത്തിനു അനുയോജ്യമായ പഠനം നടത്തുക, വിവരശേഖരണം നടത്തുക, തുടങ്ങിയ കാര്യങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആസൂത്രണ സമിതിയെ പ്രയോജനപ്പെടുത്താം.