Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലം: വ്യവസ്ഥകളെന്ത്?

other-state-labor

ചോദ്യം∙ ഞങ്ങളുടെ കൺസ്ട്രക്‌ഷൻ സൈറ്റിലെ തൊഴിലാളികളുടെ താമസ സ്ഥലത്തു ലേബർ ഓഫിസർമാരുടെ ഒരു സ്‌ക്വാഡ് ഈയിടെ പരിശോധന നടത്തുകയുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഞങ്ങൾ നൽകിയിട്ടുള്ള താമസ സ്ഥലത്തു നിയമാനുസൃതമായ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല എന്ന് ആരോപിച്ചുകൊണ്ട് ഞങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്കുള്ള നോട്ടിസ് നൽകിയിരിക്കുകയാണ്. നിയമവശം അറിഞ്ഞാൽ കൊള്ളാം.

ഉത്തരം∙ 1979ലെ അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികൾ (തൊഴിൽ സംബന്ധിച്ച വ്യവസ്ഥകൾ) എന്ന നിയമമനുസരിച്ച് കേരള സർക്കാർ സ.ഉ. (സാധാ) 960/2016/തൊഴിൽ എന്ന നമ്പറിൽ 03.08.2016 തീയതിയിൽ പുറപ്പെടുവിച്ച ഉത്തരവിലൂടെ ഇതര സംസ്ഥാന തൊഴിലാളികളുടെ ജോലിസ്ഥലത്തെയും ലേബർ ക്യാംപുകളിലെയും ജീവിതസൗകര്യവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനായി താഴെ പറയുന്ന നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

1. കുടുംബസമേതമല്ലാതെ താമസിക്കുന്ന ഓരോ പത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്കും ഒന്ന് എന്ന തോതിൽ വൃത്തിയും വായുസഞ്ചാരവും, വെളിച്ചവും ഉള്ള വൈദ്യുതീകരിച്ചതും വരാന്തയോടു കൂടിയതുമായ കുറഞ്ഞത് 6.5 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മുറികൾ തൊഴിലുടമ നൽകേണ്ടതാണ്. ഇതിനുപുറമെ അവർക്കു പാചകം ചെയ്യാനുള്ള സൗകര്യവും പൊതു ശൗചാലയവും കുളിമുറിയും ഏർപ്പെടുത്തേണ്ടതാണ്.

2. ഇതര സംസ്ഥാന തൊഴിലാളിയെ കുടുംബസമേതം പാർപ്പിക്കുന്നുവെങ്കിൽ ആ കുടുംബത്തിനു 10 ചതുരശ്ര മീറ്ററുള്ള ഒരു മുറിയും വരാന്തയും ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സ്ഥലവും ശൗചാലയവും കുളിമുറിയും നൽകേണ്ടതാണ്.

ഇത്തരം ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്ത് മുകളിൽ പറഞ്ഞ രീതിയിൽ താമസ സൗകര്യവും ഓരോ മൂന്നു കുടുംബങ്ങൾക്കും ഒന്ന് എന്ന കണക്കിൽ ശൗചാലയവും കുളിമുറിയും ഉണ്ടാകണം. ശൗചാലയങ്ങളിൽ ആവശ്യമായ വെള്ളവും വെളിച്ചവും ലഭ്യമാക്കുകയും സ്വകാര്യത ഉറപ്പാക്കുകയും വേണം.

3. തൊഴിൽശാലകളിൽ, 25 തൊഴിലാളികൾക്ക് ഒന്നുവീതം വെള്ളവും വെളിച്ചവും ശുചിത്വവുമുള്ള പ്രത്യേകം ഭിത്തിതിരിച്ച് അടച്ചുറപ്പുള്ള വാതിലോടുകൂടിയ ശൗചാലയങ്ങൾ തൊഴിലുടമ നൽകേണ്ടതാണ്. സ്ത്രീപുരുഷ തൊഴിലാളികൾക്ക് പ്രത്യേകം പ്രത്യേകം ശൗചാലയങ്ങൾ ഉണ്ടാകണം.

4. താമസസ്ഥലത്തും ജോലിസ്ഥലത്തും തൊഴിലാളികൾക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കണം.

5. നൂറും അതിൽ കൂടുതലും ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന തൊഴിൽ സ്ഥലങ്ങളിൽ നിർദിഷ്ട സൗകര്യങ്ങളോടു കൂടിയ കന്റീൻ ഉണ്ടാകണം.

6. ഇരുപതോ അതിൽ കൂടുതലോ അന്യസംസ്ഥാന സ്ത്രീതൊഴിലാളികളെ നിയമിച്ചിട്ടുള്ള തൊഴിൽ സ്ഥലങ്ങളിൽ അവരുടെ കുട്ടികൾക്കായി ക്രെഷ് സൗകര്യം ഒരുക്കേണ്ടതാണ്. ഇവിടെ കുട്ടികൾക്കു കളിക്കുന്നതിനും കിടക്കുന്നതിനും പ്രത്യേകം മുറികൾ ഉണ്ടായിരിക്കേണ്ടതാണ്. മുറികളിൽ ആവശ്യാനുസരണം മറ്റു സൗകര്യങ്ങളും ഉണ്ടായിരിക്കണം.

7. താമസസ്ഥലത്തും പരിസരത്തും അപകടകരമായ രീതിയിൽ നിർമാണ സാമഗ്രികൾ കൂട്ടിയിടാൻ പാടില്ല.

മുകളിൽ പറഞ്ഞ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന തൊഴിലുടമകൾക്ക് ഒരു വർഷം വരേയ്ക്കുമുള്ള തടവും ആയിരം രൂപയുടെ പിഴയുമാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്.

Your Rating: