Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

44,000 കോടിക്ക് എച്ച്പിസിഎൽ ഏറ്റെടുക്കാൻ ഒഎൻജിസി

ongc-hp

ന്യൂഡൽഹി ∙ വൻകിട എണ്ണക്കമ്പനിയായി മാറാൻ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ (ഒഎൻജിസി). ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനെ (എച്ച്പിസിഎൽ) 44,000 കോടി രൂപയ്ക്ക് ഏറ്റെടുക്കാനാണ് ഒഎൻജിസിയുടെ പദ്ധതി. സംയോജിത എണ്ണക്കമ്പനി എന്ന സർക്കാരിന്റെ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

എച്ച്പിസിഎല്ലിൽ സർക്കാരിനുള്ള 51.11% ഓഹരി ഒഎൻജിസി വാങ്ങിയേക്കും.
തുടർന്ന് ഓപ്പൺ ഓഫറിലൂടെ എച്ച്പിസിഎല്ലിന്റെ മറ്റ് ഓഹരി ഉടമകളുടെ 26% ഓഹരിയും വാങ്ങും. എണ്ണ ഉൽപാദക കമ്പനികളെ സംയോജിപ്പിച്ച് ഒറ്റ കമ്പനിയാക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.

എണ്ണ ഖനന, സംസ്കരണ രംഗത്ത് ആറ് കമ്പനികളാണ് നിലവിലുള്ളത്. ഒഎൻജിസി, ഓയിൽ ഇന്ത്യ, ഐഒസി, എച്ച്പിസിഎൽ, ബിപിസിഎൽ, ഗെയിൽ. ഇതിൽ എച്ച്പിസിഎൽ, ബിപിസിഎൽ എന്നീ കമ്പനികളെ ഒഎൻജിസിയിൽ ലയിപ്പിക്കുക, ഐഒസി, ഓയിൽ ഇന്ത്യ എന്നിവയെ ഒന്നാക്കുക എന്നീ രണ്ട് സാധ്യതകളാണ് നിലനിൽക്കുന്നത്.

എച്ചിപിസിഎൽ ഒഎൻജിസിയിൽ ലയിച്ചാൽ, പ്രതിവർഷം 2.38 കോടി ടണ്ണിന്റെ അധിക സംസ്കരണ ശേഷി കൂടി ഒഎൻജിസിക്കു ലഭിക്കും. ഇതോടെ രാജ്യത്തെ മൂന്നാമത്തെ എണ്ണക്കമ്പനിയായി ഇതു മാറും.

ഐഒസി, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് ആദ്യ സ്ഥാനക്കാർ. മാംഗ്‌ളൂർ റിഫൈനറിയുടെ പ്രമുഖ ഓഹരി പങ്കാളികളാണ് ഒഎൻജിസി. എന്നാൽ, എച്ച്പിസിഎൽ ഓഹരി വാങ്ങാൻ ഒഎൻജിസിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിക്കേണ്ടതുണ്ട്.