കോടികളുടെ രത്നങ്ങളുമായി ഒരു അജ്ഞാതൻ – ആരാണ് ഹരിഹര വർമ്മ?

ഹരിഹര വർമ്മ

സിനിമാകഥകളേക്കാളും കുറ്റാന്വേഷണ നോവലുകളേക്കാളും കൗതുകകരമാണ് ഹരിഹര വർമ്മയുടെ ജീവിതം. വട്ടിയൂർക്കാവിന് സമൂപം സ്വന്തം സുഹൃത്തിന്റെ വീട്ടിൽവച്ച് ഡിസംബര്‍ 24ന് രാവിലെയാണ് ഹരിഹരവര്‍മ്മ കൊല്ലപ്പെടുന്നത്. രത്നവ്യാപാരിയാണെന്നും രാജകുടുംബാംഗമാണെന്നും വിശ്വസിപ്പിച്ച് ഇയാൾ കാണിച്ച രത്നങ്ങൾ വാങ്ങാനെത്തിയവരാണ് ഇയാളെ കൊലപ്പെടുത്തിയത്.

രത്നങ്ങള്‍ വാങ്ങാനെത്തിയവര്‍ വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ ക്ലോറോഫോം മണപ്പിച്ച്‌ ശേഷം കടന്നുകളഞ്ഞെന്നും ക്ളോറോഫേം അധികമായതിനാലാണ് വർമ്മ മരിച്ചതെന്നുമായിരുന്നു പോലീസ് ഭാഷ്യം. ഹരിഹര വര്‍മ്മ കൊലക്കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പക്ഷേ ഹരിഹര വർമ്മയാരെന്നോ ഭൂതകാലം എന്തെന്നോ കണ്ടെത്താനാവാതെ പൊലീസ് അന്വേഷണം പൂട്ടിക്കെട്ടുകയും ചെയ്തു.

65 മുത്ത്, 16 പവിഴം, 73 മരതകം,22 വൈഡുര്യം, 4 മാണിക്യം. 5 ഇന്ദ്രനീലം, 29 പുഷ്യരാഗം, ഇതിനു പുറമെ ക്യാറ്റ്‌സ്‌റ്റോണ്‍, എമറാള്‍ഡ് തുടങ്ങിയ രത്‌നങ്ങളാണ് വര്‍മ്മയുടെ പക്കല്‍ ഉണ്ടായിരുന്നത്. ആദ്യം രത്നങ്ങൾ വ്യാജമാണെന്ന് പോലീസ് റിപ്പോർട്ട് നൽകിയതെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിൽ കോടികൾ മതിക്കുന്ന രത്നങ്ങളാണിതെന്ന് വാർത്തകൾ വന്നു.

ഹരിഹരവര്‍മ്മ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഇയാള്‍ മാവേലിക്കര രാജകുടുംബാംഗമായിരുന്നുവെന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്.. മാവേലിക്കര രാജകുടുംബം ഇയാള്‍ തങ്ങളുടെ ബന്ധുവല്ലെന്ന് പറഞ്ഞപ്പോള്‍ പൂഞ്ഞാര്‍ രാജകുടുംബാംഗമെന്നായി പ്രചരണം. അതും ശരിയല്ലെന്ന് കണ്ടെത്തിയതോടെ എല്ലാവരും കുഴങ്ങി. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആണെങ്കിലോ എന്ന സംശയം ഉയർന്നതോടെ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയായി.

ഹരിഹര വര്‍മ്മ കൊല്ലപ്പെട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ആരാണ് ഹരിഹരവര്‍മ്മ എന്ന അന്വേഷണം. വര്‍മ്മയുടെ ജന്മദേശം ഏത്, അയാളുടെ മതാപിതാക്കള്‍ ആര്. ഉറ്റവര്‍ ആരൊക്കെ എന്നത്. പക്ഷേ ഹരിഹരവര്‍മ്മയെക്കുറിച്ച് ആര്‍ക്കുമൊന്നുമറിയില്ല എന്നതാണ് സത്യം. ഹരിഹരവര്‍മ്മയുടെ രണ്ട് ഭാര്യമാര്‍ക്കുപോലും. ഇയാളുമായി ബന്ധപ്പെട്ട എല്ലാ തിരിച്ചറിയല്‍ രേഖകളും വ്യാജമാണെന്നും പോലീസ്‌ കണ്ടെത്തി. കോയമ്പത്തൂര്‍ റേസ്‌കോഴ്‌സ്‌ ക്ലബ്ബിനടുത്തെ വ്യാജവിലാസത്തില്‍ വര്‍മ്മ പാസ്‌പോര്‍ട്ട്‌ എടുത്തിരുന്നത്‌. ഹരിഹരവർമ്മയുടെ വ്യക്തമായ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുപോലും ചെറിയൊരു സൂചനപോലും നൽകി ആരും എത്തിയില്ല. ആരാണ് ഹരിഹരവർമയെന്നത് ഇപ്പോഴും പൊലീസിനെ കുഴയ്ക്കുന്നു.