Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തെ നടുക്കി മോണലീസയുടെ തിരോധാനം; ഒടുവിൽ നാട്ടുകാരുടെ ‘ഹീറോ’യായി മോഷ്ടാവ്

Monalisa

1911 ഓഗസ്റ്റ് 21

തന്റെ പതിവു പരിശോധനയിലായിരുന്നു ഫ്രാൻസിലെ ലൂവ്ർ മ്യൂസിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥൻ. പലഭാഗത്തും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മ്യൂസിയത്തിൽ പൊതുവേ തിരക്കു കുറവാണ്. ലൂവ്റിന്റ പ്രത്യേകത അതിനുള്ളിലെ കലാസൃഷ്ടികളാണ്. ലോകത്തിലെ ഏറ്റവും മികച്ചതെന്നുവിലയിരുത്തപ്പെടുന്ന, പ്രശസ്തമായ കലാസൃഷ്ടികളാൽ സമ്പന്നമാണ് ലൂവ്ർ മ്യൂസിയത്തിന്റെ ചുവരുകൾ. 

തന്റെ പതിവു പരിശോധനയിലായിരുന്ന മ്യൂസിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അവിചാരിതമായാണ് അക്കാര്യം ശ്രദ്ധിച്ചത്. ലിയനാഡോ ഡാവിഞ്ചിയെന്ന ലോകപ്രശസ്ത കലാകാരൻ വരച്ച ലോകത്തിലെ മോണലീസയെന്ന അതിപ്രശസ്തമായ ചിത്രം ഭിത്തിയിൽ കാണാനില്ല. ചിത്രത്തിന്റെ സുരക്ഷാ കവചം മാത്രം ഭിത്തിയിലുണ്ട്. 

പ്രശസ്ത ചിത്രങ്ങളുടെ മാതൃകകൾ തയ്യാറാക്കുന്നതിനായി മ്യൂസിയത്തിലെ ഫൊട്ടോഗ്രാഫർമാർ ചിത്രങ്ങൾ ഇളക്കിമാറ്റുകയും മാതൃക തയ്യാറാക്കിയശേഷം തിരികെയെത്തിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. ഏതോ ഫോട്ടോഗ്രാഫറുടെ മുറിയിൽ ചിത്രമുണ്ടാകുമെന്ന വിശ്വാസത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ മടങ്ങിപോയി. മണിക്കൂറുകൾ കടന്നുപോയിട്ടും ചിത്രം മടങ്ങിയെത്തിയില്ല. സന്ദർശകർ മോണലീസയെക്കുറിച്ച് അന്വേഷിച്ചതോടെ മ്യൂസിയം അധികൃതർ തിരച്ചിൽ ആരംഭിച്ചു. മ്യൂസിയത്തിലെ ഒരു ഫോട്ടോഗ്രാഫർപോലും മോണലീസയെ അന്നേദിവസം കണ്ടിരുന്നില്ലെന്നു അന്വേഷണത്തിൽ വ്യക്തമായി. ചിത്രങ്ങൾ വൃത്തിയാക്കുന്ന ജീവനക്കാരും അന്നേദിവസം ചിത്രം കണ്ടിട്ടില്ല. പതിയെ ലോകം മുഴുവൻ ആ വാർത്ത പരന്നു. മോണലീസയെ കാണാനില്ല.

ലിയനാഡോ ഡാവിഞ്ചി 1503ലാണു മോണലീസ വരച്ചതെന്നാണു വിശ്വസിക്കപ്പെടുന്നത്. ഈ ചിത്രത്തോളം ലോകം ചർച്ച ചെയ്ത മറ്റൊരു ചിത്രമുണ്ടാകില്ല. ചിത്രം വരയ്ക്കുമ്പോൾ ഡാവിഞ്ചിയുെട മനസ്സിലെ പ്രത്യേക വികാരം എന്തായിരുന്നുവെന്നു വ്യക്തമായി വ്യാഖ്യാനിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. മോണലീസ കരയുകയാണോ ചിരിക്കുകയാണോ എന്ന് ആ ചിത്രം നോക്കി പറയാനാവില്ല എന്നതാണ് ആ ചിത്രത്തിന്റെ പ്രധാന പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഏതു രീതിയിൽ മോണാലീസയുടെ ഭാവത്തെ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നുവോ ആ രീതിയിലെല്ലാം അതിലെ ഭാവം വ്യതിചലിക്കുന്നതായി തോന്നും. ഏതു കോണിൽ നിന്നു നോക്കിയാലും ഈ ചിത്രം ഒരുപോലെ തന്നെ നമ്മുടെ കണ്ണിൽ തറയും. അങ്ങനെയുള്ള മോണലീസയുടെ വിഷാദവും ചിരിയുമെല്ലാം ലോകം ചർച്ച ചെയ്തു. അളവുകളിലെ പ്രത്യേകതകൾ വിഗദ്ധർ പലതവണ പരിശോധിച്ചു. ചിത്രത്തിനു പിന്നിലൊളിച്ചിരിക്കുന്ന നിഗൂഢതകളെ സംബന്ധിച്ചു പലതവണ ചർച്ചകളുണ്ടായി. മോണലീസ ആണാണെന്ന തരത്തിൽപോലും ചർച്ചകൾനടന്നു. ഇതെല്ലാം ചിത്രത്തിന്റെ പ്രശസ്തികൂട്ടി.

ആരാണ് മോണലീസ? ഫ്രാൻസിസ്കോ ഡെൽഗിയോ കോണ്ടോ എന്നയാളുടെ ഭാര്യയാണ് മോണാലിസ എന്നാണു ഒരു നിരീക്ഷണം. എന്തായാലും അന്താരാഷ്ട്ര പ്രശസ്തി പലപ്പോഴും മോണലീസയ്ക്കു പ്രശ്നങ്ങൾ സൃഷ്ടിച്ചു. പലതവണ മോണലീസയ്ക്കുനേരെ ആക്രമണം ഉണ്ടായി. പലരും നോട്ടമിട്ടിട്ടുള്ളതിനാൽ മോണലീസയ്ക്ക് വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കാനായിരുന്നു യോഗം.

സൃഷ്ടാവായ ഡാവിഞ്ചിക്കൊപ്പം ഇറ്റലിയിൽനിന്ന് ഫ്രാൻസിലെത്തിയ ചിത്രം ഡാവിഞ്ചിയുടെ മരണശേഷം രാജകൊട്ടാരത്തിന്റെ അധീനതയിലായി. 1798 മുതൽ 1800വരെ മ്യൂസിയത്തിൽ. പിന്നീടു നെപ്പോളിയന്റെ കിടപ്പുമുറിയിലെ ഭിത്തിയിൽ മോണലീസയെത്തി. 1804 ൽ വീണ്ടും മ്യൂസിയത്തിൽ. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ സുരക്ഷയെക്കരുതി ചിത്രം ലൂവ്ർ മ്യൂസിയത്തിൽനിന്ന് രഹസ്യകേന്ദ്രങ്ങളിലേക്കു മാറ്റിയിരുന്നു. ഇങ്ങനെ മാറ്റിയപ്പോഴാണു മോണലീസയ്ക്കെതിരെ കൂടുതൽ ആക്രമണം ഉണ്ടായത്. 1956ൽ ഒരാളുടെ കല്ലേറിൽ ചിത്രത്തിനു ചെറിയരീതിയിൽ നാശംസംഭവിച്ചു. ചിത്രത്തിനുനേരെ ആസിഡ് ആക്രമണം ഉണ്ടായി. ഇങ്ങനെ വിവിധ ആക്രമണങ്ങളെ അതിജീവിച്ച ഒരു ചിത്രമാണ് കാണാതായിരിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ലോകത്തെ തന്നെ നടുക്കിയ മോഷണം ഫ്രാൻസിനു നൽകിയ ആഘാതം ചെറുതല്ലായിരുന്നു. രാജ്യത്തിനു നാണക്കേടായി സംഭവം മാറി. പലതരത്തിലുള്ള പ്രചാരണങ്ങളും ജനങ്ങൾക്കിടയിൽ പടർന്നു. ചിത്രത്തിന്റെ തിരോധാനം രാഷ്ട്രീയമായി വലിയ കോളിളക്കം സൃഷ്ടിച്ചു. വകുപ്പുമായി ബന്ധപ്പെട്ട മന്ത്രി രാജിവച്ചു. മ്യൂസിയത്തിലെ ഉദ്യോഗസ്ഥർ ദിവസങ്ങളോളം ചോദ്യം ചെയ്യലിനു വിധേയരായി. ആർട്ടുഗ്യാലറിയുടെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറസ്റ്റിലായി. പൊതിക്കെട്ടുമായി നഗരത്തിൽ ഇറങ്ങുന്ന ഏതൊരു വ്യക്തിയും പൊലീസിന്റെ ചോദ്യം ചെയ്യലിനു വിധേയരായി.

ലോകപ്രശസ്ത ചിത്രകാരനായ പാബ്ലോ പിക്കാസോയെവരെ മോണലീസയുടെ മോഷണവുമായി ബന്ധപ്പെട്ടു പൊലീസ് ചോദ്യം ചെയ്തു. ചില കലാകാരൻമാർ അറസ്റ്റിലായി. പക്ഷേ, അടുത്ത  രണ്ടുവർഷത്തേക്കു മോണലീസയെക്കുറിച്ചു ഒരു വിവരവും ലഭിച്ചില്ല. തങ്ങളുടെ പ്രിയപ്പെട്ട മോണലീസയെ ഒരിക്കലും കാണാനാകില്ലെന്നു ജനങ്ങളും വിശ്വസിച്ചു തുടങ്ങി. മോണലീസയെക്കുറിച്ച് അപ്പോൾ അറിയാവുന്നത് ഒരാൾക്കു മാത്രമായിരുന്നു. മോണലീസയുടെ മോഷ്ടാവ് വിൻസെൻസോ പെറൂജ്ജിയക്ക്.

മ്യൂസിയത്തിലെ പെയിന്റിങുകൾക്കു ചട്ടക്കൂടു തയ്യാറാക്കിയിരുന്ന സംഘത്തിൽപ്പെട്ട ആളായിരുന്നു ഇറ്റലിക്കാരനായ മരപ്പണിക്കാരൻ പെറുജ്ജിയ. മോണലീസയെ ഭിത്തിയിൽ ഉറപ്പിച്ചിരുന്ന സംവിധാനത്തെക്കുറിച്ചു പെറൂജ്ജിയയ്ക്കു നല്ല ധാരണയുണ്ടായിരുന്നു. അറ്റകുറ്റപ്പണികൾക്കിടെ അയാൾ മോണലീസയുടെ ചിത്രത്തിനരികെ മണിക്കൂറുകൾ ചെലവഴിച്ചിരുന്നു. എന്നാൽ, അറ്റകുറ്റപ്പണിക്കായെത്തിയ മരപ്പണിക്കാരനായിതിനാൽ ആരും അതു ഗൗരവമായി എടുത്തില്ല. സംഭവദിവസം രാവിലെ മ്യൂസിയത്തിലെത്തിയ പെറൂജ്ജിയ മോണലീസയുടെ ചിത്രം ഭിത്തിയിൽനിന്നെടുത്തു ചട്ടക്കൂടിൽനിന്ന് അതു വേർപെടുത്തി പണിസാധനങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ ഒളിപ്പിച്ചു.

മോണലീസയെ കണ്ടെത്താൻ മ്യൂസിയത്തിൽ അന്വേഷണം നടക്കുമ്പോൾ ചിത്രത്തെ തന്റെ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ചു പെറൂജ്ജിയ പുറത്തിറങ്ങി. അതിനുശേഷം ഒരു ടാക്സിയിൽ തന്റെ മുറിയിലെത്തി കിടക്കയുടെ അടിയിൽ ചിത്രം ഒളിപ്പിച്ചു. മോണലീസയുടെ ചിത്രത്തിന്റെ വലിപ്പക്കുറവാണ് മോഷണം അനായാസമാക്കിയത്. അന്വേഷണ സംഘം ആർട്ടുഗാലറിയിലെ നൂറുകണക്കിനു ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനിടയിൽ പെറൂജ്ജിയയേയും അയാളുടെ മുറിയിൽ വച്ചു ചോദ്യം ചെയ്തു. എന്നിട്ടും ഒരു തുമ്പുണ്ടാക്കാൻ ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ല. മോണലീസയെത്തേടി ഫ്രഞ്ചു പൊലീസ് ലോകം മുഴുവൻ അലഞ്ഞു.

1913 നവംബർ. ഫ്ളോറൻസിലെ ഒരു പെയിന്റിംഗ് കച്ചവടക്കാരനു പാരീസില്‍നിന്ന് ഒരു കത്തു ലഭിച്ചു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഒരു പെയിന്റിംഗ് അയാൾക്ക് വാഗ്ദാനം ചെയ്തു കൊണ്ടുള്ളതായിരുന്നു കത്ത്. ‘ലിയോനാർഡ്’ എന്നു സ്വയം പരിചയപ്പെടുത്തിയ വ്യക്തിയായിരുന്നു കത്തുകളെഴുതിയിരുന്നത്. കത്തു കിട്ടിയ ആ പെയിന്റിംഗ് ഇടപാടുകാരൻ കത്ത് ഉഫിസ്സി ആർട് ഗാലറിയിലെ ഡയറക്ടറെ കാണിച്ചു. ഇരുവരും ചേർന്ന് ‘ലിയോനാര്‍ഡ്’ എന്ന പേരിൽ കത്തുകളെഴുതുന്ന ഇടപാടുകാരനെ നേരിൽ കാണാൻ തീരുമാനിച്ചു.

മോണലീസയുടെ ചിത്രമാണെന്ന പേരിൽ വ്യാപക തട്ടിപ്പുകൾ അക്കാലത്തു നടന്നിരുന്നതിനാൽ സൂക്ഷ്മതയോടെയായിരുന്നു ഇടപാടുകൾ. ചിത്രം കൈമാറാനായി തന്റെ മുറിയിലേക്കു വരാൻ ‘ലിയനാഡോ’ ആവശ്യപ്പെട്ടു. ഇടപാടുകൾ പറഞ്ഞു തീർത്തശേഷം, ചുവന്ന പട്ടിൽ പൊതിഞ്ഞു നിത്യോപയോഗ സാധനങ്ങളുടെ കൂട്ടത്തില്‍ സൂക്ഷിച്ചിരുന്ന ‘മോണലീസ’യെ ലിയോനാർഡ് എന്ന അപരനാമത്തിൽ പ്രത്യക്ഷപ്പെട്ട പെറൂജ്ജിയ പുറത്തെടുത്തു. നടപടികളെല്ലാം വളരെ രഹസ്യമായിരുന്നെങ്കിലും പൊലീസ് എല്ലാവരെയും അറസ്റ്റു ചെയ്തു. വൻ സുരക്ഷാ സന്നാഹങ്ങളോടെ പാരീസിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിടെ ഉഫിസ്സി ഗാലറിയിൽ പ്രദർശിപ്പിച്ച ഈ ചിത്രം കാണാൻ ആയിരക്കണക്കിന് ഇറ്റലിക്കാര്‍ക്ക് അവസരം ലഭിച്ചു.

എന്തിനാണ് പെറൂജ്ജിയ മോണലീസയെ മോഷ്ടിച്ചത്? വിവിധ കോണുകളിൽനിന്ന് ചോദ്യമുയർന്നു. ഒരു രാജ്യസ്നേഹിയായിരുന്നു പെറൂജ്ജീയ. ഇറ്റലിക്കാർക്ക് അവകാശപ്പെട്ടതാണു മോണലീസയെന്ന് അയാൾ വിശ്വസിച്ചിരുന്നു. മോണലീസയെ അതിന്റെ ജന്മനാട്ടിൽ തന്നെ എത്തിക്കാനായിരുന്നു മോഷണം. 

മോഷണ കാരണം പുറത്തറിഞ്ഞതോടെ ഇറ്റലിയിലെ പൗരന്മാർക്കിടയിൽ പെറൂജ്ജിയ ഒരു ‘ഹീറോ’ ആയി മാറി. രാജ്യസ്നേഹം കൊണ്ടാണോ അതോ പണത്തിനുവേണ്ടിയാണോ ഈ മോഷണം നടത്തിയതെന്ന ചോദ്യമാണു വിചാരണയിൽ പൊന്തിവന്നത്. വിചാരണയ്ക്കുശേഷം പെറു‌ജ്ജിയയെ ഒരു വർഷവും 15 മാസവും തടവുശിക്ഷയ്ക്ക് വിധിച്ചു. പിന്നീടു ശിക്ഷ ഏഴു മാസമായി ഇളവു ചെയ്തു. ജയിൽ മോചിതനായ പെറൂജ്ജിയയ്ക്കു വിരോചിതമായ സ്വീകരണമാണ് ലഭിച്ചത്.

തിരികെ ഫ്രാൻസിലെത്തിച്ച മോണലീസയെ അതീവ സുരക്ഷയോടെ മ്യൂസിയത്തിൽ പ്രതിഷ്ഠിച്ചു. അതിനുശേഷവും മോണലീസയെ വിവാദങ്ങൾ വിട്ടൊഴിഞ്ഞില്ല. പലതവണ ചിത്രത്തിനുനേരെ ആക്രമണമുണ്ടായി. ആസിഡ് ആക്രമണത്തെയും കല്ലേറിനെയും ചിത്രം അതിജീവിച്ചു. ഒരിക്കൽ ഒരു സ്ത്രീ ഭക്ഷണസാധനങ്ങൾ ചിത്രത്തിന് നേരെ വലിച്ചെറിഞ്ഞു. ഗ്ലാസ് കവചമുള്ളതിനാൽ അത്തവണയും മോണലീസ രക്ഷപ്പെട്ടു. 2006ൽ ഡാൻ ബ്രൗണിന്റെ ഡാവിഞ്ചികോഡ് എന്ന നോവൽ സിനിമയായതോടെ മോണലീസയെ കാണാനെത്തുന്ന ആളുകളുടെ എണ്ണം കൂടി. 85 ലക്ഷത്തോളം ജനങ്ങളാണു ഒരു വർഷം  ചിത്രം കാണാനെത്തുന്നത്. 

രണ്ടായിരത്തിനുശേഷം മോണലീസയുടെ ചിത്രത്തിന്റെ സുരക്ഷ വീണ്ടും വർധിപ്പിച്ചു. രണ്ടു സെന്റീമീറ്റർ കട്ടിയുള്ള ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചം മോണലീസുടെ ചിത്രത്തിനു മുന്നിലായി സ്ഥാപിക്കപ്പെട്ടു. ഇതിനുള്ളിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള പെട്ടിയിലാണു മോണലീസ. വർഷങ്ങൾ പഴക്കമുള്ള ചിത്രത്തിന്റെ തകർച്ചയെ തടയാൻ പെട്ടിക്കുള്ളിലെ താപനില നിയന്ത്രിച്ചിരിക്കുന്നു. അതിനുള്ളിൽ പ്രത്യേക ചട്ടക്കൂടിനുള്ളിൽ മോണലീസ വശ്യമായി പുഞ്ചിരിക്കുന്നു.

related stories