Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാബറി മസ്‌ജിദ് തകർക്കൽ: അപൂർവമായ കേസ്; 49 എഫ്ഐആറുകൾ; കുറ്റാരോപിതർ ലക്ഷങ്ങൾ

ayodhya-babri

കർസേവകർ ബാബറി മസ്‌ജിദ് തകർത്ത 1992 ഡിസംബർ ആറിനു റജിസ്‌റ്റർ ചെയ്‌ത രണ്ടെണ്ണം ഉൾപ്പെടെ ബാബറി മസ്‌ജിദ് കേസിൽ മൊത്തം 49 പ്രഥമ വിവര റിപ്പോർട്ടുകളാണുള്ളത് (എഫ്‌ഐആർ). 1992 ഡിസംബർ ആറിന്റെ ആദ്യ എഫ്‌ഐആറിൽ ‘ലക്ഷക്കണക്കായ’ കർസേവകരാണ് കുറ്റാരോപിതർ. കൊള്ള, പൊതു ആരാധനാ സ്‌ഥലം നശിപ്പിക്കൽ, മതത്തിന്റെ പേരിൽ ജനവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ആരോപിക്കപ്പെട്ടത്. 

രണ്ടാമത്തേതിൽ എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവരുൾപ്പെടെ എട്ടുപേർക്കെതിരെ, മതത്തിന്റെ പേരിൽ ജനവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കുക, ദേശീയോദ്‌ഗ്രഥനത്തെ ബാധിക്കുന്ന തരത്തിൽ പ്രസംഗിക്കുക, സമൂഹത്തിൽ ശല്യമുണ്ടാക്കുക എന്നീ കുറ്റങ്ങൾ ആരോപിക്കപ്പെട്ടു.

പൊലീസിനു നേരിട്ടു കേസെടുക്കാവുന്ന കുറ്റങ്ങളുൾപ്പെടുത്തി 46 എഫ്‌ഐആറുകളും നേരിട്ടു കേസെടുക്കാവുന്നതല്ലാത്ത കുറ്റങ്ങൾ ഉൾപ്പെടുന്ന ഒരു എഫ്‌ഐആറും റജിസ്‌റ്റർ ചെയ്യപ്പെട്ടു. എല്ലാ കേസുകളും ലളിത്‌പുരിൽ പ്രത്യേക കോടതി പരിഗണിക്കണമെന്ന് സംസ്‌ഥാന സർക്കാർ തീരുമാനിച്ചു. 

കർസേവകർക്കെതിരെയുള്ള എഫ്‌ഐആറിൽ ഗൂഢാലോചനക്കുറ്റം ഉൾപ്പെടുത്തണമെന്ന് 1993 ഏപ്രിലിൽ സ്‌പെഷൽ മജിസ്‌ട്രേട്ട് വ്യക്‌തമാക്കി. കേസുകൾ ലളിത്‌പുരിൽവേണ്ട, ലക്‌നൗവിൽ പ്രത്യേക കോടതി പരിഗണിച്ചാൽ മതിയെന്ന് 1993 സെപ്‌റ്റംബർ എട്ടിനു സംസ്‌ഥാന സർക്കാർ തീരുമാനിച്ചു. അഡ്വാനി ഉൾപ്പെടെ എട്ടു പേർക്കെതിരെയുള്ളതൊഴികെ എല്ലാ കേസുകളും ലക്‌നൗവിലേക്കു മാറ്റി. 

ശിവ സേനാ നേതാവായിരുന്ന ബാൽ താക്കറെ, അഡ്വാനി, കല്യാൺ സിങ്, മുരളി മനോഹർ ജോഷി തുടങ്ങി 48 പേർക്കെതിരെ 1993 ഒക്‌ടോബർ അഞ്ചിന് സിബിഐ പൊതുവായ കുറ്റപത്രം സമർപ്പിച്ചു. എട്ടുപേർക്കെതിരെയുള്ള കേസും ലക്‌നൗവിലേക്കു മാറ്റിക്കൊണ്ട് 1993 സെപ്‌റ്റംബറിലെ ഉത്തരവ് സംസ്‌ഥാന സർക്കാർ അതേ വർഷം ഒക്‌ടോബർ എട്ടിനു പരിഷ്‌കരിച്ചു. ഹൈക്കോടതിയോട് ആലോചിച്ചുവേണം ഇത്തരം നടപടികളെന്ന ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്‌ഥ സർക്കാർ പാലിച്ചില്ല. ഈ ഭേദഗതി പിന്നീടു കോടതി റദ്ദാക്കി. 

എട്ടു പേരുടെ കേസിൽ 1996ൽ സിബിഐ ലക്‌നൗവിൽ അധിക കുറ്റപത്രം നൽകി. ഇവർക്കെതിരെ ക്രിമനൽ ഗൂഢാലോചനക്കുറ്റം പ്രഥമ ദൃഷ്‌ട്യാ നിലനിൽക്കുമെന്ന് ലക്‌നൗ പ്രത്യേക കോടതി 1997 സെപ്‌റ്റംബർ ഒൻപതിനു വ്യക്‌തമാക്കി. കുറ്റങ്ങളെല്ലാം ഒരേ സംഭവത്തിന്റെ ഭാഗമാണെന്നും കേസ് ലക്‌നൗവിൽത്തന്നെ വിചാരണ ചെയ്യണമെന്നും കോടതി അന്നു പറഞ്ഞു. അതിനെതിരെ അഡ്വാനിയും മറ്റും ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകി. 

ഹർജി പരിഗണിച്ച ഹൈക്കോടതി, എട്ടു പേർക്കെതിരെയുള്ള കേസ് ലക്‌നൗവിലേക്കു മാറ്റാനുള്ള സർക്കാർ തീരുമാനം റദ്ദാക്കി. എട്ടു പേർക്കെതിരെ ഉന്നയിക്കപ്പെട്ട മൂന്നു കുറ്റങ്ങളിൽ വിചാരണ നടത്താൻ ലക്‌നൗ കോടതിക്ക് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.

പൊതുവായ കുറ്റപത്രമെന്നതിൽ പിഴവില്ലെന്നും 49 എഫ്‌ഐആറുകളുണ്ടെങ്കിലും തെളിവുകൾ മിക്കതും പൊതുസ്വഭാവമുള്ളതായതിനാൽ കേസുകൾ വേർതിരിക്കേണ്ടതില്ലെന്നും 2001 ഫെബ്രുവരി 12നു ഹൈക്കോടതി പറഞ്ഞു. ക്രിമിനൽ ഗൂഢാലോചനക്കുറ്റം ഉൾപ്പെടുത്തിയതു ഹൈക്കോടതി ശരിവച്ചു. 

ഹൈക്കോടതിയുടെ വിധിയുടെ പശ്‌ചാത്തലത്തിൽ, എട്ടു പേരുടെ കേസ് ലക്‌നൗവിലേക്കു മാറ്റിക്കൊണ്ടുള്ള ഉത്തരവിന്റെ പിഴവു തിരുത്താൻ സംസ്‌ഥാന സർക്കാരിനോടു സിബിഐ ആവശ്യപ്പെട്ടു. സർക്കാർ ഇത് അംഗീകരിച്ചില്ല. ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മുഹമ്മദ് അസ്‌ലം എന്നയാൾ നൽകിയ പൊതു താൽപര്യ ഹർജി സുപ്രീം കോടതി തള്ളി. (ഇന്നലെ വിധി നൽകിയ കേസിൽ അസ്‌‌ലത്തെ ഇടപെടൽ ഹർജിക്കാരനായി കോടതി അംഗീകരിച്ചിരുന്നു.) 

ഉത്തരവു ഭേദഗതി ചെയ്യണമെന്ന ആവശ്യം നിരസിച്ച സർക്കാർ നടപടി ചോദ്യം ചെയ്യുന്നതിനു പകരം, എട്ടുപേർക്കെതിരെ റായ് ബറേലി കോടതിയിൽ അധിക കുറ്റപത്രം നൽകുകയാണ് സിബിഐ ചെയ്‌തതെന്ന് സുപ്രീം കോടതി ഇന്നലെ ചൂണ്ടിക്കാട്ടി. പ്രമുഖരായ മറ്റു 13 പേർക്കെതിരെ എന്തുകൊണ്ട് തുടർനടപടിക്കു തയാറായില്ലെന്നതു സിബിഐക്കു മാത്രം അറിയാവുന്ന കാര്യമാണെന്നും കോടതി പറഞ്ഞു.

അഡ്വാനിയും ജോഷിയുമുൾപ്പെടെ എട്ടു പേരും, താക്കറെയും മറ്റുമുൾപ്പെടെ 13 പേരും – മൊത്തം 21 പേർക്കെതിരെയുള്ള നടപടികൾ ഒഴിവാക്കാൻ 2001 മേയിൽ പ്രത്യേക കോടതി തീരുമാനിച്ചു. 

കോടതി പറഞ്ഞ കാരണമിതാണ്: രണ്ടു തരം കുറ്റാരോപിതരാണുള്ളത് – മസ്‌ജിദ് തകർത്ത കർസേവകരും അവർക്കു പ്രചോദനം നൽകിയവരും. കർസേവകർക്കെതിരെയുള്ള നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ നല്ല മാർഗം 21 പേർക്കെതിരെയുള്ള നടപടികൾ ഒഴിവാക്കുകയാണ്. ഈ നിലപാട് ഹൈക്കോടതിയും ശരിവച്ചു. 

മതത്തിന്റെ പേരിൽ ജനവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കുന്നതുൾപ്പെടെ മൂന്നു കുറ്റങ്ങളുടെ പേരിലുള്ള വിചാരണ മാത്രമാണ് നേരത്തെ റദ്ദാക്കിയതെന്നും മറ്റു കുറ്റങ്ങൾ നിലനിൽക്കുന്നുണ്ടെന്നും സിബിഐ ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ, 21 പേർക്കെതിരെ ക്രിമിനൽ ഗൂഢാലോചനയെന്നത് സിബിഐ റായ് ബറേലിയിൽ നൽകിയ അധിക സത്യവാങ്‌മൂലത്തിൽ പോലുമില്ലെന്ന് കോടതി പറഞ്ഞു.

ക്രിമിനൽ ഗുഢാലോചന ഉൾപ്പെടുത്തിയുള്ള പൊതു കുറ്റപത്രം നേരത്തെ അംഗീകരിച്ചതാണെന്ന സിബിഐ വാദവും ഹൈക്കോടതി തള്ളി. മസ്‌ജിദ് തകർത്തതും നേതാക്കളുടെ പ്രസംഗവും രണ്ടിടത്തു നടന്ന സംഭവങ്ങളാണെന്നും അതുകൊണ്ടുതന്നെയാണ് ആദ്യം തന്നെ രണ്ട് എഫ്‌ഐആർ വന്നതെന്നും ഹൈക്കോടതി 2010 മേയ് 22ന് വിധിച്ചു. അതിനെതിരെയുള്ള ഹർജിയിലാണ് സുപ്രീം കോടതി ഇന്നലെ വിധി പറഞ്ഞത്.

related stories
Your Rating: