വിമലമാതൃകയായി ഒഴുകട്ടെ, ഗംഗ

ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള നദികളിലൊന്നായ ഗംഗ, ലോകത്തെ ഏറ്റവും മലിനമായ അഞ്ചു നദികളുടെ പട്ടികയിലും ഇടംനേടിയതാണ്. ഭാരതീയ സംസ്‌കൃതിയിലൂടെ പരമപവിത്രയായി ഒഴുകുന്ന ഈ മഹാനദിയെ മാലിന്യമുക്തയാക്കാനുള്ള നീക്കത്തിൽ അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷ അലയടിക്കുന്നു. ഗംഗയെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി നദിയിലും തീരത്തും മാലിന്യം തള്ളുന്നതു നിരോധിച്ചാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻജിടി) ഉത്തരവ്. 

നദീതീരത്തിന്റെ 500 മീറ്റർ പരിധിക്കുള്ളിൽ മാലിന്യം തള്ളുന്നവരിൽനിന്ന് 50,000 രൂപ പിഴ ഈടാക്കാനാണ് ഉത്തരവിട്ടിട്ടുള്ളത്. തീരത്തിനു 100 മീറ്റർ ചുറ്റളവിനുള്ളിൽ എല്ലാവിധ നിർമാണങ്ങളും നിരോധിച്ച് വ്യവസായരഹിത മേഖലയായി പ്രഖ്യാപിക്കാനും നിർദേശിച്ചിട്ടുണ്ട്. ടൺ കണക്കിനു വ്യവസായ മാലിന്യങ്ങളാണു ദിനംപ്രതി ഒഴുകിയെത്തുന്നത്. മലിനീകരണം തടയാൻ ഗംഗയ്ക്കു മനുഷ്യർക്കുള്ളതുപോലെ നിയമപരമായ അസ്തിത്വം അനുവദിച്ചുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി ഈയിടെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. 

ഗംഗാശുചീകരണം പല ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഗോമുഖ് മുതൽ ഹരിദ്വാർ വരെയുള്ള ആദ്യഭാഗവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ 2015 ഡിസംബറിൽ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമായി, ഹരിദ്വാർ മുതൽ ഉത്തർപ്രദേശിലെ ഉന്നാവ് വരെയുള്ള ഭാഗത്താണു നിയന്ത്രണം. പ്രദേശത്തു മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാനും അഴുക്കുചാലുകൾ ശുചീകരിക്കാനും ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനും എൻജിടി നിർദേശം നൽകിയിട്ടുണ്ട്.

പരിസരത്തുള്ള തുകൽ വ്യവസായശാലകൾ ആറ് ആഴ്ചയ്ക്കുള്ളിൽ മറ്റു സ്ഥലങ്ങളിലേക്കു മാറ്റുകയുംവേണം. ഉത്തരവുകൾ നടപ്പാക്കുന്നതിനുവേണ്ടി പ്രത്യേക സമിതിയെ എൻജിടി നിയോഗിച്ചതു നടപടികൾ സമയബന്ധിതവും ഏകോപിതവുമാക്കാൻ സഹായിക്കും.

ഗംഗയിൽ ഇപ്പോൾ പ്രതിദിനം 300 കോടി ലീറ്റർ അഴുക്കുചാൽ മാലിന്യങ്ങളാണ് ഒഴുകിയെത്തുന്നതെന്നതും മൃതദേഹാവശിഷ്‌ടങ്ങൾ കുമിഞ്ഞുകൂടുകയാണെന്നതും ഈ പുണ്യനദിയെ ഹൃദയത്തിൽ വഹിക്കുന്ന ഓരോരുത്തരെയും സങ്കടപ്പെടുത്തുന്നതു തന്നെ. അതുകൊണ്ടുതന്നെ, പുരാണത്തിലെ ഭഗീരഥ രാജാവ് ഒരിക്കൽ ഗംഗയെ ഭൂമിയിലേക്കു കൊണ്ടുവന്നതിലെ കഠിനപ്രയത്നം വേണ്ടിവരും ഇപ്പോൾ ഗംഗാശുദ്ധീകരണ ദൗത്യത്തിന്.

ഈ വലിയ ദൗത്യത്തിനായി 1985 മുതൽ പദ്ധതികൾ കേന്ദ്ര സർക്കാർ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും അതിന് ഏകോപിതവും സമഗ്രവുമായ ശ്രമം ഉണ്ടാകുന്നത് മൂന്നു വർഷം മുൻപാണ്. ഒരു ദേശീയ ദൗത്യത്തിന്റെതന്നെ സ്വഭാവത്തിൽ ഗംഗാനദിയെ വിമലീകരിച്ച്, പുനർജന്മം നൽകാനുള്ള നവപദ്ധതിയാണത്.

കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ വിവിധ സർക്കാരുകൾ ഗംഗാനദി മാലിന്യമുക്‌തമാക്കാൻ ചെലവഴിച്ചത് 1000 കോടി രൂപയിലേറെയാണ്. നരേന്ദ്ര മോദി സർക്കാർ 2014ൽ രൂപംനൽകിയ ഗംഗാ പുനരുജ്‌ജീവന പദ്ധതിയുടെ തുടർച്ചയായിവേണം ഗംഗയെ മാലിന്യമുക്തമാക്കാനുള്ള ഇപ്പോഴത്തെ കർശനനീക്കത്തെയും കാണാൻ. കഴിഞ്ഞ വർഷം ആർട് ഓഫ് ലിവിങ് ലോക സാംസ്കാരികോത്സവത്തിന്റെ ഭാഗമായി യമുനാ തീരത്തുണ്ടായ നഷ്ടങ്ങളെച്ചൊല്ലിയുണ്ടായ വിവാദം നദീസംരക്ഷണം സംബന്ധിച്ച ചില വീണ്ടുവിചാരങ്ങൾക്കുകൂടി വഴിവച്ചിരുന്നു.

കേരളത്തിലെ ഓരോ നദിയും ശ്വാസംമുട്ടി മരിക്കുമ്പോൾ ഇപ്പോഴത്തെ എൻജിടി ഉത്തരവിൽ തീർച്ചയായും നമുക്കുള്ള തിരിച്ചറിവുകൂടി വായിക്കേണ്ടതുണ്ട്. മാലിന്യവാഹിനികളായ കേരളത്തിലെ പുഴകളെല്ലാം തേടുന്നതു സംരക്ഷണവും പരിഗണനയുമാണ്. പുഴയും തോടും കുളവുമെല്ലാം മാലിന്യം വലിച്ചെറിയാനുള്ള കുപ്പത്തൊട്ടികളാണെന്ന തെറ്റിദ്ധാരണ മലയാളികളിൽ വേരുപിടിച്ചതുതന്നെ ഏറ്റവും വലിയ ശാപം.

ഇരുളിന്റെ മറവിൽ, അറവുശാലകളും ഹോട്ടലുകളുമെല്ലാം മാലിന്യങ്ങൾ പുഴയിലെറിയുന്നു. എന്നാൽ, മാലിന്യങ്ങൾ കൊണ്ടു പുഴ നിറഞ്ഞാൽപോലും തദ്ദേശസ്‌ഥാപനങ്ങൾ നിയമമെടുത്തു പ്രയോഗിക്കുക വളരെ ചുരുക്കം. മാലിന്യശേഖരണത്തിലും സംസ്‌കരണത്തിലും പരാജയപ്പെടുന്ന തദ്ദേശസ്‌ഥാപനങ്ങൾക്കു കുറ്റക്കാരെ ശിക്ഷിക്കാനുള്ള ധാർമികശക്‌തി ഇല്ലാതെപോകുന്നതു സ്വാഭാവികമാണ്.

ഗംഗയുടെ വിമലീകരണദൗത്യം സഫലമായി മുന്നേറുമ്പോൾ നമ്മുടെ നാൽപത്തിനാലു നദികൾക്കുമുള്ളൊരു വലിയ സന്ദേശംകൂടി ആ മഹാനദിയുടെ തെളിമയിലുണ്ടാകും.