Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യത മൗലികാവകാശമെന്ന സുപ്രീം കോടതിവിധി സർക്കാരിനു മാത്രമല്ല ബാധകം; വ്യക്തികൾക്കും ബാധ്യത

Justice KS Radhakrishnan, ജസ്‌റ്റിസ് കെ.എസ്. രാധാകൃഷ്‌ണൻ

ജീവിക്കാനും വ്യക്‌തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെക്കുറിച്ചു പറയുന്ന 21ാം വകുപ്പ് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്. സ്വകാര്യതയ്‌ക്കുള്ള അവകാശം, സൽപേരിനുള്ള അവകാശം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം, വ്യക്‌തിയുടെ സ്വയം നിർണയാവകാശത്തിനുള്ള സംരക്ഷണം തുടങ്ങിയവയിലേക്കു കൂടി, ജീവിക്കാനും വ്യക്‌തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെ വ്യാപിപ്പിച്ച് സുപ്രീം കോടതി ഒട്ടേറെ വിധികൾ നൽകിയിട്ടുണ്ട്. കോടതിവിധികൾ സ്വകാര്യതയ്‌ക്കുള്ള അവകാശത്തെ മൗലികമെന്നു പ്രത്യേകമായി പറഞ്ഞിട്ടില്ല. എന്നാൽ, കഴിഞ്ഞ ദിവസം കെ.എസ്. പട്ടുസ്വാമി കേസിന്റെ വിധിയിലുൾപ്പെടെ സ്വകാര്യതയെ പ്രധാനമായും ഭരണഘടനയുടെ 21ാം വകുപ്പിൽനിന്ന് ഉരുത്തിരിയുന്ന മൗലികാവകാശമായി അംഗീകരിക്കുന്നു.

privacy-cartoon

അവകാശം സമ്പൂർണമല്ല

സ്വകാര്യത ലംഘിക്കുന്ന ഏതു നടപടിയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാവും. എന്നാൽ, അത്തരത്തിൽ സംരക്ഷിക്കപ്പെടുന്ന സ്വകാര്യതാ അവകാശം സമ്പൂർണമായ അവകാശമല്ല. സ്വകാര്യതയിലുള്ള കടന്നുകയറ്റങ്ങൾ നിയമപരമായിരിക്കണം, ആവശ്യകതയും അനുപാതവും കണക്കിലെടുക്കണം. സ്വകാര്യത മൗലികാവകാശമാണെന്നു സുപ്രീം കോടതി പറയുന്നത് ഇതാദ്യമല്ല. ഇത്തരത്തിലുള്ള ഒട്ടറെ വിധികളുണ്ട്. 1981ൽ ഫ്രാൻസിസ് കൊറാലി മള്ളിനും കേന്ദ്ര ഭരണപ്രദേശമായ ഡൽഹിയുടെ അഡ്മിനിസ്‌ട്രേറ്ററും തമ്മിലുള്ള കേസിൽ സുപ്രീം കോടതി പറഞ്ഞത് അന്തസ്സിനുള്ള അവകാശം നമ്മുടെ ഭരണഘടനാ സംസ്‌കാരത്തിന്റെ മൂലഘടകമെന്നാണ്. വ്യക്‌തികളുടെ പൂർണമായ വികാസവും പരിണാമവും ഉറപ്പാക്കുകയാണ് ആ സംസ്‌കാരം ലക്ഷ്യമിടുന്നത്. അന്തസ്സെന്നതിൽ വിവിധ രീതിയിലുള്ള സ്വയം പ്രകടനം, സ്വതന്ത്രമായ സഞ്ചാരം, മറ്റു മനുഷ്യജീവികളുമായുള്ള ഇടപെടൽ എന്നിവയും ഉൾപ്പെടുന്നുവെന്നും കോടതി പറഞ്ഞു.  ദേശീയ നിയമ സേവന അതോറിറ്റിയും യൂണിയൻ ഓഫ് ഇന്ത്യയുമായുള്ള കേസിലും (ഭിന്നലിംഗക്കാരെ സംബന്ധിച്ചത്) സുപ്രീം കോടതി ഈ തത്വം ശരിവച്ചു.

ഐക്യരാഷ്‌ട്ര മനുഷ്യാവകാശ പ്രഖ്യാപനം, സിവിൽ – രാഷ്‌ട്രീയ അവകാശങ്ങൾ സംബന്ധിച്ച രാജ്യാന്തര ഉടമ്പടികൾ എന്നിവയിലും മറ്റ് ഒട്ടേറെ രാജ്യാന്തര, പ്രാദേശിക കരാറുകളിലും സ്വകാര്യതയെ മൗലിക മനുഷ്യാവകാശമായി അംഗീകരിച്ചിട്ടുണ്ട്. ആധുനിക കാലത്തെ നിർണായക മനുഷ്യാവകാശ വിഷയങ്ങളിലൊന്നായി സ്വകാര്യത മാറിയിരിക്കുന്നു. സംരക്ഷണത്തിന്റെ ചട്ടക്കൂടു സാധ്യമാക്കുന്ന, സമഗ്രതയുള്ള സ്വകാര്യതാ നിയമങ്ങൾ അംഗീകരിപ്പിക്കാൻ ലോകമാകെ ശ്രമങ്ങൾ നടക്കുന്നുണ്ട്. മനുഷ്യാവകാശം സംബന്ധിച്ച യൂറോപ്യൻ ധാരണ (1953) ഈ ദിശയിലുള്ള ശക്‌തമായ ശ്രമത്തിന് ഉദാഹരണമാണ്. ആ ധാരണയുടെ എട്ടാം വകുപ്പ് ഇപ്രകാരമാണ്:

1. സ്വകാര്യവും കുടുംബപരവുമായ ജീവിതം, ഭവനം, ആശയവിനിമയ ഇടപാടുകൾ എന്നിവ മാനിക്കപ്പെടുന്നതിന് എല്ലാവർക്കും അവകാശമുണ്ട്.

2. ജനാധിപത്യ സമൂഹത്തിൽ ദേശീയസുരക്ഷ, പൊതുഭദ്രത, രാജ്യത്തിന്റെ സാമ്പത്തിക സുസ്‌ഥിതി, കുറ്റകൃത്യമോ ക്രമമില്ലായ്‌മയോ തടയൽ, ആരോഗ്യത്തിന്റെയും സദാചാരത്തിന്റെയും സംരക്ഷണം, മറ്റുള്ളവരുടെ സ്വാതന്ത്ര്യങ്ങളുടെ സംരക്ഷണം എന്നിവയ്‌ക്ക് അനുപേക്ഷണീയമാകുമ്പോൾ അല്ലാതെ പൊതു അധികാര കേന്ദ്രങ്ങൾ ഈ അവകാശത്തിൽ ഇടപെടാൻ പാടില്ല. അതും നിയമാനുസൃതമായി മാത്രം.

ഡേറ്റ ദുരുപയോഗം പതിവുകാര്യം

സർക്കാരും മറ്റു സ്‌ഥാപനങ്ങളും വ്യക്‌തിയിൽനിന്നു ശേഖരിക്കുന്ന വിവരങ്ങളും ഡേറ്റയും വ്യക്‌തിയുടെ അറിവും സമ്മതവുമില്ലാതെ ദുരുപയോഗിക്കുകയോ മറ്റാവശ്യങ്ങൾക്കായി പങ്കുവയ്‌ക്കുകയോ ചെയ്യുന്നതു പുതുമയുള്ള കാര്യമല്ല. വ്യക്‌തിപരമായ വിവരങ്ങളുടെ ദുരുപയോഗവും കച്ചവടലാഭത്തിനായുള്ള ദുർവിനിയോഗവും പലപ്പോഴും സംഭവിക്കുന്നുണ്ട്. ഇതു വ്യക്‌തിക്ക് അവിശ്വാസമുണ്ടാക്കുന്നു, അധിക്ഷേപകരവുമാകുന്നു. തന്റേതും കുടുംബം, വിവാഹം, സന്താനോൽപാദനം, മാതൃത്വം, കുട്ടികളെ വളർത്തൽ, വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ടതുമായ സ്വകാര്യത സംരക്ഷിക്കാൻ വ്യക്‌തിക്ക് അവകാശമുണ്ട്. സത്യസന്ധമായ വിവരമെന്ന നിലയ്‌ക്കോ അഭിനന്ദനമായോ വിമർശനമായോ മേൽപറഞ്ഞ കാര്യങ്ങൾ വ്യക്‌തിയുടെ സമ്മതമില്ലാതെ പ്രസിദ്ധപ്പെടുത്താൻ ആർക്കും അവകാശമില്ല.

പത്രസ്വാതന്ത്ര്യം ചർച്ച ചെയ്യപ്പെടും

പത്രസ്വാതന്ത്ര്യം പ്രത്യേകമായി എടുത്തുപറഞ്ഞിട്ടില്ലെങ്കിലും ഭരണഘടനയുടെ 19(1) (എ) വകുപ്പ് രാജ്യത്തെ എല്ലാ പൗരൻമാർക്കും ചിന്തയ്‌ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പുനൽകുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങളിൽ ദേശീയ താൽപര്യമുള്ള പല വിഷയങ്ങളും അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, ചില വ്യക്‌തികളുടെ സ്വകാര്യതയെ ബാധിക്കാവുന്ന വിഷയങ്ങളും മാധ്യമങ്ങൾ പരസ്യമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ 19(1) (എ) വകുപ്പ് ഉറപ്പുനൽകുന്ന പത്രസ്വാതന്ത്ര്യത്തെ സ്വകാര്യത സംബന്ധിച്ച വിധി എത്രകണ്ടു ബാധിക്കുമെന്നത് ഏറെ ചർച്ചചെയ്യപ്പെടുമെന്നുറപ്പ്.

അപകീർത്തി ആരോപിക്കപ്പെടുമ്പോൾ, തങ്ങൾ പ്രസിദ്ധപ്പെടുത്തിയതു സത്യമാവണമെന്നു മാധ്യമങ്ങൾ സ്‌ഥാപിക്കണമെന്നില്ല, ന്യായമായ രീതിയിൽ വസ്‌തുതകൾ പരിശോധിച്ചിട്ടാണു തങ്ങളുടെ നടപടിയെന്നു സ്‌ഥാപിച്ചാൽ മതിയെന്ന് അമേരിക്കൻ സുപ്രീം കോടതി ന്യൂയോർക്ക് ടൈംസും സള്ളിവനും തമ്മിലുള്ള കേസിലും (1964), ഇന്ത്യയുടെ സുപ്രീം കോടതി ആർ. രാജഗോപാലും തമിഴ്‌നാട് സർക്കാരുമായുള്ള കേസിലും വ്യക്‌തമാക്കിയിട്ടുണ്ട്. തങ്ങളുടെ നടപടി പിഴവില്ലാത്തതാണെന്നു മാധ്യമങ്ങൾ സ്‌ഥാപിച്ചുകഴിഞ്ഞാൽ, സത്യം അവഗണിച്ച്, അല്ലെങ്കിൽ പകയും വ്യക്‌തിവിദ്വേഷവും കാരണമാണു റിപ്പോർട്ടെന്നു സ്‌ഥാപിക്കേണ്ടതു പരാതിക്കാരന്റെ ബാധ്യതയാണ്. ഈ തത്വം ഇനി ശരിവയ്‌ക്കപ്പെടുമോയെന്നതു സംശയകരമാണ്. സ്വകാര്യത നിഷേധിക്കപ്പെടുന്നുവെന്നാരോപിച്ച് അപകീർത്തിക്കേസുകൾ ഫയൽ ചെയ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

പൊതുജനങ്ങൾക്കിടയിൽ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങൾക്കുള്ള ഇക്കാലത്തെ അസാധാരണമായ സ്വാധീനം മറന്നുകൂടാ. ഭരണഘടനയുടെ 21ാം വകുപ്പിന്റെ അടിസ്‌ഥാനത്തിൽ  ഉറപ്പാക്കപ്പെടുന്ന മൗലികാവകാശമാണു വ്യക്‌തിയുടെ സ്വകാര്യതയെന്ന സുപ്രീം കോടതിയുടെ പ്രഖ്യാപനം ഭരണകൂടത്തിനു മാത്രമല്ല ഓരോ വ്യക്‌തിക്കും ബാധകമാണ്.

സുപ്രീം കോടതി വിധി പലർക്കുമുള്ള സന്ദേശം

സ്വകാര്യതയെന്നാൽ തനിച്ചായിരിക്കാനുള്ള അവകാശമാണെന്നും അതിലൂടെ വ്യക്‌തിയുടെ സ്വയം നിർണയാവകാശം സംരക്ഷിക്കപ്പെടുന്നുവെന്നും തന്റെ ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന ഘടകങ്ങൾ നിയന്ത്രിക്കാനുള്ള വ്യക്‌തിയുടെ കഴിവ് അംഗീകരിക്കുന്നുവെന്നും കോടതി വ്യക്‌തമാക്കിയിരിക്കുകയാണ്. സ്വകാര്യതയുടെ പ്രകൃതവും സ്വഭാവവും നിർവചിക്കുന്ന കോടതി, വ്യക്‌തിക്കായി നീക്കിവയ്‌ക്കപ്പെടുന്ന സ്വകാര്യ ഇടത്തെയാണു വിശദീകരിക്കുന്നത്. വ്യക്‌തികളുടെ സ്വകാര്യത മാനിക്കാൻ ഭരണകൂടത്തിനു മാത്രമല്ല, വ്യക്‌തികൾക്കും ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്. ഫലത്തിൽ, കഴിഞ്ഞ ദിവസത്തെ വിധി ഭരണകൂടത്തിനു മാത്രമല്ല, പൊതുജനത്തിനു മൊത്തത്തിലും, മാധ്യമങ്ങൾക്കും മറ്റുള്ളവരുടെ കാര്യങ്ങളെക്കുറിച്ചു വാചാലരാകുന്നവർക്കുമുള്ള സന്ദേശമാണ്.

(മുൻ സുപ്രീം കോടതി ജഡ്‌ജിയാണ് ലേഖകൻ)