പ്രതീക്ഷയോടെ പ്ലീനറിയിലേക്ക്

ഡൽഹിയിൽ ഇന്നലെ ആരംഭിച്ച കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനുള്ള എഐസിസി അംഗങ്ങളുടെ പട്ടിക കേരളത്തിൽ അന്തിമമാക്കുന്നതിനിടയിൽ പൊട്ടിയ ഒരു തമാശയാണ്:

പട്ടികയിൽ വനിതാപ്രാതിനിധ്യം പോരെന്ന് എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഒരു പ്രമുഖ നേതാവിന്റെ ശ്രദ്ധയിൽപെടുത്തി. അതിനു കിട്ടിയ മറുപടി ഇങ്ങനെ: ‘‘ഇവിടെ അറിയപ്പെടുന്ന വനിതകളെല്ലാം ആ പട്ടികയിലുണ്ട്. ഇനിയും വേണമെങ്കിൽ രണ്ടാംനിരയിലേക്കു പോകണം, അല്ലെങ്കിൽ നേതാക്കന്മാരുടെ ഭാര്യമാരെ നിർദേശിക്കേണ്ടിവരും’’. അവിവാഹിതനായ വാസ്നിക്കും ചിരിച്ചുപോയി.

അങ്ങോട്ടുമിങ്ങോട്ടും തമാശ പറഞ്ഞു പിരിമുറുക്കം അയച്ചുവെന്നതു ശരി. പക്ഷേ, കേരളം കൈമാറിയ പട്ടികയിൽ കേന്ദ്രം കൈവച്ചപ്പോൾ ചില മുഖങ്ങളിലെങ്കിലും വേദന കിനിഞ്ഞു. യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചനും കെപിസിസി മുൻ പ്രസിഡന്റുമാരായ സി.വി. പത്മരാജനും തെന്നല ബാലകൃഷ്ണപിള്ളയും മുൻ ഗവർണർമാരായ കെ. ശങ്കരനാരായണനും എം.എം. ജേക്കബും വക്കം പുരുഷോത്തമനും അടക്കം ഒരുപിടി മുതിർന്ന നേതാക്കൾ എഐസിസി പട്ടികയിൽനിന്ന് ഇതാദ്യമായി പുറത്തായി. ആര്യാടൻ മുഹമ്മദും വി.എസ്. വിജയരാഘവനും കടന്നുകൂടിയതു സംസ്ഥാന നേതാക്കൾ ആഞ്ഞുപിടിച്ചതുകൊണ്ടുമാത്രം.

തലമുറമാറ്റം നിർദയം നടപ്പാക്കുകയാണു കോൺഗ്രസ് ഹൈക്കമാൻഡ്. ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിനു പിന്നാലെ കെപിസിസി – എഐസിസി പട്ടികകൾ തയാറാക്കിയതിൽ കേന്ദ്രത്തിന്റെ കർശനമായ പിടി വ്യക്തമായിരുന്നു. ഞങ്ങളുടെ മാനദണ്ഡങ്ങൾക്കനുസരിച്ചു നിങ്ങൾ പേരുകൾ തരികയെന്ന രീതിയാണ് എഐസിസി പുലർത്തിയത്.

എന്നാൽ പ്ലീനറി സമ്മേളനവേദിയായ ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലേക്കു കടന്നുചെല്ലുമ്പോൾ അങ്ങനെ കേന്ദ്രനേതൃത്വത്തിന്റെ കനിവിനായി കാത്തിരിക്കേണ്ട ഒരു കൂട്ടം മാത്രമാണോ തങ്ങളെന്നു കേരളത്തിൽനിന്നുള്ളവർ ആലോചിച്ചാൽ അദ്ഭുതപ്പെടാനില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാരുടെ എണ്ണം വെറും 44 ൽ ഒതുങ്ങിയപ്പോൾ അതിൽ എട്ടും കേരളത്തിൽനിന്നായിരുന്നു. കർണാടകയായിരുന്നു മുന്നിൽ – 9. യുഡിഎഫ് ആയി കണക്കാക്കിയാൽ 12 എംപിമാരുമായി രാജ്യത്തു മുഖ്യപ്രതിപക്ഷത്തിന് ഏറ്റവും കരുത്തു പകർന്ന ഘടകമാണു കേരളത്തിന്റേത്. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും പാർലമെന്റിൽ പ്രതിപക്ഷത്തെ പിന്തുണയ്ക്കാനുള്ള സ്ഥാനാർഥിയെ തിരഞ്ഞെടുത്താണു കേരളമയച്ചത്. അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഹൈക്കമാൻഡ് പ്രതീക്ഷ പുലർത്തുന്ന ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണു കേരളം. അതുകൊണ്ടുതന്നെ പ്ലീനറി സമ്മേളനത്തിൽവച്ചോ അതിനുശേഷം ഉടനെയോ നിലവിൽവരുന്ന കോൺഗ്രസിന്റെ ദേശീയ നേതൃനിരയിൽ അർഹമായ പ്രാതിനിധ്യം സംസ്ഥാന ഘടകത്തിന്റെ ന്യായമായ അവകാശമായി മാറുന്നു. മുമ്പൊരിക്കലുമില്ലാത്തനിലയിൽ കേരളത്തിനു സ്വയം വാദിക്കാൻ കഴിയുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.

പ്രവർത്തകസമിതിയംഗമായി എ.കെ. ആന്റണിയും ജനറൽ സെക്രട്ടറിയായി കെ.സി. വേണുഗോപാലും തുടരുമെന്നുറപ്പാണ്. യുവാവായ രാഹുലിനു വഴികാട്ടിയായി എ.കെ. ആന്റണി കോൺഗ്രസ് വൈസ് പ്രസിഡന്റുമാകുമെന്ന സൂചനകൾ ശക്തം. കേരളത്തിൽ പദവികളൊന്നുമേറ്റെടുക്കാതെ മാറിനിൽക്കുന്ന ഉമ്മൻ ചാണ്ടി പ്രവർത്തകസമിതിയിൽ വരുമോയെന്നതാണു വലിയ ചോദ്യം. കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് എന്ന ഭാരിച്ച ദൗത്യം വലിയ പരാതിക്കു വകനൽകാതെ പൂർത്തീകരിച്ചതിനുള്ള അംഗീകാരം മുല്ലപ്പള്ളി രാമചന്ദ്രനെ തേടിയെത്തുമെന്ന് അഭ്യൂഹമുണ്ട്. ശശി തരൂർ, പി.സി. ചാക്കോ, കെ.വി. തോമസ് എന്നിവരും പദവികൾ പ്രതീക്ഷിക്കുന്നവർ.

പ്ലീനറിക്കുശേഷമോ...

രാജ്യമാകെയുള്ള നേതൃനിരയ്ക്കു മുമ്പാകെ രാഹുൽ ഗാന്ധി അധ്യക്ഷപദവി ഏറ്റെടുക്കുന്നതിനു പിന്നാലെ സംസ്ഥാനഘടകങ്ങളിലെ അഴിച്ചുപണി ആരംഭിക്കുമെന്ന സൂചനയാണു ശക്തം. കെപിസിസി പ്രസിഡന്റ് പദവിയിൽ മാർച്ച് 27ന് ഒരുവർഷം പൂർത്തിയാക്കുന്ന എം.എം. ഹസൻ തുടരുമോയെന്നതാണ് അറിയാനുള്ളത്. അക്കാര്യത്തിൽ എന്തുവേണമെന്നു കേരളത്തിലെ പ്രധാന നേതാക്കളോടു മുകുൾ വാസ്നിക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചോദിച്ചിരുന്നു. പുതിയയാളെ വയ്ക്കുന്നുവെങ്കിൽ എത്രയും വേഗം, അതല്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പുവരെ ഹസൻ തുടരട്ടെയെന്നാണു കൂടുതലാളുകളും പറഞ്ഞത്. 

ഇതു കൂടി മുന്നിൽക്കണ്ടാണു തന്റെ നേതൃത്വത്തിൽ മോചനയാത്ര ഹസൻ പ്രഖ്യാപിച്ചതെന്ന് ആരോപിക്കുന്നവരുണ്ട്. എന്നാൽ, കാലിയായ കെപിസിസി ഖജനാവാണു മറുപടിയായി ഹസൻ അവരോടു ചൂണ്ടിക്കാട്ടുന്നത്. കെപിസിസി പ്രസിഡന്റായി അദ്ദേഹം ചാർജെടുക്കുമ്പോൾ ആ അക്കൗണ്ട് ഏതാണ്ടു കാലിയായിരുന്നു. ശമ്പളത്തിനും അനാമത്തുചെലവിനുമായി പ്രതിമാസം വേണ്ട പത്തുലക്ഷത്തോളം രൂപ മൂന്നുമാസം കടം വാങ്ങേണ്ടിവന്നു. അപ്പോഴേക്കും കെപിസിസി അംഗത്വവിതരണത്തിലൂടെ കിട്ടിയ എൺപതുലക്ഷത്തോളം തുണയായി. ഖജനാവു നിറയ്ക്കാൻ ഓരോബൂത്തിലും അൻപതിനായിരം രൂപയുടെ കൂപ്പണാണു മോചനയാത്രയ്ക്കായി കൊടുത്തിരിക്കുന്നത്. ഇതിൽ ഒരു വിഹിതം കെപിസിസിക്കും ലഭിക്കും.

 ചെങ്ങന്നൂരെന്ന വെല്ലുവിളി

രാഹുൽ ഗാന്ധിയെത്തന്നെ ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനായി ചെങ്ങന്നൂരിലെത്തിക്കണമെന്ന ചിന്തയാണു നേതാക്കൾക്ക്. ഇവിടെ പതറിയാൽ അതു ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആത്മവിശ്വാസത്തെത്തന്നെ ബാധിക്കാം. കേരളത്തിലും പിന്തള്ളപ്പെട്ടാൽ പിന്നെ മറ്റിടങ്ങളിൽ നോക്കിയിട്ടു കാര്യവുമില്ലെന്ന മുന്നറിയിപ്പുമുയരാം. 2016 ൽ കോൺഗ്രസിന്റെ ഹിന്ദുവോട്ടുകൾ ബിജെപിയിലേക്കു ചോർന്നത് ഇത്തവണ ചെങ്ങന്നൂരിലെ ഡി. വിജയകുമാറിന്റെ സ്ഥാനാർഥിത്വത്തോടെ തടയാനാകുമെന്ന വിശ്വാസമാണു നേതാക്കൾക്ക്. 

തിരുവഞ്ചൂർ രാധാകൃഷ്ണനും ജോസഫ് വാഴയ്ക്കനുമാണ് അദ്ദേഹത്തെ വിജയിപ്പിക്കാനുള്ള സംഘടനാദൗത്യം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം. ഹസനും ഇനി കൂടുതൽ ദിവസവും ചെങ്ങന്നൂരിൽത്തന്നെയുണ്ടാകും. പ്ലീനറിയുടെ ആവേശം അവിടേക്കു കൂടുതലായി പകരാനുള്ള വക ഡൽഹിയിൽനിന്നുണ്ടാകുമോയെന്നാണ് അറിയേണ്ടത്.